ADVERTISEMENT

മക്കളുടെ ചിരിയാണ് രക്ഷിതാക്കളുടെ സന്തോഷം. എന്നാൽ, സ്വന്തം മകൻ ചിരിക്കുന്നത് കാണുമ്പോൾ ഉള്ള് നീറിയ ഒരച്ഛനും അമ്മയുമുണ്ടായിരുന്നു, തിരുപ്പൂരിൽ. പേര് സുരേഷ്, ആശ. ദമ്പതികൾക്ക് രണ്ടു മക്കളാണ്, കാർത്തിക്കും കൗശിക്കും. 10 വർഷത്തിലേറെക്കാലം കാർത്തിക്കിന്റെ ചിരി അവരെ നൊമ്പരപ്പെടുത്തി. ഒടുവിൽ, ഒരു ശസ്ത്രക്രിയ അവരുടെ ജീവിതം തിരികെ നൽകിയ കഥ പറയുമ്പോൾ മുഖത്ത് നിറയുന്നത് സംതൃപ്തിയും സന്തോഷവും. ആ കഥയറിയാം...

ആശങ്കയായ ചിരി
തമിഴ്നാട്ടിലെ തിരുപ്പൂരാണ് ആശയുടെയും സുരേഷിന്റെയും സ്വദേശം. ഇപ്പോൾ കഴിയുന്നത് കർണ്ണാടക ഉടുപ്പി കാപ്പുവിലും. അവിടെ പാറമടയിൽ പാറ പൊട്ടിക്കലാണ് സുരേഷിന് ജോലി. കാർത്തിക്കിന്റെ രോഗം അറിയുന്നത് വരെ ചെറിയ വരുമാനത്തിലും സന്തോഷമായി ജീവിക്കുകയായിരുന്നു അവർ. പിഞ്ചുകുഞ്ഞായിരുന്നപ്പോൾ നിർത്താതെ കരയുമായിരുന്നു കാർത്തിക്. അവന്റെ കരച്ചിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും ‘കൊച്ചുകുഞ്ഞുങ്ങളായാൽ കരയും, പേടിക്കണ്ട’ എന്ന മറ്റുള്ളവരുടെ വാക്കുകളിൽ അവർ ആശ്വാസം കണ്ടെത്തി. പിന്നെ ആ കരച്ചിൽ അവരും ശ്രദ്ധിക്കാതെയായി. പതിയെപ്പതിയെ കാർത്തിക്കിന്റെ കരച്ചിൽ ചിരിയ്ക്ക് വഴിമാറി. കരച്ചിൽ ചിരിയായതിൽ ആശയും സുരേഷും സന്തോഷിച്ചു. എന്നാൽ, ആ സന്തോഷം അധികനാൾ നീണ്ടില്ല. കാർത്തിക്കിന് രണ്ടര വയസ്. വീടിനടുത്തുള്ള നഴ്സറിയിൽ കുസൃതി കാട്ടി നടന്ന അവൻ ഒരുദിവസം അവിടെ കുഴഞ്ഞുവീഴുകയും അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാട്ടുകയും ചെയ്തു. അവനെയും കൊണ്ടുള്ള ആശുപത്രി യാത്രകൾ അവിടെ തുടങ്ങി.

