കോട്ടയം ജില്ലയിൽ എരുമേലിക്ക് സമീപം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ പ്രധാനമായി ശബരിമല തീർത്ഥാടകർക്കു പ്രയോജനം ലഭിക്കുന്നരീതിയിൽ നിർമിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം. കേരള സർക്കാർ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ടേബിൾ ടോപ്പ് വിമാനത്താവളമാണ് ഇത്. ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു. ശബരിമല ധർമ്മശാസ്താക്ഷേത്രം നിർദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇതു മാറുന്നതാണ്.