ADVERTISEMENT

രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ ക്രമാനുഗതമായി മുന്നേറി റെക്കോർഡ് നിരക്കിലേക്കുള്ള ദൂരം കുറച്ചു. മുൻ ആഴ്ചയിൽ 24,541 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,823 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 81000 പോയിന്റും പിന്നിട്ടു. 

വെള്ളിയാഴ്ച ഇൻഫ്രാ ഒഴികെയുള്ള മേഖലകള്‍ നഷ്ടം കുറിച്ചെങ്കിലും ഇന്ത്യൻ വിപണി നേരിയ നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. ഐടി വെള്ളിയാഴ്ച 1% വീണതാണ് ഇന്ത്യൻ വിപണിക്ക് മികച്ച ക്ളോസിങ് നിഷേധിച്ചത്. ഫെഡ് പ്രഖ്യാപനങ്ങളുടെ പിന്തുണയിൽ അമേരിക്കൻ വിപണി വെള്ളിയാഴ്ച മുന്നേറിയത് തിങ്കളാഴ്ച ഏഷ്യൻ വിപണികൾക്ക് മികച്ച തുടക്കം നൽകിയേക്കാം. ഐടി, ഫാർമ, മെറ്റൽ സെക്ടറുകൾക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളും തിങ്കളാഴ്ച മുന്നേറ്റ പ്രതീക്ഷയിലാണ്. 

അനുമാനം നേരിയ നിരക്കിൽ തെറ്റിയെങ്കിലും ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വീണ്ടും 57.9 നിരക്കിൽ നിൽക്കുന്നത് ഇന്ത്യൻ ഉല്‍പ്പാദന മേഖലയുടെ ശക്തമായ നിലയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും പ്രതീക്ഷയ്ക്കൊപ്പം നിന്നപ്പോൾ അമേരിക്കയുടെ ഓഗസ്റ്റിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 48 തോതിലേക്കിറങ്ങി ഓഗസ്റ്റിൽ 49.5 ആയിരുന്ന മാനുഫാക്ച്ചറിങ് പിഎംഐയുടെ അനുമാനവും അതെ നിരക്ക് തന്നെയായിരുന്നു.

ഫെഡ് നിരക്ക് കുറയ്ക്കും

കഴിഞ്ഞ ഫെഡ് യോഗത്തിൽ ‘ബഹുഭൂരിപക്ഷം’ അംഗങ്ങളും നിരക്ക് കുറക്കലിനെ ‘അനുകൂലിച്ചിരിക്കുന്നു’ എന്ന് ഫെഡ് മിനുട്സ് റിപ്പോർട്ട് ചെയ്തതിന്  പിന്നാലെ നിരക്ക് കുറക്കുന്നതിനുള്ള സമയം വന്നെത്തിയെന്ന ഫെഡ് ചെയർമാന്റെ പ്രസ്താവന വിപണിക്ക് ആവേശം നൽകി. പണപ്പെരുപ്പഭീഷണി അവസാനിച്ചെന്നും, എന്നാൽ തൊഴിൽ വിപണിയുടെ തകർച്ച സാധ്യത ഭീഷണിയായി മാറിയിട്ടുണ്ടെന്നും ജാക്സൺ ഹോൾ സിമ്പോസിയത്തിലെ പ്രസംഗത്തിൽ ഫെഡ് ചെയർമാൻ സൂചിപ്പിച്ചു. 

കോവിഡ് കാലഘട്ടത്തിൽ സാമ്പത്തിക ‘ഉത്തേജന’ത്തിനും, പിന്നീട് പണപ്പെരുപ്പ നിയന്ത്രണത്തിനും നേതൃത്വം നൽകിയതിലെ ചാരിതാർഥ്യം പങ്ക് വെച്ച ഫെഡ് ചെയർമാൻ നയം മാറ്റത്തിനുള്ള സൂചനയും നൽകി. അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ഫെഡിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2% കൈവരിക്കുന്നതിന് മുന്നോടിയായി ജൂലൈ മാസത്തിൽ 2.9%വും കുറിച്ചിരുന്നു. ഫെഡ് റിസർവ് സെപ്റ്റംബറിലെ അടുത്ത യോഗത്തിൽ 0.30%വും, 2024ൽ 1% വരെയും നിരക്ക് കുറച്ചേക്കാമെന്നാണ് വിപണി അനുമാനിക്കുന്നത്. 