karthik1
കാർത്തിക്

നാട്ടിലെ ആശുപത്രികളിൽ അവനെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. വളരുന്തോറും കാർത്തിക്കിന്റെ ചിരിയുടെ രീതി മാറിവന്നു. ചിരിക്കാൻ പാടില്ലാത്ത അവസരങ്ങളിലും അവൻ ചിരിച്ചു. അത് അഹങ്കാരമായി മുതിർന്നവർ കരുതി. അതിനുള്ള വഴക്കും ശിക്ഷയും ഏറ്റുവാങ്ങി കുഞ്ഞുകാർത്തിക്. ഇത്രനാളും മകൻ ചിരിച്ചത് അപസ്മാരത്താൽ ആണെന്ന് ഡോക്ടർമാരിൽ നിന്ന് തിരിച്ചറിഞ്ഞു ആശയും സുരേഷും. മരുന്നു കഴിച്ചിട്ടും ദിവസവും മൂന്നോ നാലോ തവണ ചിരിയും കൈ മുറുകുന്നതു പോലെയുള്ള മറ്റു അപസ്മാരലക്ഷണങ്ങളും കുറയാതെ വന്നപ്പോൾ അവനെയും കൊണ്ട് മണിപ്പാൽ ആശുപത്രിയിലെത്തി. അവിടെ നടത്തിയ എംആർഐ പരിശോധനയിൽ അവന്റെ തലച്ചോറിൽ ഒരു മുഴ വളരുന്നുണ്ടെന്ന് മനസ്സിലാക്കി. 

എന്നാൽ, കൊച്ചുകുഞ്ഞായതിനാൽ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. പകരം നൽകിയ മരുന്നുകൾക്കൊന്നും അസ്ഥാനത്തുള്ള, അനിയന്ത്രിതമായ അവന്റെ ചിരിയോ മറ്റു ബുദ്ധിമുട്ടുകളോ മാറ്റാൻ സാധിച്ചുമില്ല. ചിരി കാരണം സ്കൂളിൽ  കൂട്ടുകാർ അവനെ കളിയാക്കാനും ഒറ്റപ്പെടുത്താനും തുടങ്ങി. അത് അവനെ മാനസികമായി തളർത്തി. മരുന്നുകളുടെ കാഠിന്യം കാരണം ക്ലാസിൽ ഉറക്കം തൂങ്ങുക പതിവായി. സ്കൂളിൽ പോകുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമായി ചുരുങ്ങി. വോളിബോൾ കളിക്കാനേറെ ഇഷ്ടമായിരുന്നു കാർത്തിക്കിന്. എന്നാൽ, ഒരു ദിവസം പോലും കളി മുഴുമിപ്പിക്കാൻ അവന് സാധിച്ചില്ല. 

karthik2
കാർത്തിക്

ജീവിതം  തിരികെപ്പിടിക്കുന്നു
കാർത്തിക്കിന് 12 വയസായപ്പോൾ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടർ സമ്മതിച്ചു. തലയോട്ടി തുറക്കാതെ തന്നെ ശസ്ത്രക്രിയ ഉണ്ടെന്നും എന്നാൽ, അത് ചെയ്യാനുള്ള സൗകര്യം ആ ആശുപത്രിയിൽ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ഡൽഹിയിൽ പോകാൻ നിർദേശിച്ചു. കോവിഡ് കാലം കഴിഞ്ഞയുടൻ കരുതി വച്ച പണവുമായി ആശയും സുരേഷും കാർത്തിക്കിനെയും കൊണ്ട് ഡൽഹിയിലെ ആശുപത്രിയിലെത്തി. എന്നാൽ, രണ്ടുമാസത്തോളം കാത്തിരുന്നിട്ടും അവിടെ  ശസ്ത്രക്രിയയ്ക്ക് അവസരം ലഭിച്ചില്ല. കൂടുതൽ പണം നൽകിയാൽ ശസ്ത്രക്രിയ ഉടൻ നടക്കുമെന്ന് അറിഞ്ഞെങ്കിലും പാറമടയിലെ ജോലി കൊണ്ട് ഒരിക്കലും ആ പണം സ്വരൂപിക്കാനാവില്ലെന്ന് സുരേഷിന് അറിയാമായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ വച്ച് കണ്ട മലയാളി നഴ്സാണ് അവരെ കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ ഇതേ ചികിത്സ ലഭിക്കുമെന്ന വിവരം പറഞ്ഞത്. അങ്ങനെ വീണ്ടും തിരികെ നാട്ടിലേക്ക്. മണിപ്പാൽ ആശുപത്രിയിൽ ഡോ. ഗിരീഷിനെ കണ്ട് സംസാരിച്ചു. അദ്ദേഹം അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലപ്സി മേധാവി ഡോ. അശോക് പിള്ളയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ശുപാർശയിൽ ആശുപത്രിയിലെത്തി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

