ഐഫോണ്‍ 15 പ്രോ സീരിസ് ആപ്പിള്‍ വാച്ച് അള്‍ട്രായെപ്പോലെ അണിഞ്ഞൊരുങ്ങിയേക്കും!
Mail This Article
ചരിത്രത്തിലാദ്യമായി ഐഫോണുകള്‍ക്കു ടൈറ്റാനിയം ചട്ടക്കൂട് ഉപയോഗിച്ചേക്കാമെന്നും അത് ആപ്പിള്‍ വാച്ച് അള്‍ട്രായുടെ നിര്‍മാണ രീതിയില്‍നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്കായിരിക്കും പുതിയ വേഷം ലഭിക്കുക. തൊട്ടുമുമ്പുള്ള പ്രൊ സീരിസ് ഫോണുകള്‍, 12 പ്രോ, 13 പ്രോ, 14 പ്രോ എന്നിവയെ വേര്‍തിരിച്ചു നിറുത്തുന്നത് അവയുടെ സ്‌റ്റെയ്ൻലസ് സ്റ്റീല്‍ ചട്ടക്കൂടാണ്. അതിനു പകരമാണ് ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന പ്രോ മോഡലുകളില്‍ ടൈറ്റാനിയം ഉപയോഗിക്കുക.
കൂടുതല്‍ കരുത്തുറ്റതാകും
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ എല്ലാം പുതിയ പ്രീമിയം മോഡലുകളില്‍ വരാവുന്ന ഫീച്ചറുകളെക്കുറിച്ച് ആകാംക്ഷയുള്ളവരാണ്. ഹൈടോങ് ഇന്റര്‍നാഷനല്‍ സെക്യുരിറ്റീസിലെ വിശകലന വിദഗ്ധന്‍ ജെഫ് പു പറയുന്നതു വിശ്വസിക്കാമെങ്കില്‍, ഒരേസമയം കരുത്തുറ്റതും തൊട്ടു മുമ്പിലെ തലമുറയെ അപേക്ഷിച്ച് ഭാരക്കുറവുള്ളതുമായിരിക്കും ഐഫോണ്‍ 15 പ്രോ സീരിസ്. സ്റ്റീലിനു പകരം ടൈറ്റാനിയം ഉപയോഗിക്കുമ്പോള്‍ വരുന്ന മാറ്റമാണത്. അടുത്ത ഐഫോണ്‍ പ്രോ സീരിസില്‍ ടൈറ്റാനിയം ഉപയോഗിക്കാനുള്ള സാധ്യതയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും, ഇതുപയോഗിച്ചാല്‍എന്തു സംഭവിക്കാമെന്നു പഠിച്ചുവരികയാണ് ആപ്പിള്‍. ഈ ലോഹം ഉപയോഗിച്ച് മറ്റൊരു കമ്പനിയും ഫോണ്‍ ഇറക്കിയിട്ടില്ല എന്നതിനാല്‍, ഇതിപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതുമായി മുന്നോട്ടു പോകണോ എന്ന തീരുമാനം മേയ് അവസാനമായിരിക്കാം ആപ്പിള്‍ എടുക്കുക.
ക്യാമറ, കരുത്ത്
ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകള്‍ ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതാകട്ടെ, തയ്‌വാൻ കമ്പനിയായ ടിഎസ്എംസിയുടെ 3എന്‍എം പ്രൊസസ് ഉപയോഗിച്ചു നിര്‍മിക്കുന്നതായിരിക്കും. പ്രോ മോഡലുകള്‍ക്ക് റാം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അതിനു പുറമെ, യുഎസ്ബി-സിയും ഈ വര്‍ഷം ഐഫോണില്‍ അരങ്ങേറ്റം നടത്തിയേക്കും.
