മൺചട്ടിയിൽ ഉണ്ടാക്കാം നാടൻ രുചിയിൽ കക്ക ഇറച്ചി തോരൻ
Mail This Article
നാട്ടിലെങ്ങും ഇപ്പോൾ കക്കയിറച്ചി സീസൺ ആണല്ലോ? കക്ക പലരീതിയിൽ രുചികരമായി ഉണ്ടാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടൊരു വിഭവമാണ് കക്ക ഇറച്ചി കൊണ്ടുള്ള തോരൻ. ചോറിനൊപ്പം കഴിക്കാവുന്ന കക്ക ഇറച്ചി തോരൻ മിക്ക മലയാളികളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നുമാണ്. ദേശവും കാലവു മാറുന്നതിന് അനുസരിച്ച് കക്ക ഇറച്ചി തോരൻ ഉണ്ടാക്കുന്നതിലും ചില വ്യത്യസ്തകൾ ഉണ്ടാകും. അത്തരത്തിൽ വ്യത്യസ്തമായി കക്ക ഇറച്ചി തോരൻ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ:
- കഴുകി വൃത്തിയാക്കിയ കക്കയിറച്ചി - 250 ഗ്രാം
- ചെറിയ ഉള്ളി – വൃത്തിയാക്കിയത് അരകപ്പ്
- തേങ്ങ – അര മുറി
- തേങ്ങാക്കൊത്ത് – ആവശ്യത്തിന്
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി - 8 അല്ലി
- പച്ചമുളക് - 2 എണ്ണം
- മുളകുപൊടി - 1 ടീസ്പൂണ്‍
- മല്ലിപ്പൊടി - 3/4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
- ഉപ്പ്, കുരുമുളകുപൊടി - ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- കടുക്, വറ്റൽ മുളക് കറിവേപ്പില – ആവശ്യത്തിന്
- (ഇഞ്ചി, വെളുത്തുള്ളി അരച്ച് വയ്ക്കണം)
തയാറാക്കുന്ന വിധം
മൺചട്ടി അടുപ്പിൽ വച്ച് കടുക് വറുക്കാനായി അൽപം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക്, വറ്റൽ മുളക് എന്നിവയിട്ട പൊട്ടിച്ചെടുക്കുക. അതിലേക്ക് അരിഞ്ഞുവച്ച ചെറിയ ഉള്ളിയിട്ടുകൊടുക്കുക. ഉള്ളിയൊന്ന് ചൂടായി വരുമ്പോൾ അൽപം ഉപ്പും പച്ചമുളക് അരിഞ്ഞതും ഇടാം. അൽപം ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഇടാം, ബാക്കി തേങ്ങ അരയ്ക്കുമ്പോൾ ചേർക്കാൻ വയ്ക്കണം. അടുത്തത് തേങ്ങാ കൊത്ത് ചേർക്കണം.
സ്പൂൺ കൊണ്ട് നന്നായി ഇളക്കിയ ശേഷം അൽപനേരം അടച്ചു വയ്ക്കണം. ഉള്ളി പാകമായി കഴിഞ്ഞാൽ കഴുകിവച്ച കക്ക ഇറച്ചി ചേർക്കാം. അൽപം കൂടി ഉപ്പ് ചേർത്ത് അടച്ച് വേവിക്കുക. ഇഞ്ചി–വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, അൽപം കുരുമുളക് പൊടി എന്നിവ ചേർത്ത് തേങ്ങ അരച്ചെടുക്കുക.
കക്ക വെന്തു കഴിഞ്ഞെങ്കിൽ ഈ തേങ്ങ അരപ്പ് അതിലേക്ക് ചേർക്കാം. ഒരു അരക്കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി അടച്ച് വേവിക്കാം. അരപ്പ് നന്നായി കക്ക ഇറച്ചിയിൽ പിടിച്ചു കഴിഞ്ഞാൽ കറിവേപ്പിലയിട്ട് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.
English Summary : Kakka Irachi Recipe