ഇറാനിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച സിഐഎ: ഇന്നും അലയടങ്ങാത്ത അജാക്സ് ഓപ്പറേഷൻ
Mail This Article
യുഎസ് രഹസ്യാന്വേഷണവിഭാഗമായ സിഐഎയുടെ ഏറ്റവും പ്രശസ്തമായ ദൗത്യങ്ങളിലൊന്നാണ് അജാക്സ്. 1953ൽ ഇറാനിലെ പ്രധാനമന്ത്രിയെ അധികാരഭ്രഷ്ടനാക്കിയ അട്ടിമറിയാണ് ഇത്. കഴിഞ്ഞ ദിവസം ലാംഗ്ലി ഫയൽസ് എന്ന ഔദ്യോഗിക പോഡ്കാസ്റ്റിൽ ഈ ദൗത്യം ജനാധിപത്യവിരുദ്ധമായിരുന്നെന്ന് സംഘടന സമ്മതിച്ചു. ഇതാണ് ഈ ദൗത്യത്തെപ്പറ്റി കൂടുതൽ ചർച്ചകൾ ഉയർത്തിയത്. ഈ വർഷം ഈ അട്ടിമറിയുടെ 70ാം വാർഷികം കൂടിയാണ് കടന്നുപോയത്.
ഇറാനിലെ ഷാ (Persian for 'king') ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനായിരുന്നു 1953ൽ അട്ടിമറി നടത്തിയത്. ഇന്നും ഇറാനിൽ ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങളിലൊന്നാണ് ഈ അട്ടിമറിയും അതിലെ യുഎസ് ഇടപെടലും.ഇറാനിലെ ജനങ്ങൾക്കിടയിൽ അമേരിക്കയെപ്പറ്റി അവിശ്വാസം ഉടലെടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായും ഈ അട്ടിമറി പറയപ്പെടുന്നു.
1953 ഓഗസ്‌റ്റ് 19ന് ആയിരുന്നു പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്താക്കപ്പെട്ടത്. ഇതിനു പിന്നിൽ അമേരിക്കയും ബ്രിട്ടനുമാണെന്നു നേരത്തേ തന്നെ വെളിപ്പെട്ടതാണ്. 2009ൽ കയ്‌റോയിൽ പ്രസിഡന്റ് ബറാക് ഒബാമ ഇത് ഏറ്റുപറയുകയും ചെയ്‌തിരുന്നു. രണ്ടാം ലോകയുദ്ധശേഷം മറ്റൊരു രാജ്യത്തെ ജനാധിപത്യ സർക്കാരിനെതിരെ അമേരിക്ക നടത്തിയ ആദ്യ അട്ടിമറിയായിരുന്നു ഇത്.
1951ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുസാദിഖ് ആദ്യം നടപ്പാക്കിയ പരിഷ്‌കാരങ്ങളിലൊന്ന് എണ്ണ സമ്പത്തിന്റെ ദേശസാൽക്കരണമായിരുന്നു. ഇറാനിലെ എണ്ണ വ്യവസായമെല്ലാം ആംഗ്ലോ - ഇറാനിയൻ ഓയിൽ കമ്പനിയുടെ (ഇന്നത്തെ ബ്രിട്ടിഷ് പെട്രോളിയം) കീഴിലായിരുന്നു.ഇറാൻ പാർലമെന്റ് ഏറെക്കുറെ ഏകകണ്‌ഠമായാണു ദേശസാൽക്കരണ തീരുമാനമെടുത്തത്. എന്നാൽ, യുദ്ധത്തെ തുടർന്നു തകർന്ന സമ്പദ്‌ഘടന പുനരുജ്‌ജീവിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബ്രിട്ടന് ഈ വാർത്ത വെള്ളിടിയായി.
ശീതസമരകാലത്ത് ഇറാനിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനം വർധിക്കുമെന്നും അവർ ഭയന്നു. തുടർന്നാണു സിഐഎ, ബ്രിട്ടിഷ് ചാരസംഘടനയായ എം16 എന്നിവ ചേർന്ന് അട്ടിമറി ആസൂത്രണം ചെയ്‌തത്. വ്യാപകപ്രചാരണത്തിലൂടെ മുസാദിഖിനെതിരെ ജനവികാരം തിരിച്ചുവിടുകയായിരുന്നു തന്ത്രം. 200 മുതൽ 300 ആളുകൾ ഈ സംഭവത്തിൽ മരിച്ചു. മുസാദിഖ് 3 വർഷത്തേക്ക് ജയിൽശിക്ഷയും ശിഷ്ടകാലം വീട്ടുതടങ്കലും അനുഭവിച്ചു.
