ഇന്ത്യയ്ക്ക് അഭിമാനമായി അജ്‌നാഎക്‌സ്ആര്‍; അവാര്‍ഡ് നേടി എംആര്‍ ഹെഡ്‌സെറ്റ്
Mail This Article
ആപ്പിള്‍ കമ്പനി ഈ വര്‍ഷം അനാവരണം ചെയ്തേക്കുമെന്നു കരുതുന്ന തരത്തിലൊരു ഹെഡ്‌സെറ്റ് പുറത്തിറക്കി അവാര്‍ഡ് നേടിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. സ്മാര്‍ട്ഫോണ്‍ നിര്‍മാണ വിപ്ലവത്തിന്റെ തുടക്ക ഘട്ടത്തില്‍ ഇന്ത്യ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍, അതായിരിക്കില്ല വെര്‍ച്വല്‍ റിയാലിറ്റി-ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റുകളുടെ കാര്യത്തില്‍ സംഭവിക്കുക. സ്മാര്‍ട്ഫോണുകളുടെയും മറ്റും തുടക്ക കാലഘട്ടത്തില്‍ അവ മറ്റു രാജ്യങ്ങളിലാണ് നിർമിക്കപ്പെട്ടതെങ്കില്‍, ഒരു മിക്‌സ്ഡ് റിയാലിറ്റി (എംആര്‍) ഹെഡ്‌സെറ്റ് നിര്‍മിക്കുക മാത്രമല്ല അതിന്റെ മികവിന് അവാര്‍ഡും നേടിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ അജ്‌നാലെന്‍സ്.
അജ്‌നാഎക്‌സ്ആര്‍
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ലോകത്തെ പ്രധാന ടെക്നോളജി ഷോ ആയ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ (സിഇഎസ്) പരിചയപ്പെടുത്തിയ അജ്‌നാഎക്‌സ്ആര്‍ ഹെഡ്‌സെറ്റാണ് സിഇഎസ് ഇന്നവേഷന്‍ അവാര്‍ഡ്‌സ് 2023 ഓണറീ (honoree) അവാര്‍ഡിന് അർഹമായത്. ഇതാണ് ഈ വിഭാഗത്തില്‍ ഇതുവരെ പുറത്തിറക്കപ്പെട്ടതില്‍ ഏറ്റവും നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നത് എന്നാണ് ബിസിനസ് ടുഡെ പറയുന്നത്. അജ്‌നാഎക്‌സ്ആറിന്റെ ഭാരം 390 ഗ്രാമാണ്. ഇതിന് ഇരട്ട 2.1-ഇഞ്ച് എഫ്-എല്‍സിഡി ഡിസ്‌പ്ലെയാണ് ഉള്ളത്. പോയിന്റ് ഓഫ് വ്യൂ 95-108 ഡിഗ്രിയാണ്. ഫോവിയേറ്റഡ് റെന്‍ഡറിങ് സപ്പോര്‍ട്ടും ഉണ്ട്. സ്‌ക്രീനിന്റെ റിഫ്രെഷ് റെയ്റ്റ് 90 ഹെട്‌സ് ആണ്. ഈ ഗ്ലാസിന്റെ രണ്ടു വേര്‍ഷന്‍സ് ഉണ്ട്-റെഗുലര്‍ വേര്‍ഷനും (3200x1600 പി റെസലൂഷന്‍), 5കെ (4560x2280 പി) റെസലൂഷനും.
പ്രൊസസര്‍
ക്വാല്‍കം എക്‌സ്ആര്‍2 ചിപ്പാണ് അജ്‌നാഎക്‌സ്ആറിലുള്ളത്. ക്രമീകരിക്കാവുന്ന ഐപിഡി 60-68എംഎം ലെന്‍സുകളും ഡയോപ്റ്റര്‍ സപ്പോര്‍ട്ടും രണ്ട് ആര്‍ജിബി ക്യാമറയും ഹെഡ്‌സെറ്റിനുണ്ട്. ബാറ്ററി 5500എംഎഎച് ആണ്. മൂന്നു മണിക്കൂര്‍ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അതു മതിയായിരിക്കും.
