പ്രതിരോധവകുപ്പില്‍ ചക്രവ്യൂഹം ചമച്ച് മായ ഒഎസ്! ചരിത്രം കുറിച്ച് ഇന്ത്യ
Mail This Article
ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ നീക്കങ്ങള്‍ ഒരു തരത്തിലും പുറത്തറിയാതിരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ പുറത്താക്കുകയാണ് പ്രതിരോധ വകുപ്പ്. പ്രതിരോധ വകുപ്പിന്റെയടക്കം പല നിര്‍ണായക മേഖലകളിലെയും കംപ്യൂട്ടറുകളില്‍ ഇനി പ്രവര്‍ത്തിക്കുക പ്രാദേശികമായി വികസിപ്പിച്ച മായാ ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കും.
മാല്‍വെയര്‍ ആക്രമണങ്ങളും റാന്‍സംവെയര്‍ (മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടഞ്ഞുവയ്ക്കുന്ന രീതി) ആക്രമണങ്ങളും പെരുകിയതാണ് പുതിയ നീക്കത്തിനു കാരണമെന്നാണ് സൂചന. അത്യന്തം പ്രാധാന്യമുള്ള ഒരു നീക്കമായാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വിദേശ സോഫ്റ്റ്‌വെയറുകളെ ആശ്രിയിക്കുന്നതു കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
എന്തിനാണ് മായാ ഒഎസ്?
അടുത്തിടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ചില മേഖലകള്‍ക്കു നേരെ നടന്ന ആക്രമങ്ങളാണ് കേന്ദ്ര സർക്കാരിനെ ഈ വഴിക്കു ചിന്തിപ്പിച്ചത്. മുംബൈ പവര്‍ ഗ്രിഡിനു നേരെ 2020ല്‍ നടന്ന ആക്രമണം, ഗോവ ഫ്‌ളഡ് മോണിട്ടറിങ് സിസ്റ്റം ആക്രമണം, ഓയില്‍ ഇന്ത്യാ ലിമിറ്റഡ്, സ്‌പൈസ് ജെറ്റ് സെര്‍വറുകള്‍ തുടങ്ങിയവയ്‌ക്കെതിരെയുള്ള ആക്രമണം, കൂടംകുളം ആണവ നിലയത്തിനു നേരെ 2019ല്‍ ഉണ്ടായ ആക്രമണം തുടങ്ങിയവ ഉദാഹരണം. ഇതെല്ലാം കണക്കിലെടുത്താണ് കനത്ത പ്രതിരോധശേഷിയുള്ള ഒഎസ് വേണമെന്ന ചിന്ത പ്രതിരോധ വകുപ്പിനുണ്ടായത്.
മായാ ഒഎസ് വികസിപ്പിച്ചതെങ്ങനെ? എന്താണ് വ്യത്യാസം?
മായ ഒഎസ് വികസിപ്പിക്കാനുള്ള ശ്രമം 2021ല്‍ ആണ് തുടങ്ങിയത്. ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ഡിആര്‍ഡിഒ, സി-ഡാക്, എന്‍ഐസി തുടങ്ങിയ വിഭാഗങ്ങളിലെ ഗവേഷകരും ഇതിനായി കൈകോര്‍ത്തു. ഒഎസ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ഏകദേശം ആറുമാസം മാത്രമാണ് എടുത്തത്. മായാ ഒഎസ് ഉബുണ്ടു കേന്ദ്രീകൃതമാണ്.
ഉബുണ്ടു വിന്‍ഡോസിനെക്കാള്‍ സുരക്ഷിതമാണോ?
ഉബുണ്ടുവില്‍ താരതമ്യേന കുറച്ചു മാല്‍വെയര്‍ ആക്രണങ്ങളേ നടക്കുന്നുള്ളു. കൂടാതെ, വിന്‍ഡോസില്‍ അനവധി സര്‍വീസുകളുണ്ട്. മുൻ പതിപ്പുകളിലെ പല അനാവശ്യ കാര്യങ്ങളും അതിൽ നിലനിർത്തുന്നുമുണ്ട്. ഇതെല്ലാം അതിന്റെ സുരക്ഷാഭീഷണി വർധിപ്പിക്കുന്നു. അതിനെല്ലാം പുറമെ, വിന്‍ഡോസ് ഉപയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് മായാ ഒഎസ് നിർമിച്ചിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍പുതിയ രീതികള്‍ പഠിക്കാന്‍ സമയം കളയേണ്ട. പ്രതിരോധ വകുപ്പിനു വേണ്ട ആപ്പുകളൊക്കെ സുഗമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.
