യുഎസിൽ ചെലവുചുരുക്കൽ കാലം, വെറ്ററൻസ് അഫയേഴ്സിലെ 82,000 പേരെ പിരിച്ചുവിടും

Mail This Article
യുഎസിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതി തയാർ. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്കു തിരിച്ചുപോകുകയാണു ലക്ഷ്യം. അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമാണ് ജീവനക്കാരെ പറഞ്ഞുവിടുന്നത്. ഇലോൺ മസ്ക് മേധാവിയായുള്ള സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടത്തിലാണിത്. ഇതര സർക്കാർ ഏജൻസികളിൽ നടപ്പാക്കാൻ പോകുന്ന പിരിച്ചുവിടലുകളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ് വെറ്ററൻസ് അഫയേഴ്സിൽ പദ്ധതിയിടുന്നത്.
വലിയ വിഷമത്തോടെയാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്ന് അറിയിച്ച വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ് കോളിൻസ് ഒപ്പം ഫെഡറൽ സർക്കാരിന്റെ നിലപാടു വ്യക്തമാക്കി: ആളുകളെ ജോലിക്കെടുക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് സർക്കാർ.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിനെതിരെ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് പോലെയുള്ള സംഘടനകൾ രംഗത്തെത്തി. വിമുക്ത ഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും അനാവശ്യ ക്ലേശങ്ങൾ സമ്മാനിക്കുന്നതാകും പുതിയ നടപടിയെന്നു സംഘടനകൾ കുറ്റപ്പെടുത്തി. വിമുക്തഭടന്മാർക്കുള്ള സേവനങ്ങൾ സ്വകാര്യവൽക്കരിക്കാനാണു നീക്കമെന്ന് ഡെമോക്രാറ്റ് നേതാക്കൾ ആരോപിച്ചു.
ഫെഡറൽ സർക്കാരിൽ ഏകദേശം 23 ലക്ഷം ജീവനക്കാരാണുള്ളത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം 25,000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ കണക്കുകൾ. 75,000 പേർ സ്വയം വിരമിക്കൽ തിരഞ്ഞെടുത്തു.