ജാഗരൂകനായി ഇരിക്കുന്ന കഴുകൻ
ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകൻ, അതിനു താഴെ അനേകം ബിന്ദുക്കളിലേക്കു വിടർന്ന രക്തവർണമുള്ള ഒരു നക്ഷത്രം. ഈ മുദ്രയാണു സിഐഎയുടെ എംബ്ലം.
രണ്ടാം ലോകയുദ്ധകാലമാണു സിഐഎയുടെ പിറവിക്കു വഴിവച്ചത്, ശീതയുദ്ധകാലം സംഘടനയെ വളർത്തി. 1941ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതിൽ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്ക് രാജ്യത്തെ നയിച്ചത്.
അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഇതിനായി യുദ്ധവീരൻ ജനറൽ വില്യം ഡൊണോവനെ ചുമതലപ്പെടുത്തി.ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നായിരുന്നു അപ്രകാരം രൂപീകരിച്ച സംഘടനയുടെ പേര്. ലോകയുദ്ധം കഴിഞ്ഞ ശേഷം ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി ട്രൂമാൻ ആ സംഘടന പിരിച്ചുവിട്ടു. എന്നാൽ താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ രഹസ്യ സംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി.1947ൽ ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി.
പ്രോജക്ട് അസോറിയൻ
75 വർഷം നീണ്ട പ്രവർത്തനകാലയളവിൽ അതിസാഹസികവും ലോകത്തെ ഞെട്ടിച്ചതുമായ ദൗത്യങ്ങൾ സിഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് പ്രോജക്ട് അസോറിയൻ. 1968ൽ ഹവായിക്കു സമീപം അണുവായുധശേഷിയുള്ള കെ–129 എന്ന സോവിയറ്റ് മുങ്ങിക്കപ്പൽ മുങ്ങി. ഈ കപ്പൽ വീണ്ടെടുക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 16,500 അടി താഴെയായിരുന്നു കപ്പൽ. കപ്പൽ വീണ്ടെടുത്താൽ നൂതന സോവിയറ്റ് നാവിക സാങ്കേതികവിദ്യകൾ പഠിക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് സിഐഎ വിലയിരുത്തി. സമുദ്രഗവേഷകരെന്ന വ്യാജേന മേഖലയിൽ നിലയുറപ്പിച്ച സിഐഎ സംഘം നാലുവർഷം നീണ്ട അധ്വാനത്തിനൊടുവിൽ കപ്പൽ പൊക്കിയെടുത്തു.
അജാക്സിനു പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ജാക്കോബോ അർബെൻസിനെ പുറത്താക്കി കാർലോസ് അർമാസിന്റെ ഏകാധിപത്യ വാഴ്ചയ്ക്കു തുടക്കമിട്ട സൈനിക അട്ടിമറിക്കു പിന്നിലും സിഐഎ ആയിരുന്നു.1973ൽ ചിലെയിലും അട്ടിമറിക്കു സിഐഎ പിന്തുണ നൽകി. എൺപതുകളിൽ സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ സിഐഎയുടെ സഹായം വലിയൊരു ഘടകമായിരുന്നു. സമ്മർദമേറിയതോടെ സോവിയറ്റ് യൂണിയന് അഫ്ഗാൻ വിട്ടു പോകേണ്ടിവന്നുഅൽഖായിദ തലവൻ ബിൻ ലാദനെ വധിച്ചത് നേവി സീൽസാണെങ്കിലും വിവരശേഖരണവും പദ്ധതി തയാറാക്കലും നടത്തിയത് സിഐഎ ആയിരുന്നു.
ഫിദൽ കാസ്ട്രോ സിഐഎയ്ക്ക് എന്നുമൊരു ബാലികേറാമല
ഇതേ സമയം തന്നെ സിഐഎ അമ്പേ പരാജയപ്പെട്ട ദൗത്യങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 1961ലെ ബേ ഓഫ് പിഗ്സ് മുന്നേറ്റം. ക്യൂബയിലെ ഫിദൽ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ ഉപയോഗിച്ച് നടത്തിയ ഈ നീക്കം പൊളിഞ്ഞു.ഫിദൽ കാസ്ട്രോ സിഐഎയ്ക്ക് എന്നുമൊരു ബാലികേറാമലയായി നിന്നു. പല തവണ വധിക്കാൻ പദ്ധതിയൊരുക്കിയെങ്കിലും എല്ലാറ്റിൽ നിന്നും അദ്ഭുതകരമായി കാസ്ട്രോ രക്ഷപ്പെട്ടു.