മനുഷ്യ ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന റോബോട്ടുകൾ, ഭാവിയിൽ സംഭവിക്കാനിരിക്കുന്നതെന്ത്?
Mail This Article
മനുഷ്യ ശരീരത്തിനുള്ളിലേക്ക് കടക്കാനും ഉള്ളിലൂടെ സഞ്ചരിക്കാനും ശേഷിയുള്ള മൈക്രോ റോബോട്ടുകളെ അവതരിപ്പിച്ച് കോര്‍നെല്‍ സര്‍വകലാശാലയിലെ എൻജിനീയര്‍മാര്‍. പുരുഷ ബീജത്തിന്റെ സഞ്ചാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഈ സൂഷ്മ റോബോട്ടിന് അള്‍ട്രാസോണിക് വേവ്സിന്റെ സഹായത്തില്‍ സഞ്ചരിക്കാനും സാധിക്കും. മനുഷ്യ ശരീരത്തിലെ അവയവങ്ങളെ കേന്ദ്രീകരിച്ച് മരുന്നുകള്‍ നല്‍കുന്നതിന് ഭാവിയില്‍ ഈ റോബോട്ടുകള്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു.
ബാക്ടീരിയ മുതല്‍ അര്‍ബുദ രോഗാണുക്കളുടെ വരെ സഞ്ചാരത്തെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രൊഫ. മിങ്മിങ് വുവും സംഘവും. മനുഷ്യ ശരീരത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന പുറമേ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന മൈക്രോറോബോട്ടുകളെ നിര്‍മിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ബാക്ടീരിയകളെ അനുകരിക്കുന്ന 3ഡി മാതൃകകള്‍ നിര്‍മിക്കുകയാണ് തുടക്കത്തില്‍ അവര്‍ ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഇവ നല്‍കിയില്ല. മനുഷ്യ ശരീരത്തിലൂടെ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് ഇത്തരം സൂഷ്മ റോബോട്ടുകള്‍ക്ക് എങ്ങനെ പ്രാപ്തമാക്കുമെന്നതായിരുന്നു വുവിന്റേയും സംഘത്തിന്റേയും മുന്നിലെ പ്രധാനവെല്ലുവിളി.
'ചുറ്റുമുള്ള ദ്രാവകങ്ങളില്‍ നിന്നും ജൈവിക പദാര്‍ഥങ്ങള്‍ വലിച്ചെടുത്തുകൊണ്ടാണ് ബാക്ടീരിയകളും മറ്റും ഊര്‍ജം നേടുന്നത്. എന്നാല്‍ മനുഷ്യ നിര്‍മിത സൂഷ്മ റോബോട്ടുകള്‍ക്ക് ഈ ജൈവിക പ്രക്രിയ അനുകരിക്കുന്നതില്‍ നിരവധി പരിമിതികളുണ്ട്. ബാറ്ററികളേയും വഹിച്ചുകൊണ്ട് സഞ്ചരിക്കുകയെന്നത് നിലവിലെ സാങ്കേതികവിദ്യയില്‍ അസാധ്യവുമാണ്' പ്രൊഫ. മിങ് മിങ് വു പറയുന്നു. ഇതിന് പകരമാണ് ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള ശബ്ദ തരംഗങ്ങളെ ഉപയോഗിച്ച് മൈക്രോബോട്ടുകളെ ചലിപ്പിക്കാനുള്ള സാധ്യത വുവും സംഘവും ആരായുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്നതിലും ഉയര്‍ന്ന ആവര്ത്തിയായതിനാല് ഇത്തരം ഹൈ ഫ്രീക്വന്‍സി ശബ്ദ തരംഗങ്ങളെ പരീക്ഷണ ശാലകളില്‍ പരീക്ഷിക്കുന്നതിനും പ്രതിബന്ധങ്ങളുണ്ടായിരുന്നില്ല.
