60,000 അടി ഉയരെ പറന്ന യുഎസ് ഡ്രോൺ വെടിവച്ച ഇറാന്റേത് ഞെട്ടിക്കും ടെക്നോളജി

Mail This Article
അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ആളില്ലാ വിമാനം ഗ്ലോബൽ ഹോക്ക് (RQ-4A Global Hawk) ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് വെടിവച്ചിടുന്നത്. ഇറാന്റെ വ്യോമപരിധിയിലൂടെ പറന്ന, അതും 60,000 അടി മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രോണിനെയാണ് ഇറാന്റെ വ്യോമ പ്രതിരോധ ടെക്നോളജി ഉപയോഗിച്ച് തകർത്തത്. ഇറാൻ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനമാണ് അമേരിക്കയുടെ ഡ്രോൺ തകർക്കാൻ ഉപയോഗിച്ചത് എന്നതാണ് മറ്റൊരു വസ്തുത.
ഇറാൻ മാധ്യമങ്ങളിൽ നിന്നു ലഭ്യമായ റിപ്പോർട്ട് പ്രകാരം റാഡ് എയർ ഡിഫൻസ് സിസ്റ്റമാണ് ഡ്രോൺ തകർക്കാൻ ഉപയോഗിച്ചതെന്നാണ്. ഇറാൻ പുറത്തുവിട്ട വിഡിയോയിലും ഇക്കാര്യം വ്യക്തമാണ്. റഷ്യയിൽ നിന്നു വാങ്ങിയ എസ്–300 കൈവശമുണ്ടായിട്ടും ഇറാൻ എന്തുകൊണ്ടായിരിക്കും റാഡ് സിസ്റ്റം ഉപയോഗിച്ചതെന്നാണ് മിക്കവരും ചോദിക്കുന്നത്.
റാഡ് എന്നാൽ പേർഷ്യൻ ഭാഷയിൽ ഇടിമുഴക്കം എന്നാണ്. 2012 സെപ്റ്റംബറിലാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. നിരവധി പ്രതിരോധ സംവിധാനങ്ങളും മറ്റു ടെക്നോളജികളും നിരീക്ഷിച്ച് പരിശോധിച്ചാണ് ഇറാനിലെ എൻജിനീയർമാർ റാഡ് വികസിപ്പിച്ചെടുത്തത്. പോർവിമാനങ്ങളെ നേരിടുന്നതിൽ മറ്റു രാജ്യങ്ങളുടെ പ്രതിരോധ സിസ്റ്റങ്ങളെക്കാൾ മികച്ചതാണെന്നാണ് ഒരു വിഭാഗം ടെക് വിദഗ്ധര്‍ പറയുന്നത്. അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടതിലൂടെ ഇക്കാര്യം വ്യക്തമായെന്നും ഇവർ വാദിക്കുന്നു.

പോർവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, സ്മാർട് ബോംബുകൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയെ നേരിടാൻ റാഡ് സിസ്റ്റം മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. 25 മുതൽ 27 കിലോമീറ്റർ വരെ പരിധിയിലുള്ള വസ്തുക്കളെ വരെ തകർക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 50 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ വരെ തിരിച്ചറിയാനും റാഡ് സിസ്റ്റത്തിനു സാധിക്കും.
എന്നാൽ അമേരിക്കൻ ഡ്രോണിനെ തകര്‍ക്കാൻ സയ്യാദ് എസ്ഡി2സി മിസൈലാണ് ഉപയോഗിച്ചത്. റാഡ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഖോർദാദ് മീഡിയം റെയ്ഞ്ച് സാം സിസ്റ്റമാണ്. റാഡ് സിസ്റ്റത്തിന്റെ തന്നെ നാലു പതിപ്പുകൾ ഇറാന്റെ ആയുധപ്പുരയിലുണ്ട്. 100 മുതൽ 200 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ വരെ നേരിടാനുള്ള ശേഷി ഇറാന്റെ റാഡ് പ്രതിരോധ സിസ്റ്റത്തിനുണ്ട്.

വാഹനങ്ങളിൽ കൊണ്ടു പോകാവുന്ന വ്യോമ പ്രതിരോധ സിസ്റ്റം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. ഇറാൻ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത റഡാർ സംവിധാനവും ടെക്നോളജിയുമാണ് റാഡിലും ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു ബ്ലാക്ക് വിപണി വഴി സ്വന്തമാക്കുന്ന ഉപകരണങ്ങൾ റിവേഴ്സ് എൻജിനീയറിങ്ങിലൂടെയും മറ്റും ഇറാനിലെ വിദഗ്ധർ വികസിപ്പിച്ചെടുക്കുന്നുണ്ട്.