സുനിതയെ വാർത്തെടുത്ത യുഎസ് ശക്തികേന്ദ്രം! 2 നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നാവിക അക്കാദമി

Mail This Article
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളായി. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു സുനിതയെ ലോകമറിഞ്ഞു തുടങ്ങിയത്. ബഹിരാകാശ യാത്രികർ സെലിബ്രിറ്റികൾ കൂടിയാണല്ലോ.നാൽപതാം വയസ്സിൽ ഡിസ്കവറി ദൗത്യത്തിലേറി സുനിത നടത്തിയ ആദ്യ ബഹിരാകാശയാത്ര ശ്രദ്ധേയമായി.
ശ്രദ്ധേയമായ ഒരു സൈനിക ജീവിതം

ബഹിരാകാശ കരിയറിനു മുൻപ് ശ്രദ്ധേയമായ ഒരു സൈനിക കരിയർ കൂടി സുനിതയ്ക്കുണ്ട്. 1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. 1983ൽ യുഎസിലെ നീധാം ഹൈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
സുനിതയെ വാർത്തെടുത്തത് യുഎസ് നേവൽ അക്കാദമിയാണ്. 1845 മുതൽ പ്രവർത്തിക്കുന്ന യുഎസ് ശക്തികേന്ദ്രം. അഞ്ച് സർവീസ് അക്കാദമികളിൽ പഴക്കം കൊണ്ട് രണ്ടാംസ്ഥാനത്താണു നേവൽ അക്കാദമി. വാഷിങ്ടൻ ഡിസിയിൽ നിന്നു 53 കിലോമീറ്റർ കിഴക്കായി അന്നെ അരുൺഡേൽ കൗണ്ടിയിലാണു 338 ഏക്കർ വിസ്തീർണമുള്ള ഈ അക്കാദമി സ്ഥിതി ചെയ്യുന്നത്.
ജീവിത പങ്കാളിയെ കണ്ടുമുട്ടിയ ഇടം
യുഎസ് നാവികക്കരുത്തിന്റെ പ്രധാന പരിശീലനകേന്ദ്രമാണ് ഇത്. നേവൽ യൂണിവേഴ്സിറ്റി സിസ്റ്റത്തിന്റെ ഭാഗവുമാണ് ഈ അക്കാദമി. ഈ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു യാർഡ് എന്നാണു വിളിപ്പേര്. ചരിത്രപ്രാധാന്യമുള്ള അനേകം കെട്ടിടങ്ങളും സ്മാരകങ്ങളുമൊക്കെ ഇവിടുണ്ട്.

നാവിക അക്കാദമിയിലേക്കു നേരിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. വർഷംതോറും 1200 പേർ പ്രവേശനം തേടും. പ്ലീബ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്. സൈനിക ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതിനപ്പുറം ഉന്നത മൂല്യങ്ങളുള്ള സൈനിക നേതാക്കളെ സൃഷ്ടിക്കുക എന്നതാണു നേവൽ അക്കാദമിയുടെ ലക്ഷ്യം.
ഓണർ കൺസപ്റ്റ് എന്നൊരു അലിഖിത ചട്ടം അവിടെയുണ്ട്. ഒരിക്കലും കളവ് പറയുകയോ, വഞ്ചിക്കുകയോ, മോഷണം നടത്തുകയോ ചെയ്യരുത് , എപ്പോഴും സമഗ്രതയും തുല്യതാബോധവും പുലർത്തണം തുടങ്ങി പല നിയമങ്ങളടങ്ങിയതാണ് ഈ ചട്ടം. സുനിത മാത്രമല്ല, പ്രശസ്തരുടെ ഒരു നിര തന്നെയുണ്ട് ഈ അക്കാദമിയുടെ വിദ്യാർഥികളായി. യുഎസ് മുൻ പ്രസിഡന്റ് ജിമ്മികാർട്ടർ, സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബെർട് മൈക്കൽസൻ തുടങ്ങിയവരൊക്കെ ഈ സ്ഥാപനത്തിന്റെ പൂർവവിദ്യാർഥികളിൽ ഉൾപ്പെടും,
നാവിക അക്കാദമിയിൽ വച്ചാണ് സുനിത ഭാവി ഭർത്താവായ മൈക്കൽ ജെ. വില്യംസിനെ പരിചയപ്പെടുന്നത്.അവരുടെ പരിചയം പ്രണയമായി. പിന്നീട് വിവാഹവും സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ഇരുവരും വിവാഹിതരാണ്.ദമ്പതികൾക്ക് ഇതുവരെ കുട്ടികൾ ഇല്ല. അഞ്ചിലേറെ നായ്ക്കളെ ഇരുവരും വളർത്തുന്നുണ്ട്.
മൈക്കൽ ജെ വില്യംസ് പൈലറ്റ് ജോലിയിൽ നിന്നു പിരിഞ്ഞശേഷം ഫെഡറൽ മാർഷൽ എന്ന നിലയിൽ ജോലി നോക്കുകയാണ്. യുഎസ് ഫെഡറൽ ജുഡീഷ്യറിയിലെ എൻഫോഴ്സ്മെന്റ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗമാണ് ഇത്.
1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം.
