ഹൈജംപ് സ്വർണം യുദ്ധത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങൾക്ക് സമർപ്പിച്ച് മാഹുച്ചിഖ്; യുക്രെയ്നിൽ ആഘോഷം
Mail This Article
പാരിസ്∙ യാരോസ്‍ലാവ മാഹുച്ചിഖ് 2 മീറ്റർ ഉയർന്നു ചാടി ഹൈജംപ് ബാറിനു മുകളിലൂടെ സ്വർണത്തിലേക്കു ലാൻഡ് ചെയ്തപ്പോൾ യുക്രെയ്നിലെ 1.6 ലക്ഷം കണ്ഠങ്ങളിൽ വിജയാരവം മുഴങ്ങി. നിലവിലുള്ള ലോകചാംപ്യനായ മാഹുച്ചിഖ് ഈ ഒളിംപിക്സിൽ യുക്രെയ്നിന്റെ ആദ്യത്തെ വ്യക്തിഗത സ്വർണം നേടിയ നിമിഷം യുദ്ധക്കെടുതികൾക്കിടയിലും ഇത്രയും പേർ തത്സമയം കാണുന്നുണ്ടായിരുന്നു.
തുടർന്ന്, ഹൈജംപിൽ വെങ്കലം നേടിയ ഇറിന ഗെരഷെങ്കോയ്ക്കും ഹാമർ ത്രോയിൽ വെങ്കലം നേടിയ മിഖൈലോ കോഖാനുമൊപ്പം യുക്രെയ്ൻ ദേശീയപതാകകളുമായി മാഹുച്ചിഖ് നാട്ടുകാർക്കു വേണ്ടി സ്താദ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിൽ വിജയം ആഘോഷിച്ചു.
ഒരു മാസം മുൻപ് താൻ സൃഷ്ടിച്ച 2.10 മീറ്റർ എന്ന ലോക റെക്കോർഡ് തിരുത്താൻ അവസരമുണ്ടായിട്ടും മാഹുച്ചിഖ് അതിനു മുതിരാതെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ടോക്കിയോയിൽ വെങ്കലം നേടിയിട്ടുള്ള താരത്തിന്റെ ആദ്യത്തെ ഒളിംപിക് സ്വർണമാണിത്. കഴിഞ്ഞ വർഷം ലോക ചാംപ്യൻഷിപ്പിലും സ്വർണമണിഞ്ഞു.
യുക്രെയ്നിലെ നിപ്രോ നഗരത്തിൽ താമസിച്ചിരുന്ന മാഹുച്ചിഖ് റഷ്യൻ ആക്രമണത്തെത്തുടർന്ന് രാജ്യം വിട്ടതാണ്. തന്റെ സ്വർണനേട്ടം യുദ്ധത്തിൽ കൊല്ലപ്പെട്ട അഞ്ഞൂറോളം കായികതാരങ്ങൾക്കു സമർപ്പിക്കുന്നതായി മാഹുച്ചിഖ് പറഞ്ഞു.