സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാം ബ്ലാക്ക് സീഡ് ഓയില്‍; ഏഴു ഗുണങ്ങൾ ഉറപ്പ്
Mail This Article
മുടിയും ചര്‍മവും കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഒരുപാട് ബ്യൂട്ടി പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ പലരും പണം കൊടുത്ത് പല ബ്രാന്‍ഡുകളും വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. സൗന്ദര്യ സംരക്ഷണത്തിന് യാതൊരു കെമിക്കലുമില്ലാത്ത പ്രകൃതിദത്ത പോംവഴിയാണോ നിങ്ങള്‍ നോക്കുന്നത്? അങ്ങനെയെങ്കില്‍ ബ്ലാക്ക് സീഡ് ഓയില്‍ അഥവാ കരിഞ്ചീരക എണ്ണയെക്കാള്‍ മികച്ചൊരു പോംവഴിയില്ല. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ചര്‍മസംരക്ഷണ ദിനചര്യകളിലും നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഒരു രഹസ്യമാണ് ബ്ലാക്ക് സീഡ് ഓയില്‍.
കരുവാളിപ്പ് ഒഴിവാക്കി മുഖം കൂടുതല്‍ മിനുസപ്പെടുത്തുന്നതിനും മുഖക്കുരു തടയുന്നതിനും മുടി നന്നായി വളരുന്നതിനുമെല്ലാം കരിഞ്ചീരക എണ്ണ ഏറെ ഗുണം ചെയ്യുന്നു. ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്നു തടിച്ച പാടുകള്‍ എന്നിവയൊക്കെ ഉള്ളവര്‍ ബ്ലാക്ക് സീഡ് ഓയില്‍ നേരിട്ട് അപ്ലൈ ചെയ്യുന്നത് ഗുണം ചെയ്യും. ബ്ലാക്ക്സീഡ് ഓയിൽ ഉപയോഗിച്ചാലുള്ള 7 പ്രധാന ഗുണങ്ങൾ
Read More : ഇനിയില്ല ആ കറുത്ത കുത്തുകൾ; ബ്ലാക്ക്ഹെഡ്‌സ് നീക്കി ചർമം തിളക്കമുള്ളതാക്കാൻ 6 കാര്യങ്ങൾ!
1. മുഖക്കുരു സുഖപ്പെടുത്തുന്നു
ബ്ലാക്ക് സീഡ് ഓയിലിന്റെ കൃത്യമായ ഉപയോഗത്തിലൂടെ മുഖക്കുരു പാടെ ഒഴിവാക്കാന്‍ സാധിക്കും. മുഖത്തെ സുഷിരങ്ങളില്‍ എണ്ണ അടിഞ്ഞുകൂടുകയും ഈ സുഷിരങ്ങള്‍ അടഞ്ഞുപോവുകയും അവിടെ ബാക്ടീരിയ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ ബ്ലാക്ക് സീഡ് ഓയിലിന് കഴിയും. ഇത് മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കും.
2. ഇരുണ്ട പാടുകള്‍ നീക്കുന്നു
ഏത് നിറത്തിലുള്ള ചര്‍മമുള്ളവരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് മുഖത്തെ ഇരുണ്ട പാടുകള്‍. അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ അല്ലെങ്കില്‍ നേരത്തെയുണ്ടായ മുഖക്കുരുവിന്റെ പാടുകള്‍ എന്നിവ മൂലമാണ് സാധാരണയായി ഇത്തരം പാടുകള്‍ മുഖത്തുണ്ടാകുന്നത്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ബ്ലാക്ക് സീഡ് ഓയിലിന് ഈ പാടുകള്‍ നീക്കാന്‍ സാധിക്കും.
3. ചര്‍മത്തിന്റെ വാർധക്യം മന്ദഗതിയിലാക്കുന്നു
ബ്ലാക്ക് സീഡ് ഓയിലിന്റെ മറ്റൊരു പ്രധാന ഗുണം ചര്‍മത്തിന്റെ വാർധക്യലക്ഷണങ്ങളെ മന്ദഗതിയിലാക്കാനുള്ള കഴിവാണ്. ഉയര്‍ന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ബ്ലാക്ക് സീഡ് ഓയില്‍ വാര്‍ധക്യം തടയാന്‍ സഹായിക്കുന്നു. സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, ചിലപ്പോള്‍ മോശം ഭക്ഷണക്രമം അല്ലെങ്കില്‍ തെറ്റായ ചര്‍മസംരക്ഷണം എന്നിവയെല്ലാം ചര്‍മത്തിന് വാർധക്യം തോന്നിക്കാന്‍ കാരണമാകാം. ബ്ലാക്ക് സീഡ് ഓയിലിന്റെ ഉപയോഗം വഴി ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനും കഴിയുന്നു.
4. സോറിയാസിസ്, എക്‌സിമ ലക്ഷണങ്ങള്‍ നീക്കുന്നു
സോറിയാസിസും എക്‌സിമയും വെവ്വേറെ രോഗനിര്‍ണയങ്ങളാണെങ്കിലും രണ്ടും താരതമ്യേന വിട്ടുമാറാത്ത ത്വക്ക് രോഗാവസ്ഥകളാണ്. ഇത് ചൊറിച്ചില്‍, ചര്‍മത്തിലെ വരണ്ട പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ ബ്ലാക്ക് സീഡ് ഓയിലിന്റെ ഉപയോഗം സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഇഫക്റ്റുകള്‍ ചര്‍മത്തിലേല്‍ക്കുന്ന ആഘാതം കുറയ്ക്കാനും മുറിവ് ഉണക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്നു.
5. ചര്‍മത്തെ മൃദുവും ഈര്‍പ്പമുള്ളതുമാക്കുന്നു
ബ്ലാക്ക് സീഡ് ഓയിലില്‍ ധാരാളം ഗുണം ചെയ്യുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ഘടന മൃദുവും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.
6. മുടിയുടെ നീളവും ഉള്ളും കൂട്ടുന്നു
ബ്ലാക്ക് സീഡ് ഓയിലിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. മുടി കൂടുതല്‍ വേഗത്തിലും നീളത്തിലും വളരാന്‍ സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ബ്ലാക്ക് സീഡ് ഓയില്‍. തലയോട്ടിയില്‍ ഹെയര്‍ മാസ്‌കായി ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ബ്ലാക്ക് സീഡ് ഓയില്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ തിളക്കവും ഘടനയും മെച്ചപ്പെടുത്താനും കഴിയും.
7. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ആരോഗ്യകരമായ ശരീരഭാരം എല്ലാവര്‍ക്കും അത്യാവശ്യമാണ്. ഭാരക്കൂടുതല്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കും. ബ്ലാക്ക് സീഡ് ഓയിലിന്റെ ഉപയോഗം അമിതഭാരമുള്ളവരില്‍ വിശപ്പ് കുറയ്ക്കാന്‍ കാരണമാകുന്നു. എന്നാല്‍ ബ്ലാക്ക് സീഡ് ഓയില്‍ ഉപയോഗിക്കേണ്ടത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം. മെഡിക്കല്‍ സ്റ്റോറുകളില്‍ ഓണ്‍ലൈനായും ഓയില്‍ വാങ്ങാന്‍ സാധിക്കും. ഹെല്‍ത്ത് ഫുഡ് സ്റ്റോറുകളില്‍ ബ്ലാക്ക് സീഡ് ഓയില്‍ ക്യാപ്സ്യൂളുകളോ സോഫ്റ്റ് ജെല്ലുകളോ ആയി ലഭ്യമാണ്. എന്നാല്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കേണ്ടതാണ്.
Content Summary: Benefits of black seed oil