6 മടങ്ങ് പെരിസ്‌കോപ് സൂം
അതേസമയം, ഈ വര്‍ഷം ഐഫോണില്‍ ആദ്യമായി പെരിസ്‌കോപ് സൂം ലെന്‍സ് വന്നേക്കുമെന്നും കരുതുന്നു. പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകള്‍ വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിലവില്‍ 3 മടങ്ങ് സൂമാണ് ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുളളത്. ഇത് 6 മടങ്ങായി വർധിച്ചേക്കും. ഐഫോണ്‍ 15 പ്രോയില്‍ കണ്ട 48എംപി പ്രധാന ക്യാമറ നിലനിര്‍ത്തുമെന്നാണ് സൂചന. നിലവില്‍ പ്രധാന ക്യാമറയ്ക്കു മാത്രമാണ് 48എംപി സെന്‍സര്‍. കൂടുതല്‍ ക്യാമറകല്‍ക്ക് കൂടിയ മെഗാപിക്‌സല്‍ ക്യാമറാ മൊഡ്യൂളുകള്‍ ഉപോയഗിക്കുമോ എന്ന് വ്യക്തമല്ല. പുതിയ ഐഫോണുകളില്‍ പുതുമയാര്‍ന്ന ക്യാമറാ ഫീച്ചര്‍ എല്ലാ വര്‍ഷവും ആപ്പിള്‍ നല്‍കുന്നതിനാല്‍ കൂടുതല്‍ മാറ്റം പ്രതീക്ഷിക്കാം.
പ്രോ സീരിസില്‍ പെടാത്ത ഫോണുകള്‍ക്കും 48എംപി ക്യാമറ?
കഴിഞ്ഞ വര്‍ഷത്തെ ശ്രേണിയെപ്പോലെ തന്നെയായിരിക്കും ഈ വര്‍ഷത്തെ മോഡലുകളും. അതായത് 6.1-ഇഞ്ച് ഡിസ്‌പ്ലെയുള്ള ഐഫോണ്‍ 15, 15 പ്രോ എന്നിവയും, 6.7-ഇഞ്ച് സ്‌ക്രീനുള്ള ഐഫോണ്‍ 15 പ്ലസ്, 15 പ്രോ മാക്‌സ് എന്നിവയും പുറത്തിറക്കുമെന്നു കരുതുന്നു. അതേസമയം, പ്രോ സീരിസില്‍ പ്രൊസറും ഡിസ്‌പ്ലെ സാങ്കേതികവിദ്യയും അടക്കം എല്ലാം ഏറ്റവും മികച്ചതായിരിക്കും. സ്പീഡ് കുറഞ്ഞ യുഎസ്ബി-സി പോര്‍ട്ടായിരിക്കും ഐഫോണ്‍ 15 സീരീസില്‍ എന്നും പറയുന്നു. എന്നാല്‍, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് ഈ വര്‍ഷം 48എംപി ക്യാമറ ലഭിച്ചേക്കുമെന്നും വാദമുണ്ട്.
വില വർധിച്ചേക്കും
പ്രോ മോഡലുകള്‍ക്ക് ഈ വര്‍ഷം വില വർധിച്ചേക്കുമെന്നും മാക്‌റൂമേഴ്‌സ് പറയുന്നു. തുടക്ക വേരിയന്റിന് ഇന്ത്യയില്‍ 10,000 രൂപ വർധിച്ചേക്കാം.
ഒപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ് വില്‍പനയ്ക്ക്
അടുത്ത തലമുറ സ്മാര്‍ട്ഫോണുകള്‍ ഒന്നിലേറെ മടക്കുകള്‍ ഉള്ളവയായിരിക്കും എന്നുള്ള പ്രവചനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. മടക്കാവുന്ന ഫോണുകള്‍ക്ക് പല അധിക ഗുണങ്ങളും ഉണ്ടെങ്കിലും അവ പരീക്ഷിച്ചു നോക്കാന്‍ പലര്‍ക്കും സാധിക്കാത്തതിനുകാരണം വില തന്നെയാണ്. താരതമ്യേന വല കുറഞ്ഞ ഒരു ഫ്‌ളിപ് ഫോണാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഒപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്. എംആര്‍പി 89,999 രൂപ. വിജയ് സെയില്‍സ് വഴിയാണ് വാങ്ങുന്നതെങ്കില്‍ ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 5,000 ക്യാഷ്ബാക്കും ഉള്‍പ്പെടും.