അഭിമാന നിമിഷം
അജ്‌നാഎക്‌സ്ആറില്‍ അജ്‌നാവിദ്യാ പഠന പ്ലാറ്റ്‌ഫോമും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലൂടെ വെര്‍ച്വല്‍ ലോകത്തിനു വേണ്ട നൈപുണ്യങ്ങള്‍ പഠിച്ചെടുക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാം. ഒരു ആഗോള സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ട്രൂ മിക്‌സ്ഡ് റിയാലിറ്റി ഗ്ലാസസ് പരിചയപ്പെടുത്താനായതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് കമ്പനിയുടെ സഹസ്ഥാപകനായ അഭിജിത് പാട്ടില്‍ പറഞ്ഞു. ‘‘ഞങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യയില്‍ നൈപുണ്യമുള്ളവരുണ്ടെന്ന് ലോകത്തിനു മുമ്പില്‍ കാണിക്കുന്നു’’ അദ്ദേഹം പറയുന്നു. നിലവിലുള്ള എല്ലാത്തരം പരിശീലനങ്ങളെക്കാളും പലമടങ്ങ് മികവുറ്റതായിരിക്കും അജ്‌നാലെന്‍സ് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് പിഡബ്ല്യുസി നടത്തിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്.
സേവനം സൈന്യത്തിനു വരെ നല്‍കുന്നു
അജ്‌നാലെന്‍സിന്റെ സാങ്കേതികവിദ്യ, ഇന്ത്യന്‍ സൈന്യം, ഇന്ത്യന്‍ നാവികസേന, ഡിആര്‍ഡിഒ, പ്രതിരോധ വകുപ്പ്, വേദാന്ത, എല്‍ആന്‍ഡ്ടി, ടാറ്റാ ടെക്‌നോളജീസ് തുടങ്ങിയവര്‍ ഉപയോഗിക്കുന്നുണ്ട്. ക്വാല്‍കം, എന്‍വിഡിയ, അണ്‍റിയല്‍ എൻജിന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അജ്‌നാലെന്‍സ് പ്രവര്‍ത്തിക്കുന്നത്. വിആര്‍-എആര്‍ ഹെഡ്‌സെറ്റുകളുടെ നിര്‍മാണത്തിലും വില്‍പനയിലും ഈ വര്‍ഷം വന്‍ കുതിപ്പ് ഉണ്ടായേക്കാം.
എച്ടിസി വൈവ് എക്‌സ്ആര്‍ എലൈറ്റ് എംആര്‍ ഹെഡ്‌സെറ്റ് പുറത്തിറക്കി
ഇതുവരെ ഇറക്കപ്പെട്ട എംആര്‍ ഹെഡ്‌സെറ്റുകളില്‍ വച്ച് ഏറ്റവും ശക്തിയുള്ള ഉപകരണങ്ങളിലൊന്നായി കരുതപ്പെടുന്ന വൈവ് എക്‌സ്ആര്‍ എലൈറ്റ് പുറത്തിറക്കി. മുന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ എച്ടിസിയാണ് ഇതിനു പിന്നില്‍. മെറ്റാ കമ്പനിയുടെ ക്വെസ്റ്റ് 2ന് എതിരെ മികച്ച പ്രകടനം വൈവ് പുറത്തെടുക്കുമെന്നാണ് കരുതുന്നത്. കംപ്യൂട്ടറുകളും മറ്റുമായി സഹകരിക്കാതെ തന്നെ സ്വയം പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളതാണിത്. ഏകദേശം 90,800 രൂപയായിരിക്കും വില.
ബിഎസ്എന്‍എല്‍ 5ജി 2024ല്‍

ഇന്ത്യന്‍ ടെലികോം ഭീമന്മാരായ ജിയോയും എയര്‍ടെല്ലും തങ്ങളുടെ 5ജി സേവനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സർക്കാരിനു നിയന്ത്രണമുള്ള ബിഎസ്എന്‍എല്‍ അതിന്റെ 5ജി സേവനം 2024 മാര്‍ച്ച്-ഏപ്രില്‍ മുതലായിരിക്കുമത്രേ നൽകുക. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
മസ്‌ക് പിരിച്ചുവിട്ട ട്വിറ്റര്‍ ജോലിക്കാര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല
പുതിയ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്, മുന്‍ മേധാവി പരാഗ് അഗ്രവാള്‍ അടക്കം കമ്പനിയിലെ പകുതിയോളം ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കാര്‍ക്കും പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട പണം നല്‍കിയിട്ടില്ലെന്നാണ് സൂചന എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്യുന്നു.

