ADVERTISEMENT

കൊലയാളി ഡ്രോണുകള്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതില്‍ അമേരിക്ക മുന്നോട്ടെന്ന് റിപ്പോര്‍ട്ട്. മനുഷ്യരെ വധിക്കുന്ന കാര്യത്തില്‍ നിര്‍മിത ബുദ്ധി തീരുമാനമെടുക്കുന്ന കാലം വൈകാതെ യാഥാര്‍ഥ്യമാവുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അമേരിക്ക, ചൈന, ഇസ്രയേല്‍ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ നിര്‍മിത ബുദ്ധിയില്‍ തീരുമാനമെടുക്കുന്ന കൊലയാളി ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാവണമെന്ന് വാദിക്കുന്നവരാണ്.

കൊലയാളി ഡ്രോണുകള്‍ക്ക് നിയന്ത്രിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കണമെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ വന്‍ശക്തിരാഷ്ട്രങ്ങളില്‍ പലതും ഇതിന് എതിരാണ്. അമേരിക്കക്കു പുറമേ റഷ്യയും ഓസ്‌ട്രേലിയയുമെല്ലാം കൊലയാളി റോബോട്ടുകള്‍ നിയമപരമാക്കണമെന്ന് വാദിക്കുന്നവരാണ്.

പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)
പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)

ആയിരക്കണക്കിന് ഡ്രോണുകള്‍ അടങ്ങിയ സേനാവ്യൂഹങ്ങള്‍ 

'ഇത് മനുഷ്യവംശത്തിന്റെ തന്നെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ്. പ്രതിരോധ സേനകളില്‍ മനുഷ്യന്റെ ആവശ്യം എന്താണ്? എന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മള്‍ പറയണം. അടിസ്ഥാനപരമായ, നിയമപരമായ, ധാര്‍മികമായ പ്രശ്‌നമാണിത്' ഇക്കാര്യത്തില്‍ ഓസ്ട്രിയയുടെ ചീഫ് നെഗോഷിയേറ്റര്‍ അലക്‌സാണ്ടര്‍ കെമെന്റിന്റെ ഉദ്ധരിച്ച് ദ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നിര്‍മിത ബുദ്ധിയിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഡ്രോണുകള്‍ അടങ്ങിയ സേനാവ്യൂഹങ്ങള്‍ നിര്‍മിക്കാന്‍ പെന്റഗണ് പദ്ധതിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ യു.എസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാതലീന്‍ ഹിക്‌സ് നിലപാട് വ്യക്തമാക്കിയിരുന്നു. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ അമേരിക്കയെ ചൈനയുടെ ജനസംഖ്യയിലുള്ള മുന്‍തൂക്കം മറികടക്കാന്‍ സഹായിക്കുമെന്നാണ് ഓഗസ്റ്റില്‍ കാതലീന്‍ ഹിക്‌സ് പറഞ്ഞത്.

മനുഷ്യനെ വധിക്കുന്നത് അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ മനുഷ്യന്‍ തീരുമാനമെടുത്തുകൊണ്ട് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന വാദവും ശക്തമാണ്. കൊലയാളി ഡ്രോണുകളുടെ കാര്യത്തില്‍ എളുപ്പം തീരുമാനമെടുത്തില്ലെങ്കില്‍ ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന ആശങ്ക അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളില്‍ സജീവമാണ്.

യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍ ഇതിനകം തന്നെ ഇറങ്ങി?

യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍ ഇതിനകം തന്നെ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ദ ന്യൂ സയന്റിസ്റ്റാണ് റഷ്യക്കെതിരെ കൊലയാളി ഡ്രോണുകളും യുക്രെയ്ന്‍ ഉപയോഗിക്കുന്നുവെന്നു പറഞ്ഞത്. അതേസമയം യുക്രെയ്‌ന്റെ കൊലയാളി ഡ്രോണ്‍ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമായോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും ഇപ്പോഴും പെന്റഗണ്‍ കൊലയാളി ഡ്രോണുകളുടെ കാര്യത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com