stockmarket3

വീണ്ടും മാന്ദ്യഭയം

ഫെഡ് റിസർവ് വിഭാവനം ചെയ്തിരുന്നത് പോലെ അമേരിക്കയുടെ സാമ്പത്തിക വിവരക്കണക്കുകൾ ‘ക്രമപ്പെട്ടു’ കഴിഞ്ഞു എന്ന് ഫെഡ് ചെയർമാൻ അവകാശപ്പെടുമ്പോഴും അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഫെഡ് റിസർവ് നയങ്ങൾ അവതാളത്തിലാക്കിക്കഴിഞ്ഞു എന്ന ധാരണയും വിപണിയിൽ ശക്തമാണ്. അതിനാൽത്തന്നെ അമേരിക്കൻ ഇക്കണോമിയെ കൂടുതൽ അവതാളത്തിലാക്കാതിരിക്കാനായി ഫെഡ് റിസർവ് നിരക്ക് കുറക്കലിന് വേഗം കൂട്ടിയേക്കാവുന്നത് വിപണിക്ക് പ്രതീക്ഷയാണെങ്കിലും പെട്ടെന്നുള്ള നയം മാറ്റമുണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങളെക്കുറിച്ചും വിപണിയിൽ ആശങ്കകൾ ശക്തമാണ്. നിശ്‌ചിത വരുമാന സ്രോതസ്സുകളിൽ നിന്നും ഓഹരി വിപണിയിലേക്ക് പണമൊഴുകിയേക്കാവുന്നത് സാധ്യതയാണെങ്കിലും, സാമ്പത്തിക വിവരക്കണക്കുകളും, ബാങ്കിങ് മേഖലയിൽ നിന്നുമുള്ള സൂചനകളുമായിരിക്കും വിപണിയുടെ ഗതി നിർണയിക്കുക.

അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ഓഗസ്റ്റിൽ വീണ്ടും ലക്‌ഷ്യം തെറ്റിയത് മാന്ദ്യഭയം വീണ്ടും ആളിച്ചത് വ്യാഴാഴ്ച അമേരിക്കൻ വിപണിയുടെ കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങളും നഷ്ടമാക്കിയിരുന്നു. തൊഴിൽ വിപണിയിലെ കണക്കിലെ മാറ്റങ്ങളും വിപണി ആശങ്കയോടെയാണ് കാണുന്നത്. 

ലോകവിപണിയിൽ അടുത്ത ആഴ്ച 

∙അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന പണപ്പെരുപ്പ സൂചനയായ പിസിഇ ഡേറ്റ വെള്ളിയാഴ്ച വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

∙ഫെഡ് അംഗമായ ക്രിസ്റ്റഫർ വാലർ ബുധനാഴ്ചയും, റാഫേൽ ബോസ്റ്റിക്ക് വ്യാഴാഴ്ചയും സംസാരിക്കാനിരിക്കുന്നതും, അമേരിക്കൻ ഭവനവില സൂചിക ബുധനാഴ്ചയും, അമേരിക്കൻ ജിഡിപി വ്യാഴാഴ്ചയും വിപണിയെ സ്വാധീനിച്ചേക്കാം. 

∙ജർമൻ സിപിഐ ഡേറ്റ ചൊവ്വാഴ്ചയും, ജർമൻ, സ്പാനിഷ് സിപിഐ ഡേറ്റകൾ വ്യാഴാഴ്ചയും, ഫ്രഞ്ച് ജിഡിപി, സിപിഐ ഡേറ്റകൾ വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.

stockmarket4

∙കൊറിയൻ, ജാപ്പനീസ് വ്യവസായികോല്പാദനക്കണക്കുകൾ വെള്ളിയാഴ്ച ഏഷ്യൻ വിപണിയെയും സ്വാധീനിക്കും.

ഓഹരികളും സെക്ടറുകളും 

∙മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഇന്ത്യ ഇൻഡക്സ് റീജിഗ്‌ ഓഗസ്റ്റ് 28ന് നടക്കാനിരിക്കുന്നത് സൂചികയിൽ ഉൾപ്പെട്ട ഓഹരികൾക്കും, വെയിറ്റേജ് വർധിക്കുന്ന എച്ച്ഡിഎഫ്സി ബാങ്കിനും അനുകൂലമാണ്. ആർവിഎൻഎൽ, ഓയിൽ ഇന്ത്യ, ഡിക്‌സൺ, ഓഎഫ്എസ്എസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, സൈഡസ് ലൈഫ്, ഐഡിയ മുതലായ ഓഹരികളും എംഎസ്സിഐ ഇന്ത്യ ഇൻഡക്സിൽ ഉൾപ്പെടുന്നു

