ശ്രീപത്മനാഭന്റെ നാട്- ഒരു പ്രധാന ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നാടിന്റെ ചരിത്രം. പരസ്പരം ഇഴചേർന്ന ആ ചരിത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. തിരുവനന്തപുരം ജില്ലയ്ക്ക് ആ പേര് ലഭിച്ചതുതന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നാണ്. അനന്തന്റെ (വിഷ്ണു ഭഗവാൻ) പുരി (നാട്) എന്നാണ് തിരുവനന്തപുരത്തിന്റെ അർഥം. അനന്തശയനത്തിലുള്ള വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നീളം 18 അടി വരും. കരിങ്കല്ലിൽ തീർത്ത, നൂറടിയിലേറെ ഉയരമുള്ള കുംഭഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. ജീവൻ തുടിക്കുന്ന അനേകം ശിൽപങ്ങളും ഗോപുരത്തിന് ചൈതന്യനിറവു പകരുന്നു. മഹാവിഷ്ണുവിന്റെ അനന്തശയനത്തിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലെ ഏറ്റവും പരിശുദ്ധ ഭാഗം. നേപ്പാളിലെ കാളിഖണ്ഡകി നദിയിൽനിന്നുള്ള 12,008 സാളഗ്രാമക്കല്ലുകളും ഔഷധങ്ങൾ നിറഞ്ഞ കടുശർക്കരയോഗം ചേർത്തായിരുന്നു 18 അടി നീളമുള്ള വിഗ്രഹത്തിന്റെ നിർമാണവും പ്രതിഷ്ഠയും.