ഉബുണ്ടുവിന്റെ കോഡ് ആവശ്യാനുസരണം മാറ്റാം
ഉബുണ്ടു ഒരു ഫ്രീ, ഓപ്പണ്‍-സോഴ്‌സ് സോഫ്റ്റ്‌വെയറായതിനാല്‍, കഴിവുള്ള ആര്‍ക്കും അതിന്റെ കോഡുകള്‍ പരിശോധിക്കുകയോ മാറ്റംവരുത്തുകയോ ചെയ്യാം. (വിന്‍ഡോസിന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ മൈക്രോസോഫ്റ്റ് എൻജിനീയര്‍മാരുടെ ഇടപെടലിനായി കാത്തുനില്‍ക്കണം.) ഇതിനു പുറമെ ഉബുണ്ടുവില്‍ അതിഗംഭീരമായ ഫയര്‍വോള്‍ ഉണ്ട്. യുസര്‍ പെര്‍മിഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ല. പല ഭീഷണികളെയും അകറ്റി നിർത്താന്‍ ഇതിനു കഴിയും.
ചക്രവ്യൂഹം ചമയ്ക്കുന്നു
മായാ ഒഎസിന്റെ നൂതനവും അനുപമവുമായ ഫീച്ചറുകളിലൊന്ന് ചക്രവ്യൂഹ് (Chakravyuh) ആണ്. ഇതിനെ ഒരു എന്‍ഡ്-പോയിന്റ് ആന്റി-മാല്‍വെയര്‍ ആന്‍ഡ് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മായാ ഒഎസ് ഇന്റര്‍നെറ്റുമായി ബന്ധപ്പെടുമ്പോള്‍ ഒരു വെര്‍ച്വല്‍ ഫയര്‍വോള്‍ ആയിരിക്കും ഇതു പ്രവര്‍ത്തിച്ച് പ്രതിരോധം ചമയ്ക്കുക.
മറ്റു കാര്യങ്ങള്‍
തന്ത്രപ്രധാനമായ ഓഫിസുകളിലെല്ലാം ഈ വര്‍ഷം തന്നെ പുതിയ ഒഎസ് ഉപയോഗിച്ചു തുടങ്ങിയേക്കും. സൗത്ത് ബ്ലോക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലും ഓഗസ്റ്റ് 15നു മുമ്പ് മായാ ഒഎസ് എത്തിയേക്കും. പ്രതിരോധത്തിന് ചക്രവ്യൂഹും പ്രവര്‍ത്തിപ്പിക്കും. ഇന്ത്യൻ സൈന്യ വിഭാഗങ്ങളെല്ലാം ഇതിലേക്കു മാറിയേക്കും. മായാ ഒഎസിനെ ഇന്ത്യയുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യ പ്രഖ്യാപനമായി കാണുന്നവരും ഉണ്ട്. ചൈന, റഷ്യ പോലെയുള്ള രാജ്യങ്ങളും അമേരിക്കന്‍ സോഫ്റ്റ്‌വെയറിനെ അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരും.
മികച്ച എഐ, മെഷീന്‍ ലേണിങ് സിസ്റ്റം എയര്‍ ഇന്ത്യയിലേക്ക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങിന്റെയും മികച്ച ഫീച്ചറുകള്‍ എയര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് ഇന്ത്യന്‍ എയര്‍ലൈന്‍സിനെ ഏറ്റെടുത്തത്. ഇതിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ളവര്‍ നടത്തുന്ന എല്ലാ വിമര്‍ശനങ്ങളും ഗൗരവത്തിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ് വഴി ഇനി ഫോണ്‍ നമ്പറില്ലാതെ വിഡിയോ കോളും
സകല കാര്യങ്ങളുടെയും തമ്പുരാനായ ഒരു ആപ്പാണ് തന്റെ മനസ്സിലുള്ളത് എന്നായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്ത ഉടനെ അതിന്റെ ഉടമ ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. ട്വിറ്റര്‍ എന്ന പേരടക്കം കളഞ്ഞ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോം ഇപ്പോള്‍. മറ്റേത് എക്‌സ് ഉപയോക്താവിനെയും ഫോണ്‍ നമ്പര്‍ ഇല്ലാതെ വിളിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും വിഡിയോ കോള്‍ ഫീച്ചര്‍ കൊണ്ടുവരിക എന്നാണ് എക്‌സ് മേധാവി ലിന്‍ഡാ യകാരിനോ സിഎന്‍ബിസിയോട് പറഞ്ഞിരിക്കുന്നത്. വിഡിയോ കോള്‍ എല്ലാവര്‍ക്കും ഉടനെ നല്‍കാനാണ് തീരുമാനം. ഇതോടെ വാട്‌സാപ്പിന് ശക്തമായ എതിരാളിയായും എക്‌സ് അവതരിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
സ്‌ക്രീനിലെ പച്ച വരയ്‌ക്കെതിരെ ആജീവനാന്ത ഗ്യാരന്റിയുമായി വണ്‍പ്ലസ്
ഓലെഡ് സ്‌ക്രീനുകളുടെ ശാപങ്ങളിലൊന്നാണ് അവയില്‍ പച്ച വരകള്‍ കണ്ടു തുടങ്ങുക എന്നത്. വലിയ വില കൊടുത്തു വാങ്ങുന്ന ഫോണുകളില്‍ ഇത്തരം വരകള്‍ വീഴുന്നത് അവയുടെ ഉടമകളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. തങ്ങളുടെ ഫോണുകള്‍ക്ക് ഈ പ്രശ്‌നമുണ്ടെന്നു വണ്‍പ്ലസ് കമ്പനി സ്ഥിരീകരിച്ചു. ഈ പ്രശ്‌നമുള്ള ഫോണുകൾ സൗജന്യമായി മാറ്റി നല്‍കുമെന്നും കമ്പനി അറിയിച്ചു.