∙എഫ്ടിഎസ്ഇയുടെ ലാർജ് ക്യാപ് ഇൻഡക്സിൽ ആർവിഎൻഎൽ, മാസഗോൺ ഡോക്സ്, ഭാരത് ഡൈനാമിക്സ്, ഓയിൽ ഇന്ത്യ, തെർമാക്സ്, ഡിക്‌സൺ, ലിൻഡെ ഇന്ത്യ, ജിൻഡാൽ സ്റ്റെയിൻലെസ്, പോളിസി ബസാർ തുടങ്ങി പതിന്നാല് പുതിയ ഓഹരികൾ ഇടം പിടിച്ചു. സെപ്റ്റംബർ ഇരുപതിനാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. 

stockmarket10

∙എഫ്ടിഎസ്ഇയുടെ ലാർജ് ക്യാപ് ഇൻഡക്സിൽ നിന്നും ഒഴിവാക്കിയ അദാനി വിൽമർ, പേ ടിഎം, ടാറ്റ എൽഎക്സി, പേജ്, യൂപിഎൽ മുതലായ ഓഹരികൾക്കൊപ്പം കൊച്ചിൻ ഷിപ്യാർഡ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഹഡ്കോ, ഐആർബി ഇൻഫ്രാ, കീ, മോട്ടിലാൽ ഒസ്വാൾ തുടങ്ങി പതിനേഴ് ഓഹരികള്‍ എഫ്ടിഎസ്ഇ മിഡ് ക്യാപ് സൂചികയിലും ഇടം പിടിച്ചു. . 

∙റൈറ്റ്സ്, റെയിൽ ടെൽ, ഷിപ്പിങ് കോർപ്, ചെന്നൈ പെട്രോ, ഗാർഡൻ റീച്, സ്നീഡർ ഇലക്ട്രിക്, മാർക്‌സൻസ്, എയ്‌സ്‌, ആസ്ട്ര മൈക്രോ, ഉജ്ജീവൻ എസ്എഫ്ബി, ഓറിയോൺ പ്രൊ, പ്രികോൾ, മൈൻഡാ കോർപ്, സെൻ ടെക്, വബാഗ്, ടെക്സ്മാകോ മുതലായ 48 ഓഹരികൾ എഫ്ടിഎസ്ഇയുടെ സ്‌മോൾ  ക്യാപ് ഇൻഡക്സിലും ഇടം പിടിച്ചു.  

∙ഫെഡ് നിരക്ക് കുറയ്ക്കുമെന്നത് രാജ്യാന്തരവിപണിയിൽ ബേസ് മെറ്റലുകളുടെ വില വർധിക്കുന്നത് ഇന്ത്യൻ ലോഹ ഓഹരികൾക്കും അനുകൂലമാണ്. 

∙ഭാരത് ഇലക്ട്രോണിക്സ് 695 കോടി രൂപയൂടെ പുതിയ പ്രതിരോധ കരാർ കൂടി നേടിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് വരെ 5920 കോടി രൂപയുടെ കരാറുകൾ സ്വന്തമാക്കി. സെപ്റ്റംബറിൽ നിഫ്റ്റി-50യിൽ ഡിവിസ് ലാബിന് ബദലായി ഇടംപിടിക്കുമെന്ന് കരുതുന്ന ബിഇഎല്ലിന്റെ മൊത്തം ഓർഡർ ബുക്ക് ജൂലൈ ഒന്നിന് 76,705 കോടി രൂപയുടേതായിരുന്നു.

∙അമേരിക്കയുമായി സെക്യൂരിറ്റീസ് ഓഫ് സപ്ലൈസ് എഗ്രിമെന്റ് ഒപ്പിട്ടത് തേജസ് യുദ്ധ വിമാനങ്ങൾക്കായുള്ള എഞ്ചിനുകൾ ജനറൽ ഇലക്ട്രിക്കിൽ നിന്നും വേഗത്തിൽ ലഭ്യമായേക്കാവുന്നത് എച്ച്എഎലിന് അനുകൂലമാണ്. 

