അർജന്റീന ലോകകപ്പ് ഫൈനലിലെത്തി; കടലിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകൻ
Mail This Article
മലപ്പുറം∙ ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ തന്റെ ഇഷ്ട ടീം ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കും. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ ആഗ്രഹം പോലെ ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ച് മെസ്സിപ്പട ഫൈനലിലെത്തി.
ഇപ്പോഴിതാ തന്റെ പ്രഖ്യാപനവും പാലിച്ചിരിക്കുകയാണ് സ്വാദിഖും സംഘവും. അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കട്ടൗട്ട് അവർ സ്ഥാപിച്ചു കഴിഞ്ഞു. ആഴക്കടലിനു തൊട്ടു മുൻപുള്ള ‘അദ്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ റൊസാരിയോയിലെ രാജകുമാരൻ തിളങ്ങി നിൽക്കുന്നു. സ്കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.
കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിന്റെ അർജന്റീന സ്നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് സ്വാദിഖ് പറയുന്നു. കവരത്തിയിലെ സർക്കാർ സ്കൂളിൽ കായികവിഭാഗത്തിൽ ജീവനക്കാരനാണ് സ്വാദിഖ്. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന വ്ലോഗർ കൂടിയാണ്.
English Summary: Lionel Messi cutout at Lakshadweep sea