ആജീവനാന്ത വാറന്റി എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത് എന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി പറയുന്നു. ഈ പ്രശ്‌നം നേരിടുന്ന വണ്‍പ്ലസ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ തങ്ങളുടെ ഫോണുകള്‍ സര്‍വീസ് സെന്ററുകളിലെത്തിച്ച് സ്‌ക്രീന്‍ മാറ്റിയെടുക്കാമെന്നും പറയുന്നു. വണ്‍പ്ലസ് 8, 9 സീരീസിലെ ഫോണുകളാണ് ഇതിന്റെ പരിധിയില്‍ വരിക. പച്ചവരയ്ക്കു പുറമെ, പിങ്ക് വരകളും വീഴാറുണ്ടത്രെ.
ഡിസ്‌നിപ്ലസും നെറ്റ്ഫ്ലിക്‌സിന്റെ വഴിയെ, പാസ്‌വേഡ് ഷെയറിങ്ങിനു തടയിടും
പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നിപ്ലസും പാസ്‌വേഡ് പങ്കുവയ്ക്കലിന്റെ കാര്യത്തില്‍ തങ്ങളുടെ എതിരാളിയായ നെറ്റ്ഫ്ലിക്‌സിന്റെ പാത പിന്തുടരാന്‍ തീരുമാനിച്ചു. ഒരു സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത ശേഷം ലോകത്ത് എവിടെയുമുള്ളവര്‍ക്ക് അതിന്റെ പാസ്‌വേഡ് ഉപയോഗിക്കാവുന്ന രീതിയാണ് നെറ്റ്ഫ്ലിക്‌സ് തകര്‍ത്തത്. ഒരു അക്കൗണ്ട് ഒരു വീട്ടിലുളളവര്‍ക്കു മാത്രം ഉപയോഗിക്കാവുന്ന രീതിയിലേക്കാണ് നെറ്റ്ഫ്ലിക്സ് മാറിയത്. ഇത് വിജയകരമായ ഒരു നീക്കമായിരുന്നു.
എട്ടു ലെയ്‌സര്‍ സോഴ്‌സ് പ്രൊജക്ടറുകളുമായി എപ്‌സണ്‍
തങ്ങളുടെ സ്റ്റാന്‍ഡര്‍ഡ് ത്രോ, ഷോര്‍ട്ട് ത്രോ, അള്‍ട്രാ ഷോര്‍ട്ട് ത്രോ വിഭാഗങ്ങളില്‍ എട്ടു പുതിയ ലെയ്‌സര്‍ സോഴ്‌സ് പ്രൊജക്ടറുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുകയാണ് എപ്‌സണ്‍ കമ്പനി. ലെയ്‌സര്‍ ലൈറ്റ് സോഴ്‌സിന് 20000 മണിക്കൂർ വരെയാണ് പ്രവര്‍ത്തന ശേഷി. പ്രൊജക്ടറുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും അനുയോജ്യമാണ്. ഇവയുടെ വില തുടങ്ങുന്നത് 1,69,999 രൂപ മുതലാണ്. എപ്‌സണ്‍ന്റെ അംഗീകൃത പാര്‍ട്ണര്‍മാര്‍ വഴിയായിരിക്കും വിൽപന.