ജീവിതപങ്കാളിയോട് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത ആ കാര്യം ഇതാണ്...!!!
Mail This Article
അക്കൗണ്ട് തുടങ്ങാൻ മാത്രമേ രാധിക ബാങ്കിൽ പോയിട്ടുള്ളൂ. പണം നിക്ഷേപിക്കലും പിൻവലിക്കലുമെല്ലാം ഭർത്താവാണു ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എ ടി എമ്മിൽ നിന്ന് പതിനയ്യായിരം രൂപ പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന് ഉള്ളിൽ നിന്ന് എന്തൊക്കെയോ കുറേ ശബ്ദങ്ങൾ കേട്ടതല്ലാതെ പണമൊന്നും ഭർത്താവിന് ലഭിച്ചില്ല. മറ്റൊരു എ ടി എമ്മിൽ നിന്നു പിൻവലിക്കാൻ നോക്കിയപ്പോഴാവട്ടെ അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണു ലഭിച്ചത്.
ഇല്ലാത്ത പണമാണോ തന്നോട് പിൻവലിക്കാൻ ഭാര്യ ആവശ്യപ്പെട്ടതെന്ന നേരിയ ദേഷ്യം ഭർത്താവിനു തോന്നിപ്പോവുകയും ചെയ്തു. അതിനിടെ രാധികയ്ക്കാവട്ടെ, അക്കൗണ്ടിൽ നിന്ന് പണം കുറവു ചെയ്യപ്പെട്ടു എന്ന ബാങ്കിൽ നിന്നുള്ള എസ് എം എസ് സന്ദേശം ലഭിച്ചു കഴിഞ്ഞിരുന്നു. എ ടി എമ്മിൽ നിന്ന് പണമൊന്നും കിട്ടിയുമില്ല, അക്കൗണ്ടിൽ നിന്ന് കുറവു ചെയ്യപ്പെടുകയും ചെയ്തു എന്നു വന്നപ്പോൾ രാധികയ്ക്കും ഭർത്താവിനും ആധിയായി. ഉടനടി, ബാങ്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ച് കാര്യമറിയിച്ചു.
ഏഴു ദിവസത്തിനകം തുക കിട്ടും
ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ബാങ്കിൽ ഒന്നറിയിച്ചാൽ മതി, ഏഴു ദിവസത്തിനകം തുക അക്കൗണ്ടിൽ തിരികെ ഇട്ടു തരുന്നതാണെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് രാധികയ്ക്കും ഭർത്താവിനും ശ്വാസം നേരെ വീണത്.
ഏഴു ദിവസത്തിനകം അക്കൗണ്ടിൽ വരവു വച്ചു തന്നില്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം നൂറു രൂപ വീതം പിഴയും ബാങ്ക് തരുന്നതാണെന്നും കൂടി സുഹൃത്തു പറഞ്ഞപ്പോൾ, എന്നാൽ പിന്നെ ഒരു മാസം കഴിഞ്ഞിട്ടായാലും കിട്ടിയാൽ മതി പത്തു രണ്ടായിരം രൂപ ചുമ്മാ കിട്ടുമല്ലോ എന്ന് രാധികയും ഭർത്താവും തമാശയ്ക്കു പറഞ്ഞു ചിരിച്ചു.
ഏതായാലും പിറ്റേന്നു തന്നെ രാധിക ബാങ്കിൽ രേഖാമൂലം പരാതി നൽകി. ഏഴൊന്നും വേണ്ട, രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ പണം അക്കൗണ്ടിൽ മടങ്ങിയെത്തിക്കാണാറാണു പതിവെന്ന് ബാങ്കുദ്യോഗസ്ഥർ പറയുകയും ചെയ്തു.
പക്ഷേ പിറ്റേന്നു വൈകീട്ട് ബാങ്കിൽ നിന്ന് രാധികയ്ക്ക് ഫോൺ വന്നു. അവർ പരിശോധിച്ചതു പ്രകാരം എ ടി എമ്മിലെ തുകയെല്ലാം കൃത്യമാണെന്നും പതിനയ്യായിരം രൂപ അധികമായി കാണുന്നില്ലെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചത്.
സി സി ടി വി ദൃശ്യങ്ങൾ
പിറ്റേന്നു രാവിലെ തന്നെ രാധിക ഭർത്താവിനൊപ്പം ബാങ്കിലേയ്ക്കു ചെന്നു. തലേന്നു ഫോണിൽ പറഞ്ഞത് ആവർത്തിച്ചതു കൂടാതെ ബാങ്ക് അധികൃതർ തങ്ങളെ സി സി ടി വി ദൃശ്യങ്ങളിൽ കാണിച്ച കാര്യങ്ങൾ കണ്ടപ്പോൾ രാധികയ്ക്കു തല കറങ്ങിപ്പോയി.
ഭർത്താവ് ഫോണിൽ സംസാരിച്ചുകൊണ്ട് എ ടി എം ഇടപാടു നടത്തുന്നു. തുടർന്ന് ഏതാനും നിമിഷങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ പണത്തിനായി കാത്തുനിൽക്കുന്നു. പണം ലഭിക്കാത്തതിനാൽ കാർഡ് വലിച്ചെടുത്തുകൊണ്ട് പുറത്തേയ്ക്കു പോവുന്നു.
