ADVERTISEMENT

 ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’– പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മ്യാൻമറിൽ. മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും ഇവർ പറയുന്നു.

തായ്‌ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഇവരെല്ലാം അപേക്ഷിച്ചത്. 6000 ചൈനീസ് യുവാൻ (ഏകദേശം 72,000 രൂപ) ശമ്പളവാഗ്ദാനമായിരുന്നു പ്രധാന ആകർഷണം. കംപ്യൂട്ടർ പരിചയവും ഇംഗ്ലിഷ് പ്രാവീണ്യവും ആയിരുന്നു ആവശ്യപ്പെട്ട യോഗ്യതകൾ.

ബാങ്കോക്കിൽ എത്തിയ ഇവരെ കാത്തിരുന്നതു തായ് സ്വദേശിയായ ഡ്രൈവറാണ്. മണിക്കൂറുകൾക്കു ശേഷം മ്യാൻമർ അതിർത്തിയിൽ എത്തിയപ്പോഴാണ് താ‌യ്‌ലൻഡിൽ അല്ല ജോലിയെന്നു തിരിച്ചറിഞ്ഞത്. അതിർത്തിപ്രദേശത്തു പരിശോധന ഉണ്ടായിരുന്നെങ്കിലും തടസ്സമുണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പുകാരും ചേർന്നാണ് ഇടപാടുകൾ എന്നതിന് ഇതു തെളിവാണെന്നും ഇവർ വിവരിക്കുന്നു.

മ്യാൻമർ മ്യാവാഡി മേഖലയിലെ കെകെ പോർട്ട് ടൗൺഷിപ്പിലെ കമ്പനികളിലാണ് എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് എത്തിച്ചതെന്നു മനസ്സിലായപ്പോഴേക്കും കുരുക്ക് മുറുകിയിരുന്നു. ജോലി ഉപേക്ഷിച്ചാൽ 3000 യുഎസ് ഡോളറും പിരിച്ചുവിട്ടാൽ 1000 ഡോളറും നൽകണമെന്നതുൾപ്പെടെ കരാറിലെ വ്യവസ്ഥകൾ കുരുക്കായി.

ജോലിക്ക് എത്തിയപാടെ ഇവരുടെ ഫോണുകളിൽനിന്നു പരസ്യത്തിന്റെയും കോളുകളുടെയും വിവരങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. ഓഫിസിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഫോണിന്റെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ചു മറച്ചു.

ഇതിനിടെയാണ് ചൈനയുടെ ഇടപെടലിനെത്തുടർന്നു മ്യാൻമർ സൈന്യം രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഇതിനെ ആശ്രയിച്ചവരാണ് ഇപ്പോൾ മടങ്ങിയെത്തിയത്. 26 ദിവസം മ്യാൻമർ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട് തായ‌്‌ലൻഡിൽ എത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിച്ചത്.

English Summary:

News Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com