ADVERTISEMENT

ന്യൂഡൽഹി∙ വാണിജ്യ, മാർക്കറ്റിങ് കോളുകളും മെസേജുകളും നിയന്ത്രിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗരേഖ കൊണ്ടുവരുന്നു. ഇതിന്റെ കരടുരൂപമായി. പരമ്പരാഗത കോൾ, എസ്എംഎസ് എന്നിവയ്ക്കു പുറമേ സമൂഹമാധ്യമങ്ങളിലെ വാണിജ്യ ആശയവിനിമയങ്ങൾക്കും ഇതിലെ പല വ്യവസ്ഥകളും ബാധകമാകും. വാട്സാപ് വഴിയുള്ള മാർക്കറ്റിങ് കോളുകൾ, മെസേജ് അടക്കം പരിധിയിൽ വരുമെന്നു ചുരുക്കം.

അംഗീകൃത ടെലിമാർക്കറ്റിങ് കോൾ/മെസേജ് ആണെങ്കിൽ പോലും വ്യക്തികൾക്ക് അത്തരം കോളുകൾ  ഒഴിവാകാനുള്ള സൗകര്യം നൽകണമെന്നാണ് കരടുനിർദേശങ്ങളിലൊന്ന്. ഉദാഹരണത്തിന് ഒരു വാഹനകമ്പനി അംഗീകൃത ടെലിമാർക്കറ്റിങ് നമ്പറിൽ നിന്ന് ഒരു വ്യക്തിയെ വിളിക്കുന്നുവെന്നു കരുതുക. ഇത്തരം കോളുകൾ ഭാവിയിൽ വരാതിരിക്കാൻ എന്താണ് ഓപ്ഷനെന്നു കൂടി വ്യക്തമായും ലളിതമായും ഈ കോളിൽ പറഞ്ഞിരിക്കണം. ഒഴിവാകാൻ ഉപയോക്താവ് തീരുമാനിച്ചാൽ, ഇനി കോൾ/മെസേജ് വരില്ലെന്ന കൺഫർമേഷൻ കമ്പനി നൽകണം.

നിലവിൽ പല ടെലിമാർക്കറ്റിങ് കോളുകളും നമുക്ക് താൽപര്യമില്ലെന്ന് വാക്കാൽ പറഞ്ഞാലും വീണ്ടും കോളുകൾ എത്തുന്ന സ്ഥിതിയുണ്ട്. മാർക്കറ്റിങ് ഇമെയിലുകളിൽ നിലവിലുള്ള 'Unsubscribe' ഓപ്ഷനു സമാനമായ സൗകര്യം കോളുകൾക്കും മെസേജുകൾക്കും വേണമെന്നാണ് വ്യവസ്ഥ.

മറ്റ് കരടുവ്യവസ്ഥകൾ

∙ ഏതെങ്കിലുമൊരു വാണിജ്യസ്ഥാപനം ഏജൻസികളെ ഉപയോഗിച്ച് മാർക്കറ്റിങ് ആശയവിനിമയം നടത്തിയാലും സ്ഥാപനത്തിനു ഏജൻസിക്കും വിഷയത്തിൽ ഒരുപോലെ ഉത്തരവാദിത്തമുണ്ടായിരിക്കും.

∙ ടെലിമാർക്കറ്റിങ്ങിന് കേന്ദ്ര ടെലികോം മന്ത്രാലയം അനുവദിച്ചിരിക്കുന്ന പ്രത്യേക സീരീസിലുള്ള നമ്പറിനു (ഉദാ: 140xxx) പകരം 10 അക്ക സാധാരണ മൊബൈൽ നമ്പറുകളിൽ നിന്ന് മാർക്കറ്റിങ് നടത്തുന്നത് ചട്ടവിരുദ്ധം.

∙ 'ഡു നോട്ട് ഡിസ്റ്റർബ്' (ഡിഎൻഡി) ഓപ്ഷൻ ഇനേബിൾ ചെയ്തിരിക്കുന്ന വ്യക്തിയെ അംഗീകൃത മാർക്കറ്റിങ് നമ്പറിൽ നിന്നു പോലും ബന്ധപ്പെടരുത്.

∙ അംഗീകൃത നമ്പറുകളിൽ നിന്ന് ബന്ധപ്പെടുമ്പോഴും കമ്പനിയുടെ പേരും, അനുബന്ധ വിവരങ്ങൾ, കോളിന്റെ ഉദ്ദേശം അടക്കം വ്യക്തമാക്കിയില്ലെങ്കിലും ചട്ടലംഘനമായി പരിഗണിക്കും.

English Summary:

Center to control marketing call/message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com