തുടർന്ന് മറ്റൊരാൾ പ്രവേശിക്കുന്നു. അയാൾ കാർഡ് ഇടാൻ തുടങ്ങുന്നതും മെഷീനിലുള്ള തുക കണ്ടതിനെ തുടർന്ന് ആദ്യം തെല്ലു പരിഭ്രമിച്ചെങ്കിലും അങ്ങോട്ടുമിങ്ങോട്ടും നോക്കി ആരും സമീപത്തില്ലെന്നു മനസിലാക്കി ദ്രുതഗതിയിൽ കൈക്കലാക്കുന്നതും കടന്നു കളയുന്നതും എല്ലാം നല്ല വെടിപ്പായി സി സി ടി വി യിൽ കാണാൻ കഴിയുന്നുണ്ട്. പക്ഷേ, മാസ്ക് ധരിച്ചിരിക്കുന്നതു കൊണ്ട് ആരാണയാൾ എന്നു വ്യക്തമല്ല. പണം മറ്റൊരാൾ കൈക്കലാക്കി എന്നതു വ്യക്തമായ സ്ഥിതിയ്ക്ക് പോലീസിൽ പരാതിപ്പെടാനാണു ബാങ്ക് ഉദ്യോഗസ്ഥർ രാധികയെ ഉപദേശിച്ചത്. സുഹൃത്ത് പറഞ്ഞതു പ്രകാരം പോലീസിലും ബാങ്കിംഗ് ഒംബുഡ്സ്മാനിലും പരാതി നൽകി.
ബാങ്കിംഗ് ഒംബുഡ്സ്മാൻ
എ ടി എമ്മിൽ നിന്ന് തുകയെടുത്തു കൊണ്ടുപോയ വ്യക്തി തന്റെ കാർഡ് എ ടി എമ്മിൽ ഉപയോഗിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ അയാളുടെ കാർഡ് വിവരങ്ങളും പേരും വിലാസവും മറ്റും തങ്ങൾക്കു സംഘടിപ്പിക്കാൻ പറ്റുമായിരുന്നെന്നും ഇതിപ്പോൾ ആളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ കേസ് മുന്നോട്ടു നീക്കാൻ വഴിയൊന്നും കാണുന്നില്ലെന്നുമായിരുന്നു പോലീസിൽ നിന്നു കിട്ടിയ അനൗദ്യോഗിക മറുപടി.
ബാങ്കിംഗ് ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും രാധികയ്ക്കു മാത്രമല്ല, ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനു പോലും പുതിയൊരു അറിവായിരുന്നു.
ഒരു വ്യക്തിയുടെ എ ടി എം കാർഡ്, പിൻ എന്നിവ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. രാധിക തന്റെ എ ടി എം കാർഡും പിന്നും മറ്റൊരു വ്യക്തിയ്ക്ക് കൈമാറിയതിലൂടെ ബാങ്കുമായുള്ള ഉടമ്പടി ലംഘിക്കുകയാണു ചെയ്തത്. അതിനാൽ രാധികയുടെ പരാതി പരിഗണിക്കുന്നതല്ല. ഇതായിരുന്നു ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി.
ഉപഭോക്തൃ കോടതിയിൽ പോയാലും ഇതു തന്നെയായിരിക്കും കേൾക്കേണ്ടി വരിക എന്നതിനാൽ ചെറിയൊരു അസുഖം വന്നപ്പോൾ ചികിത്സാചെലവായി പോയതാണ് ആ പതിനയ്യായിരം രൂപ എന്നു മനസിൽ കരുതി സമാധാനിച്ചുകളയാം എന്ന തീരുമാനത്തിലാണ് അവസാനം രാധികയും ഭർത്താവും എത്തിച്ചേർന്നത്.
ഈ കഥയിലെ ഗുണപാഠങ്ങൾ:
Not Transferable എന്ന് എ ടി എം കാർഡിൽ എഴുതിയിരിക്കുന്നതിന് അർത്ഥം ആർക്കും, അതായത് ഭാര്യ, ഭർത്താവ്, മക്കൾ ഉൾപ്പെടെ ആർക്കും തന്നെ കാർഡ് കൈമാറരുത് എന്നാണ്. അങ്ങനെ കൈമാറി ഉപയോഗിക്കുന്നതിലൂടെ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിന് ഉണ്ടായിരിക്കുന്നതല്ല. മാസ്ക് പോലെ തന്നെ ഡെബിറ്റ് കാർഡും കൈമാറി ഉപയോഗിക്കരുത് എന്നു ചുരുക്കം!
വാഹനമോടിക്കുമ്പോൾ എന്ന പോലെ തന്നെ പണമിടപാടുകൾ നടത്തുമ്പോഴും മൊബൈൽ സംസാരം ഒഴിവാക്കുക എന്ന കാര്യം കൂടി ശ്രദ്ധിക്കുന്നത് ധനനഷ്ടമൊഴിവാക്കാൻ നല്ലതാണ് എന്നതാണ് രണ്ടാമത്തെ ഗുണപാഠം !
English Summary : Never Share Your ATM Card Details with Nobody Else