തുവരപ്പരിപ്പ് കൊണ്ടും ബ്രെഡ് ഉണ്ടാക്കാം, വിഡിയോ വൈറല്‍!
Mail This Article
സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കുന്നു. ഉയർന്ന നാരുകളും ധാതുക്കളും കുറഞ്ഞ കൊഴുപ്പും കണക്കിലെടുക്കുമ്പോൾ ഇത് ആരോഗ്യകരമായ ഭക്ഷണമാണ്. കൂടാതെ വിശപ്പ് ശമിപ്പിക്കാനും ദഹനം കൂട്ടാനും അനാവശ്യമായ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പരിപ്പിലുള്ള റൈബോഫ്ലേവിൻ, നിയാസിൻ മുതലായവ കൊഴുപ്പിന്റെ അനാവശ്യ സംഭരണത്തെ തടയുന്നു, അതുവഴി ഊർജ നില വർധിപ്പിക്കുകയും കാർബോഹൈഡ്രേറ്റ് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലുള്ള ഓർഗാനിക് സംയുക്തങ്ങൾ ആന്‍റി ഇൻഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പരിപ്പ് കൊണ്ട് ബ്രെഡ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇത്തരമൊരു വ്യത്യസ്തമായ വിഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സ്വീറ്റി ക്രാഫ്റ്റ് എന്ന വ്ളോഗര്‍. ഈ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
ചേരുവകൾ
- 300 ഗ്രാം തുവരപ്പരിപ്പ്
- 1 ടീസ്പൂൺ ബേക്കിങ് പൗഡർ അല്ലെങ്കില്‍ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് വീര്യം കുറച്ച 1 ടീസ്പൂൺ ബേക്കിങ് സോഡ
- 2 ടേബിള്‍ സ്പൂണ്‍ എണ്ണ
തയാറാക്കുന്ന വിധം
- തുവരപ്പരിപ്പ് നന്നായി കഴുകി, വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ഇത് നന്നായി കുതിര്‍ന്ന ശേഷം അരിച്ചെടുക്കുക.
- ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. അല്‍പ്പം വെള്ളം ചേര്‍ക്കാം.
- ഇത് എണ്ണയോ വെണ്ണയോ പുരട്ടിയ ഒരു ബേക്കിംഗ് ട്രേയിലേക്ക് മാറ്റുക. മുകളില്‍ അല്‍പ്പം വെളുത്ത എള്ള് വിതറുക.
- ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ 35 മിനിറ്റ് വേവിക്കുക.