∙എൻടിപിസിയുടെ 300 മെഗാവാട്ട് ഹൈബ്രിഡ് പദ്ധതിയുടെ കരാർ ലഭ്യമായത് ജെഎസ്ഡബ്ലിയു നിയോ എനർജിക്ക് അനുകൂലമാണ്. 

stockmarket-Copy

∙കെഇസി ഇന്റർനാഷണലിന് 1079 കോടി രൂപയുടെ പുതിയ ഓർഡർ ലഭ്യമായത് ഓഹരിക്ക് അനുകൂലമാണ്. 

∙അംബുജ സിമെന്റിന്റെ 1.5% ഓഹരികൾ കൂടി ജിക്യുജി പാർട്നേഴ്സ് സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. ഹിൻഡൻബെർഗ് പ്രശ്നത്തിൽപ്പെട്ടപ്പോൾ അദാനിക്ക് പിൻതുണയുമായെത്തിയ ജിക്യുജി പാർട്നേഴ്സ് ആറ് അദാനി കമ്പനികളിലായി 62000 കോടി രൂപയുടെ ഓഹരികൾ കൈയാളുന്നു. 

∙സൈന്റ് ഡിഎൽഎമ്മിന്റെ പ്രൊമോട്ടർമാരായ സൈന്റ് വില്പന നടത്തിയ ഓഹരിയിൽ നിന്ന് മോർഗൻ സ്റ്റാൻലി ഓഹരി വാങ്ങിയത് കമ്പനിക്ക് അനുകൂലമാണ്. 

∙ഒല ഇലക്ട്രിക്ക് ഇഷ്യു വിലയിൽ നിന്നും 100% മുന്നേറ്റം നേടിയ ശേഷം ക്രമപ്പെടുകയാണ്. ലാഭത്തിലായിട്ടില്ലാത്ത കമ്പനിയുടെ പുതിയ പദ്ധതികളും, ഉത്പന്നങ്ങളും പ്രഖ്യാപിക്കപ്പെട്ടതും ഓഹരിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. 

∙റിവോൾട്ട് ബൈക്ക് നിർമാതാക്കളായ രത്തൻഇന്ത്യ എന്റർപ്രൈസിന്റെ വരുമാനം മുൻവർഷത്തിൽ നിന്നും, മുൻ പാദത്തിൽ നിന്നും ഇരട്ടിയായത് ഓഹരിയുടെ അറ്റാദായത്തിലും വൻ വർദ്ധനവിന് കാരണമായത് ഓഹരിക്ക് പ്രതീക്ഷയാണ്.

ക്രൂഡ് ഓയിൽ 

ഫെഡ് ചെയർമാന്റെ ജാക്സൺ ഹോൾ സിമ്പോസിയത്തിലെ നിരക്ക് കുറയ്ക്കൽ അനുകൂല പ്രസ്താവനകളുടെ പിൻബലത്തിൽ രണ്ടര ശതമാനം മുന്നേറിയ ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിലെ നഷ്ടം ഗണ്യമായി കുറച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ബേസ് മെറ്റലുകൾ 

രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച മാത്രം അലുമിനിയം 2%ൽ കൂടുതൽ മുന്നേറ്റം നേടിയതോടെ കഴിഞ്ഞ ആഴ്ചയിലെ നേട്ടം 7% കടന്നു. രാജ്യാന്തര വിപണിയിൽ പല്ലാഡിയം വെള്ളിയാഴ്ച മൂന്നര ശതമാനം മുന്നേറ്റം നേടിയപ്പോൾ വെള്ളിയും, കോപ്പറും, പ്ലാറ്റിനവും ഒരു ശതമാനത്തിൽ കൂടുതലും മുന്നേറി. 

സ്വർണം 

ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങൾ ഡോളറിന് സമ്മർദ്ദം നൽകിയത് ഇന്നലെ സ്വർണത്തിന് വീണ്ടും തിരിച്ചു വരവ് നൽകിയതോടെ ഈയാഴ്ച റെക്കോർഡ് ഉയരം സ്വന്തമാക്കിയ സ്വർണം ആഴ്ചനഷ്ടമൊഴിവാക്കി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2548 ഡോളറിനാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

ഐപിഓ

സോളാർ ബാറ്ററിയും, പാനലുകളും നിർമിക്കുന്ന പ്രീമിയർ എനർജീസിന്റെയും, കാർ റെന്റൽ കമ്പനിയായ ഇക്കോ മൊബിലിറ്റിയുടെയും ഐപിഓകൾ അടുത്ത ആഴ്ചയിൽ നടക്കും.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Fed Chair Jerome Powell signals "time has come" for interest rate cuts, Know How Indian Share Market will Respond Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com