ഒരു കേരളക്കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; വില 91 രൂപ, പ്രാരംഭ വിൽപന നാളെ വരെ
Mail This Article
കേരളത്തിൽ നിന്നൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. കൊല്ലം പുനലൂർ ആസ്ഥാനമായ സോൾവ് പ്ലാസ്റ്റിക് പ്രൊഡക്ട്സ് (Solve Plastic Products) ആണ് പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) നടത്തി ഓഹരി വിപണിയിലെത്തുന്നത്.
ഓഗസ്റ്റ് 13ന് ആരംഭിച്ച ഐപിഒ നാളെ സമാപിക്കും. യുപിവിസി (uPVC) പൈപ്പുകളും ഹോസുകളും സോൾവന്റ് സിമന്റും വാട്ടർ ടാങ്കും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നിർമിച്ച് ബാൽകോ (BALCO) ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന കമ്പനിയാണ് സോൾവ്. ചെറുകിട കമ്പനികളുടെ ഓഹരികൾ ഉൾക്കൊള്ളുന്ന എസ്എംഇ ശ്രേണിയിലാണ് ഐപിഒ.
ഐപിഒയുടെ രണ്ടാംദിനം പൂർത്തിയായപ്പോഴേക്കും ചെറുകിട നിക്ഷേപകർ, സ്ഥാപനേതര നിക്ഷേപകർ എന്നിവരിൽ നിന്നുൾപ്പെടെ ഏഴര മടങ്ങിലേറെ അപേക്ഷകളാണ് ലഭിച്ചത്. പത്തുരൂപ മുഖവിലയുള്ള 13.02 ലക്ഷം പുതു ഓഹരികളാണ് (ഫ്രഷ് ഇഷ്യൂ) ഐപിഒയിലുള്ളത്.
മൊത്തം 11.85 കോടി രൂപയുടെ സമാഹരണമാണ് ഐപിഒയിലൂടെ കമ്പനിയുടെ ഉന്നം. ഓഹരി ഒന്നിന് 91 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1,200 ഓഹരിക്കായി അപേക്ഷിക്കാം. തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും. അതായത്, മിനിമം 1.09 ലക്ഷം രൂപയാണ് ചെറുകിട അപേക്ഷകർ മുടക്കേണ്ടത്. അതിസമ്പന്ന വ്യക്തികൾ (എച്ച്എൻഐ) മുടക്കേണ്ട മിനിമം തുക 2.18 ലക്ഷം രൂപ.
അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് അർഹരായവർക്ക് ഓഗസ്റ്റ് 19ന് ഡിമാറ്റ് അക്കൗണ്ടിൽ ഓഹരികൾ ലഭ്യമാക്കിയേക്കും. എൻഎസ്ഇ എസ്എംഇ സൂചികയിലായിരിക്കും സോൾവിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യുക. ഓഗസ്റ്റ് 21ന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു.
സോൾവിന്റെ ലാഭക്കണക്കുകളും ലക്ഷ്യവും
ഐപിഒയിലൂടെ സമാഹരിക്കുന്ന പണം മൂലധന ആവശ്യത്തിനും പ്ലാന്റ് വിപുലീകരണത്തിനും മെഷീനറികൾ വാങ്ങാനും ഉപയോഗിക്കും. സുധീർ കുമാർ ബാലകൃഷ്ണൻ നായർ (മാനേജിങ് ഡയറക്ടർ), സുശീൽ ബാലകൃഷ്ണൻ നായർ (മുഴുവൻ സമയ ഡയറക്ടർ), അരവിന്ദ് സുധീർ കുമാർ, ശങ്കർ സുധീർ കുമാർ, ഗോവിന്ദ് വിനോദ്കുമാർ (എക്സിക്യുട്ടീവ് ഡയറക്ടർമാർ), ബാലകൃഷ്ണൻ നായർ (നോൺ-എക്സിക്യുട്ടീവ് ഡയറക്ടർ) എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം മുൻവർഷത്തെ 60.77 കോടി രൂപയിൽ നിന്ന് 46.19 കോടി രൂപയായി കുറഞ്ഞിരുന്നു. എന്നാൽ ലാഭം 1.20 കോടി രൂപയിൽ നിന്നുയർന്ന് 1.42 കോടി രൂപയായി. ലാഭ മാർജിൻ 1.98 ശതമാനത്തിൽ നിന്ന് 3.08 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. എബിറ്റ്ഡ (നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം) മാർജിൻ 3.19ൽ നിന്ന് 5.60 ശതമാനമായതും നേട്ടമാണ്. കൊല്ലത്ത് പുനലൂർ, എടമൺ, കണ്ണൂരിൽ നാടുകാണി, തിരുനൽവേലിയിൽ കേശവപുരം എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്ലാന്റുകളുള്ളത്.