ആ കണ്ണീർ തോൽവിയുടെ സങ്കടമായിരുന്നില്ല: ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ദാസേട്ടൻ!
Mail This Article
കൊച്ചി.‘പ്രതികൂല സാഹചര്യങ്ങൾക്ക് എളുപ്പത്തിൽ കീഴടങ്ങുന്ന ആളല്ല ഞാൻ. എങ്കിലും, ആ കണ്ണീർ പൊഴിച്ചത് എന്റെ അമ്മയോടുള്ള സ്‌നേഹം കൊണ്ടാണെന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തോൽവിയുടേതായിരുന്നില്ല, എന്റെ അമ്മ അപമാനിക്കപ്പെടുന്നതു കണ്ടതിന്റെ വേദനയാണ്. ഞങ്ങളെ ബന്ധിപ്പിക്കുന്ന മൂല്യങ്ങൾ തിരിച്ചറിയാൻ ഞാൻ എതിരാളിയോട് അഭ്യർഥിക്കുന്നു’ – ഇൻസ്റ്റഗ്രാമിൽ കുറിച്ച, ഹൃദയത്തിൽ നിന്നുള്ള ഈ വരികൾക്കപ്പുറം ഒരു മറുപടിക്കും നിൽക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് താരം പ്രബീർ ദാസ്.
ഐഎസ്എലിൽ മുംബൈയ്ക്കെതിരായ പോരാട്ടത്തിനു ശേഷം പൊട്ടിക്കരഞ്ഞതിനു പിന്നാലെയാണ് അതിന്റെ കാരണം വ്യക്തമാക്കി പ്രബീർ ദാസ് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. മുംബൈ താരം അമ്മയെ അധിക്ഷേപിച്ചതിൽ മനം നൊന്തായിരുന്നു പ്രബീറിന്റെ കണ്ണീരും മറുപടിയും. വിദേശതാരങ്ങളായ റോയ് കൃഷ്ണയും ഹാവി ഹെർണാണ്ടസും ഉൾപ്പെടെയുള്ളവർ പ്രബീറിനെ ആശ്വസിപ്പിച്ചു രംഗത്തെത്തുകയും ചെയ്തു.
എന്നാൽ ആ മത്സരത്തിൽ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ് താരം. ‘ കളത്തിൽ ഏറ്റവും ബെസ്റ്റ് പ്രകടനം പുറത്തെടുക്കുന്നതിനാണ് എന്റെ പ്രഥമ പരിഗണന. ടീമിന് ഏറ്റവും നല്ല ഫലം ലഭിക്കണം’ – വിവാദത്തിനു പിന്നാലെ പോകാത്തതിനു പിന്നിലെ നയം പ്രബീർ വ്യക്തമാക്കുന്നു.
മുംബൈ ഫുട്ബോൾ അരീനയിലെ കണ്ണീരിലല്ല, കലൂർ നെഹ്റു സ്റ്റേഡിയത്തിലെ ‘ഉത്സവ’ത്തിൽ അലിയാനാണു പ്രബീർ കൊതിക്കുന്നത്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിൽ രണ്ടു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ആരാധകരുടെ ‘നോട്ടപ്പുള്ളി’യായി മാറിക്കഴിഞ്ഞു ഈ ബംഗാളി റൈറ്റ് ബാക്ക്. കളത്തിലെ വിജയാഘോഷങ്ങളിലും വാഗ്വാദനിമിഷങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ നായകനാണു പ്രബീർ ദാസ്. ആരാധകരുടെ മനസ്സ് കീഴടക്കിയ ഈ ആവേശം കളത്തിൽ മാത്രമുള്ള ഒന്നല്ല, തന്റെ കൂടപ്പിറപ്പിറപ്പാണെന്നു പറയും പ്രബീർ. കൊൽക്കത്തയിലെ സോദ്പുരിൽ ജനിച്ച പ്രബീറിനു കേരളം സ്വന്തം നാടു പോലെ തോന്നുന്നതിനുമൊരു കാരണമുണ്ട്. ‘കേരളത്തിന് ഫുട്ബോൾ ഒരു ഉത്സവമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്തുമാത്രം ആവേശത്തോടെയാണ് കാണികൾ ഓരോ മത്സരത്തിനുമെത്തുന്നത്. അവർ പകരുന്ന ഊർജത്തിൽ ടീമിന്റെ ഊർജവും തനിയെ ഇരട്ടിക്കും’ – മലയാളികളുടെ സ്നേഹം നേരിൽ കാണിക്കാൻ മാതാപിതാക്കളെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണു പ്രബീർ ദാസ്.
ബ്ലാസ്റ്റേഴ്സ് ആരാധകർ ‘ദാസേട്ടൻ’ എന്ന വിശേഷണം സമ്മാനിച്ചതും ആവേശത്തോടെയാണ് ഈ ഇരുപത്തിയൊൻപതുകാരൻ സ്വീകരിക്കുന്നത്. ‘ യേശുദാസ് സാറിനെക്കുറിച്ച് എനിക്കറിയാം. അദ്ദേഹത്തിന്റെ ചില പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട്. ബംഗാളിയിലെ ‘ദാസ് ദാദ’ എന്ന പോലെയാണല്ലോ ഈ ദാസേട്ടൻ വിളി. ആരാധകർ എനിക്കു നൽകുന്ന സ്നേഹത്തിനും വാത്സല്യത്തിനും ഏറെ നന്ദി. ടീമിനായി നല്ല പ്രകടനങ്ങളിലൂടെ ഈ സ്നേഹം തിരികെ നൽകാനാണു ശ്രമം’. യേശുദാസിന്റെ പാട്ട് കേട്ടിട്ടുണ്ടെന്ന പ്രബീറിന്റെ വാക്കുകൾ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജ് പിന്തുടരുന്നവർ അതു ശരിവയ്ക്കും. കാരണം മലയാള സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തിലുള്ള റീൽസിന്റെ ആഘോഷമാണ് ആ പേജിൽ. റീൽസ് കാണുന്ന ആരാധകരിൽ പലരും പ്രബീറിനോടു ചോദിക്കുന്നത് രണ്ടു ചോദ്യമാണ്. ഒന്നു കൂടെയുള്ള പെൺകുട്ടി ആരാണ്, മറ്റൊന്ന് മലയാളം പാട്ടുകൾ തിരഞ്ഞെടുക്കുന്നതാര്. ഗീതാശ്രീ എന്നാണ് ആദ്യ ചോദ്യത്തിന്റെ ഉത്തരം. പ്രബീറിന്റെ ഗേൾഫ്രണ്ട്. ബംഗാളി നടിയാണു ഗീതാശ്രീ. രണ്ടാം ചോദ്യത്തിനുള്ള പ്രബീറിന്റെ ഉത്തരം – ‘ ഒരു വലിയ രഹസ്യമാണത്. ഒരുപക്ഷേ, പിന്നീടൊരിക്കൽ ഞാൻ തന്നെയതു വെളിപ്പെടുത്താം’ !