പിന്‍ഭാഗം കുഴിഞ്ഞ ആകൃതിയിലാണ് ഈ സൂഷ്മറോബോട്ടുകളെ നിര്‍മിച്ചത്. ആകൃതിയുടെ ഈ പ്രത്യേകത മൂലം മനുഷ്യ ശരീരത്തിലെ സൂഷ്മസുഷിരങ്ങളില്‍ വായു കുമികള്‍ നിര്‍മിക്കാന്‍ ഇവക്ക് സാധിക്കും. അള്‍ട്രാ സൗണ്ട് തരംഗങ്ങള്‍ക്ക് ഈ വായു കുമിളകളെ കറക്കാനും അതുവഴി മുന്നോട്ടു നീന്തി പോകുന്നതിനും സഹായിക്കാനാകും.
കോര്‍നെല്‍ സര്‍വകലാശാലയിലെ എൻജിനീയര്‍മാര്‍ ഓരോ സൂഷ്മറോബോട്ടിനും രണ്ട് വായുകുമിളകള്‍ വീതം നിര്‍മിക്കുന്നതില്‍ വിജയിച്ചു. വ്യത്യസ്ത വലുപ്പത്തിലുള്ള കുമിളകള്‍ ഓരോ സൂഷ്മറോബോട്ടിനും നിര്‍മിക്കാനും അള്‍ട്രാ സൗണ്ട് തരംഗങ്ങളുടെ ഫ്രീക്വന്‍സിയില്‍ വ്യത്യാസം വരുത്തിക്കൊണ്ട് ഇവയില്‍ ഏതെങ്കിലുമൊരു കുമിളയേയും അതുവഴി സൂഷ്മ റോബോട്ടിനെ തന്നെയും ചലിപ്പിക്കാനും സാധിച്ചു.
ശരീരത്തിന് പ്രശ്നമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മൈക്രോ റോബോട്ടിനെ നിര്‍മിക്കുന്നതായിരുന്നു ഗവേഷകര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. സ്വാഭാവികമായും ശരീരത്തില്‍ ജീര്‍ണിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മൈക്രോബോട്ടുകളെ നിര്‍മിക്കുകയായിരുന്നു ഇതിനുള്ള പരിഹാരമായി കണ്ടെത്തിയത്. ഒരേസമയം ഒരുപാട് മൈക്രോബോട്ടുകളെ വിടുകയായിരുന്നു മറ്റൊരു തന്ത്രം. എണ്ണത്തില്‍ നിരവധിയുണ്ടെങ്കിലും ലക്ഷ്യത്തില്‍ സാധാരണ നിലയില്‍ ഒന്ന് എത്തുന്ന പുരുഷ ബീജത്തിന്റെ രീതിയാണ് ഇവിടെ ഗവേഷകര്‍ സ്വീകരിച്ചത്.
'ഒരുപാട് മൈക്രോറോബോട്ടുകളെ വിടുന്നതു വഴി പലതും ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാലും അത് ലക്ഷ്യത്തെ ബാധിക്കില്ല. ഇതേ മാര്‍ഗത്തിലാണ് പ്രകൃതി പ്രവര്‍ത്തിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കൂടുതല്‍ സുസ്ഥിരമായ രീതിയാണിത്. ചെറുതാണെന്നതിന് ദുര്‍ബലമാണെന്ന അര്‍ഥമില്ല. കൂട്ടത്തോടെ വരുമ്പോള്‍ ഇവയെ തോല്പിക്കുക എളുപ്പമല്ല. പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുമ്പോഴാണ് ഇവ കൂടുതല്‍ സുസ്ഥിരമാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇത് പ്രായോഗികമാണെന്ന് പ്രകൃതി തന്നെ തെളിയിച്ചതാണ്' പ്രൊഫ. മിങ്മിങ് വു പറയുന്നു.
English Summary: Sperm-inspired swimming robots ride ultrasonic waves through body