വിദഗ്ദ്ധ പരിശോധനയിൽ കാർത്തിക്കിന് ഹൈപ്പോതലാമിക് ഹമാർട്ടോമ എന്നതാണ് പ്രശ്നമെന്ന് അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലപ്സിയിലെ എപ്പിലപ്സി വിദഗ്ദ്ധയായ ഡോ. സിബി ഗോപിനാഥ് കണ്ടെത്തി. ഇതിനായി റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ എന്ന ശസ്ത്രക്രിയ മതിയാകുമെന്ന് മനസ്സിലാക്കി. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ ട്യൂമറിനെ കരിച്ചു കളയുന്ന ചികിത്സാരീതിയാണിത്. ഏറ്റവും കൃത്യമായി ചെയ്യുന്നതിനാൽ തൊട്ടടുത്ത കോശങ്ങളെ പോലും അത് ബാധിക്കില്ല. രോഗിക്ക് ക്ഷീണം അനുഭവപ്പെടുകയോ ഭാഷാവൈകല്യമോ മറ്റു പാർശ്വഫലങ്ങളോ ഉണ്ടാകുന്നില്ല. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ഭയപ്പെടുന്നവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങി മറ്റു അസുഖങ്ങൾ കാരണം അത്തരം ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്തവർക്കോ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ മികച്ച ചികിത്സാ മാർഗമാണെന്ന് ഡോ. സിബി ഗോപിനാഥ് പറയുന്നു.

karthi3
കാർത്തിക്കും കുടുംബവും

ചികിത്സയുടെ നല്ലവശങ്ങൾ അറിഞ്ഞ ആശയും സുരേഷും സന്തോഷിച്ചു. പക്ഷേ, പണം അപ്പോഴും ഒരു തടസ്സമായി അവർക്ക് മുന്നിലുണ്ടായിരുന്നു. അവരുടെ സങ്കടവും നിരാശയും തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ കാർത്തിക്കിന്റെ ചികിത്സ സൗജന്യമായി ചെയ്തു നൽകി. അങ്ങനെ കാർത്തിക്കിന് 2023 ഫെബ്രുവരി 11ന് സൗജന്യമായി ശസ്ത്രക്രിയ നടത്തി. കാർത്തിക്കിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. ഇപ്പോഴും കാർത്തിക് ചിരിക്കും. പക്ഷേ, അത് തമാശ കേൾക്കുമ്പോഴും സന്തോഷം വരുമ്പോഴും മാത്രമാണ്. കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കാനും സ്കൂളിൽ പോകാനും ആത്മവിശ്വാസംകൈവന്നു. ശസ്ത്രക്രിയ കൊണ്ട് കാർത്തിക് നേടിയെടുത്ത മറ്റൊരു സന്തോഷം തന്റെ ഇഷ്ട വിനോദങ്ങളായ വോളിബോളിനെയും ത്രോബോളിനെയും കൂടെക്കൂട്ടിയതാണ്. സ്കൂൾ ത്രോബോൾ ടീമിലെ മികച്ച കളിക്കാരൻ കൂടിയാണ് ഇപ്പോൾ കാർത്തിക്. 

മറ്റെല്ലാ കുട്ടികളെയും പോലെ ചിരിക്കുകയും സംസാരിക്കുകയും കളിക്കുകയും ചെയ്യുന്ന കാർത്തിക്കിനെ കാണുമ്പോൾ മനസ് നിറയുന്നത് ആശയ്ക്കും സുരേഷിനും കൗശിക്കിനുമാണ്. അവന് വേണ്ടി നടത്തിയ ആശുപത്രി യാത്രകൾ പാഴായില്ലെന്ന ആശ്വാസത്തിലാണ് അവർ.

English Summary:

The Heartwarming Journey of Karthik's Recovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com