ഏതാനും ഫീച്ചറുകള്‍
ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ശക്തി കേന്ദ്രം മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്ലസ് പ്രൊസസറാണ്. റാം 8ജിബിയാണ്. വിഖ്യാത ക്യാമറാ നിര്‍മാതാവായ ഹാസല്‍ബ്ലാഡിന്റെ സഹകരണത്തോടെ നിര്‍മിച്ച ഇരട്ട പിന്‍ ക്യാമറാ സിസ്റ്റം ആണ്പിന്നില്‍. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 50എപി റെസലൂഷന്‍ ഉണ്ട്. ഒപ്പമുള്ളത് 8എംപി അള്‍ഡ്രാ-വൈഡ് ക്യാമറയാണ്. സെല്‍ഫിക്കായി 32എംപി ക്യാമറയും ഉണ്ട്.
വിപ്രോ അമേരിക്കയില്‍ 120 ജോലിക്കാരെ പിരിച്ചുവിട്ടു; ഒറ്റപ്പെട്ട സംഭവമെന്ന് കമ്പനി
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ വിപ്രോ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ ഓഫിസില്‍നിന്ന് 120 ജോലിക്കാരെ പിരിച്ചുവിട്ടു. എന്നാല്‍, ഇത് ടെക്‌നോളജി മേഖലയില്‍ ഇപ്പോള്‍ കാണുന്ന പിരിച്ചുവിടലിന്റെ ഭാഗമല്ലെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. കമ്പനിയുടെ ചില വിഭാഗങ്ങളെ ഒരുമിപ്പിച്ചപ്പോഴാണ് നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
മോട്ടോ ടാബ് ജി70യുടെ വില കുറച്ചു
മോട്ടോ ടാബ് ജി70 മോഡല്‍ 2022 ജനുവരിയിലാണ് ഇന്ത്യയില്‍ വില്‍പന തുടങ്ങിയത്. എംആര്‍പി 21,999 രൂപയായിരുന്നു. അതിന്റെ വില ഇപ്പോള്‍ കുറച്ച് 19,999 ആക്കിയിരിക്കുകയാണ് കമ്പനി. ഈ ആന്‍ഡ്രോയിഡ് ടാബിന് 11-ഇഞ്ച് ആണ് വലിപ്പം. മീഡിയാടെക് ഹെലിയോജി90ടി ആണ് പ്രൊസസര്‍. റാം 4ജിബി. ടാബിന് 13എംപി പിന്‍ ക്യാമറയും, 8എംപി മുന്‍ ക്യാമറയു ഉണ്ട്. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു സ്പീക്കറുകളാണ് ടാബിനുള്ളത്.
ഭാരക്കുറവുള്ള ഹെഡ്‌ഫോണുമായി സോണി
മിക്ക ഹെഡ്‌ഫോണുകളും മികച്ച സ്വരം നല്‍കുമെങ്കിലും അവ അണിഞ്ഞ് അധിക നേരം ഇരുന്നാല്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടും. അത് ഒഴിവാക്കാനാണ് സ്വരമേന്മ കുറഞ്ഞാലും വേണ്ടില്ല എന്നു പറഞ്ഞ് മിക്കവരും ഇയര്‍ഫോണ്‍ മതിയെന്നു വയ്ക്കുന്നത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സോണി നിര്‍മ്മിച്ച ഹെഡ്‌സെറ്റാണ് പുതിയ ഡബ്ല്യൂഎച്-സിഎച്720എന്‍. ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഈ ഹെഡ്‌സെറ്റിന് 9,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി സോണി ഡബ്ല്യൂഎച്-സിഎച്720എന്റെ വില്‍പ്പന തുടങ്ങി.
ബിങ് സേര്‍ച്ച് ഇപ്പോള്‍ പരീക്ഷിക്കാം
മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടിയില്‍ ഉള്ളതു പോലെയുള്ള എഐ സംവിധാനം ഉള്‍ക്കൊള്ളിച്ച ബിങ് സേര്‍ച്ച് എൻജിന്‍ ഉപയോഗിക്കാന്‍ ഇനി കാത്തിരിക്കേണ്ട. ഇതിലെ എഐ ചാറ്റ് പ്രയോജനപ്പെടുത്തണം എന്നുള്ളവര്‍ സൈന്‍-ഇന്‍ ചെയ്യണം.
റിയല്‍മി 10ന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
ഇടത്തരം പ്രകടനം കാഴ്ചയവയ്ക്കുന്ന സ്മാര്‍ട്ഫോണായ റിയല്‍മി 10ന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി.
English Summary: iPhone 15 Pro Rumored To Ditch Stainless Steel for Titanium