200 ദശലക്ഷം ട്വിറ്റര്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വില്‍പനയ്ക്ക്
200 ദശലക്ഷത്തിലേറെ ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍ ഫോറങ്ങള്‍ ലീക്ക് ചെയ്തു എന്ന് റിപ്പോര്‍ട്ട്. ഇമെയില്‍ അഡ്രസ്, യൂസര്‍നെയിമുകള്‍, എന്നാണ് അക്കൗണ്ട് എടുത്തത്, എത്ര ഫോളോവര്‍മാരുണ്ട് തുടങ്ങിയ കാര്യങ്ങളാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നതത്രെ. 200,000 ഡോളര്‍ നല്‍കിയാല്‍ വിവരശേഖരമാകെ നൽകുമെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.
തങ്ങളുടെ ആദ്യ ടാബിന്റെ ടെസ്റ്റിങ് ഇന്ത്യയില്‍ തുടങ്ങി വണ്‍പ്ലസ്
വണ്‍പ്ലസ് കമ്പനി ഇറക്കാന്‍ പോകുന്ന ആദ്യ ടാബ്‌ലറ്റിന്റെ ടെസ്റ്റിങ് ഇന്ത്യയില്‍ തുടങ്ങി. വണ്‍പ്ലസ് പാഡ് അല്ലെങ്കില്‍ ടാബ് എന്നായിരിക്കും പേര് എന്നാണ് സൂചന. അതേസമയം, കമ്പനി ഈ വര്‍ഷം ഇറക്കുന്ന ഏറ്റവും പ്രീമിയം ഫോണായ വണ്‍പ്ലസ് 11 പ്രോ ഫെബ്രുവരി 7ന് പുറത്തിറക്കിയേക്കുമെന്നും കരുതുന്നു.
റൈസണ്‍ 7000 സീരീസ് കംപ്യൂട്ടര്‍ പ്രോസസര്‍ പുറത്തിറക്കി
എഎംഡി കമ്പനിയുടെ റൈസണ്‍ 7000 സീരീസ് കംപ്യൂട്ടര്‍ പ്രോസസര്‍ പുറത്തിറക്കി. ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്ടോപ്പുകള്‍ക്കും ഉള്ളതാണ് ഇവ. ഇതില്‍ റൈസണ്‍ 7045എച്എക്‌സ് ആണ് തങ്ങള്‍ ഇന്നേവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് ശക്തിയുളള പ്രോസസറെന്ന് കമ്പനി പറയുന്നു.
ആമസോണില്‍ 18,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
സിലിക്കന്‍ വാലി കമ്പനികള്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി ജോലിക്കാരെ പിരിച്ചുവിടുകയാണ്. തങ്ങള്‍ ഏകദേശം 18,000 പേരെ പിരിച്ചുവിടുകയാണ് എന്നാണ് ഓണ്‍ലൈന്‍ വില്‍പനാ ഭീമന്‍ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 300,000 പേര്‍ ജോലിചെയ്യുന്ന കമ്പനിയിലെ 6 ശതമാനത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക.
റെഡ്മി കെ60 സീരീസിന് 30,000 രൂപയിലേറെ വില
ഷഓമിയുടെ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കാന്‍ പോകുന്ന കെ60 സീരിസിന് 30,000 രൂപയിലേറെ വില വരുമെന്ന് കമ്പനി പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2ല്‍ പ്രവര്‍ത്തിക്കുന്ന കെ60 പ്രോ മോഡലിൽ ഉജ്ജ്വല ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. പ്രോ മോഡലിന് 16ജിബി വരെ റാമുള്ള വേരിയന്റുകള്‍ ഉണ്ടായിരിക്കും. അതേസമയം, കെ60 മോഡലിന് കഴിഞ്ഞ വര്‍ഷത്തെ സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആയിരിക്കും ശക്തി പകരുക. റെഡ്മി കെ60ഇ എന്നൊരു ഹാന്‍ഡ്‌സെറ്റും ഉണ്ടായിരിക്കും. ഇതിന് മീഡിയാടെക് ഡിമെന്‍സിറ്റി 8100 ആയിരിക്കും പ്രോസസര്‍.
English Summary: How AjnaLens is using VR and the Metaverse to upskill India