ധോണി ഫാൻസ് ആപ്പുമായി മലയാളി; ആപ്പിന്റെ ലോഞ്ച് നാളെ മുംബൈയിൽ, ധോണിക്കൊപ്പം പ്രിയതാരം സഞ്ജുവും വേദിയിൽ- വിഡിയോ

Mail This Article
കൊച്ചി ∙ മഹേന്ദ്ര സിങ് ധോണിയുടെ കട്ടഫാനും സുഹൃത്തുമാണ് പാലാക്കാരൻ സുഭാഷ് മാനുവൽ. വർഷങ്ങൾ നീണ്ട സൗഹൃദയാത്രയ്ക്കിടെ, പ്രവാസി വ്യവസായി കൂടിയായ സുഭാഷ് ഒരു ആശയം ധോണിയോട് പങ്കുവച്ചു– ‘‘ ധോണിയുടെ ജീവിതത്തിലെ അപൂർവചിത്രങ്ങളും മുഹൂർത്തങ്ങളും ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ഒരു മൊബൈൽ ആപ് നമുക്കു ഡിസൈൻ ചെയ്യാം’’– അൽപം പോലും ആലോചിക്കാതെ ധോണി സുഭാഷിന് കൈ കൊടുത്തു.
സുഭാഷ് നേതൃത്വം നൽകുന്ന സിംഗിൾ ഐഡി വികസിപ്പിച്ച ധോണി ആപ്പിന്റെ ലോഞ്ച് നാളെ മുംബൈയിൽ നടക്കുമ്പോൾ ധോണിക്കൊപ്പം സഞ്ജു സാംസണുമെത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും ആരാധകർക്കുമായി മൊബൈൽ ആപ് പുറത്തിറങ്ങുന്നതെന്ന് സുഭാഷ് പറയുന്നു. ധോണി ലൈവിൽ വരുമ്പോൾ ആരാധകർക്കു സംവദിക്കാനും അവസരമുണ്ടാകും.
ഗൂഗിൾപ്ലേ സ്‌റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ആപ്പ് സൗജന്യമായി ഉപയോഗിക്കാനാകുമെന്ന് സിംഗിൾ ഐഡി സ്ഥാപകൻ സുഭാഷും സിഇഒ: ബിഷ് സ്മെയറും പറഞ്ഞു. കൊച്ചി ബ്ലൂടൈഗേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ സുഭാഷ് അഭിഭാഷകനാണ്.