റാംപ് മുതൽ നാട്ടിലെ കല്യാണം വരെ; വൈബാണ് പുരുഷ ഫാഷൻ, ഇത് മാറ്റത്തിന്റെ കാലം

Mail This Article
കൈമുട്ട് വരെ ഇറങ്ങിയ സ്‌ലീവുകൾ, പിങ്ക് മുതൽ പർപ്പിൾ വരെ പലനിറങ്ങൾ, ചെറുതും വലുതുമായ ഫ്ലോറൽ പ്രിന്റുകൾ, കയ്യിലും കഴുത്തിലും വരെ ആക്സസറികൾ... Are men dressing UP? നന്നായി ഡ്രസ് ചെയ്യാൻ മാത്രമല്ല, അതിൽ ‘ഫെമിനിൻ എലമെന്റുകൾ’ ഉൾപ്പെടുത്താനും മടിക്കുന്നില്ല ഇന്നത്തെ പുരുഷന്മാരെന്നു വ്യക്തമാക്കുന്നതാണ് ഫാഷൻ രംഗത്തെ പുത്തൻ കാഴ്ചകൾ. ഇതു ഹൈ– ഫാഷൻ ട്രെൻഡ് മാത്രമാണെന്ന് തെറ്റിദ്ധരിക്കണ്ട; റാംപിലെത്തുന്ന മെൻസ് വെയർ ഡിസൈൻ മുതൽ നാട്ടിലെ കല്യാണത്തിനു പങ്കെടുക്കുന്ന വേഷത്തിൽ വരെ വ്യത്യസ്തമായും ബോൾഡായും അണിഞ്ഞൊരുങ്ങി ചെത്തി നടപ്പാണ് നമ്മുടെ പയ്യൻമാർ.

ഫാഷൻ റാംപിലെ മെൻസ്‌വെയർ
രാജ്യാന്തര ഫാഷൻ രംഗത്തെ 2025 A/W മെൻസ് വെയർ ഫാഷൻവീക്കിലും കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ മെൻസ് ഫാഷൻ വീക്കെൻഡിലും അരങ്ങേറിയത് കണ്ണിന് കുളിരേകിയ കാഴ്ചകൾ! ഫോർമൽ വെയറിലും കാഷ്വൽ വെയറിലും ഒരുപോലെ ഉന്മേഷം സമ്മാനിക്കുന്ന പുതുഡിസൈനുകളും നിറങ്ങളും ഫാബ്രിക്കും. ഒപ്പം ഫെമിനിൻ ഘടകങ്ങൾ എന്ന ലേബലോടെ മാറ്റിനിർത്തിയ ഡിസൈൻ എലമെന്റുകൾക്ക് വമ്പിച്ച സ്വീകാര്യതയും. ലക്ഷ്വറി ഫാബ്രിക്കായ വെൽവെറ്റ് പുരുഷന്മാരുടെ ഫോർമൽവെയറിൽ ഇടംപിടിച്ച് തിരിച്ചെത്തിക്കഴിഞ്ഞു.

ഇതുവരെ പരിചിതമല്ലാത്ത ജ്യുവൽ ടോണിലും മറ്റു വ്യത്യസ്ത നിറങ്ങളിലും സ്യൂട്ടുകൾ കാണാം.രാജേഷ് പ്രതാപ് സിങ്ങിന്റെ പ്ലീറ്റഡ് സ്കേർട്ടും സിദ്ധാർഥ് ടൈട്‌ലറുടെ ഷീർ ഷർട്ടും ഇനി പുരുഷ ഫാഷനെ കൂടുതൽ സ്റ്റൈലിഷ് ആക്കും. പുരുഷൻമാരുടെ ബോട്ടം വെയറിലുമുണ്ട് മാറ്റത്തിന്റെ കാറ്റ്. സ്ത്രീകൾ വൈഡ് ലെഗിനു പിന്നാലെ പോയതുപോലെ മെൻസ് വെയറിൽ ഫ്ലെയർ കൂടുന്ന കാഴ്ചയാണ് എഫ്‌ഡിസിഐ (ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ) നടത്തിയ ഇന്ത്യ മെൻസ് വീക്കെൻഡ് ഫാഷൻഷോയിൽ കണ്ടത്.

ഇന്ത്യൻ ഫാഷൻ രംഗത്ത് ശ്രദ്ധേയനായ മലയാളി ഡിസൈനർ വിവേക് കരുണാകരൻ അവതരിപ്പിച്ച കലക്‌ഷനിൽ ശ്രദ്ധിക്കപ്പെട്ടത് ബോൾഡ് നിറങ്ങൾക്കൊപ്പം ഫ്ലെയർ കൂടിയ പലാസോ ബോട്ടം ഡിസൈനുകളാണ്.
മലയാളിക്കും ഇഷ്ടമാണ്; സോഫ്റ്റ് മാസ്‌കുലിൻ
ഷർട്ടിൽ ഫ്ലോറൽ ഓകെ, എന്നു മാത്രമല്ല, കൂടുതൽ പൂക്കളും നീണ്ട സ്‌ലീവും ഓവർസൈസ് ഫിറ്റും ഇഷ്ടമാണെന്നു കൂടി പറയുകയാണ് മലയാളികൾ. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന ഒരു താരവിവാഹവേളയിൽ വധുവിന്റെ അലങ്കാരങ്ങളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് വരന്റെ വസ്ത്രമാണ്. യുവ സംഗീതസംവിധായകനായ സുഷിൻശ്യാം വിവാഹദിനത്തിൽ അണിഞ്ഞ ഓവർസൈസ്ഡ് ആയ, ഫ്ലോറൽ പ്രിന്റുള്ള ഷർട്ട് അന്ന് ഏറെപ്പേരുടെ കണ്ണിലുടക്കി; ഡിസൈനർ വിഷ്ണു വൽസനായിരുന്നു ഡിസൈനർ.

ഒരേ നിറങ്ങളും കണ്ടുമടുത്ത പ്രിന്റും പഴങ്കഥയാക്കി, മാറ്റത്തിന്റെ പുതുവഴിയിലാണ് മെൻസ് ഫാഷൻ. വെൽവെറ്റിന്റെ പുതുതരംഗം, ജെൻഡറിന്റെ അതിരുകൾ കടന്ന് ഫ്ലോറൽ പ്രിന്റുകൾക്കും ഫെമിനിൻ എലമെന്റുകൾക്കും ലഭിക്കുന്ന വമ്പിച്ച വരവേൽപ്, നിറപ്പകിട്ട്; ഇനി വൈബാണ് പുരുഷ ഫാഷൻ!