ADVERTISEMENT

കൊളുക്കുമലയില്‍ നിന്നുള്ള ഡ്രോണ്‍ വിഡിയോ ദൃശ്യവുമായി നടന്‍ ദിനേശ് പ്രഭാകര്‍. പ്രശസ്തമായ സിങ്കപ്പാറയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്ന വിഡിയോ ആണ് നടന്‍ പങ്കുവച്ചത്. മഞ്ഞുമൂടിയ മലനിരകളും പച്ചപ്പുമെല്ലാമായി, കൊളുക്കുമലയുടെ വളരെ സുന്ദരമായ ഒരു ഭാവമാണ് ഈ വിഡിയോയില്‍ കാണുന്നത്. 

munnar-trip-kolukumala
കൊളുക്കുമലയിൽ നിന്നുള്ള കാഴ്ച

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള ഇടമാണ് കൊളുക്കുമല. മൂന്നാറിൽ നിന്ന് 38 കിലോമീറ്റർ തെക്കുകിഴക്കായി, തമിഴ്നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന ഈ സുന്ദരഭൂമി, കാലങ്ങളായി സഞ്ചാരികളുടെ പറുദീസയാണ്. നീലക്കുറിഞ്ഞികൾ പൂക്കുന്ന കൊളുക്കുമലയോട് ചേർന്നാണു സിങ്കപ്പാറ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 8,500 അടി ഉയരത്തിലുള്ള കീഴ്ക്കാംതൂക്കായ മലയിലാണ് സിങ്കപ്പാറ. വാ തുറന്ന സിംഹത്തിന്‍റെ മുഖവുമായി സാദൃശ്യമുള്ളതിനാലാണ് ഇതിനു സിങ്കപ്പാറ എന്നു പേര് വന്നത്. 

kolukumala
കൊളുക്കുമലയിൽ നിന്നുള്ള കാഴ്ച

പുലര്‍കാലത്ത് മഞ്ഞിൻകണങ്ങൾക്കുള്ളില്‍ മഴവില്‍ക്കാഴ്ച ഒരുക്കുന്ന സൂര്യോദയം ഇവിടെ മനോഹരകാഴ്ചയാണ്. ഈ കാഴ്ച കാണാൻ ഒട്ടേറെ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 8,561 അടി ഉയരത്തിലുള്ള കൊളുക്കുമല, 6,988 അടി ഉയരത്തിലുള്ള തപ്പാടമല എന്നിവയാണ് സിങ്കപ്പാറയുടെ സമീപത്തെ മലനിരകൾ.

പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ പ്രധാന ആവാസകേന്ദ്രമാണ് മൂന്നാറിൽനിന്നു 17 കിലോമീറ്റർ അകലെയുള്ള ഇരവികുളം. ഇവിടെനിന്നു നാൽപതു കിലോമീറ്ററോളം അകലെയുള്ള കൊളുക്കുമലയിലും പരിസരത്തും വരയാടുകളെ കാണാനാകും.

കൊളുക്കുമല, മീശപ്പുലിമല, സിങ്കപ്പാറ, തീപ്പാടമല തുടങ്ങിയ വനമേഖലകളിലാണ് വരയാടുകൾ കഴിയുന്നത്.  ഇവിടത്തെ വരയാടുകൾ സഞ്ചാരികളോട് ഒട്ടും അടുപ്പമില്ലാത്തവയാണ്. ആളുകളെ കണ്ടാൽ ഓടിമറയുന്ന ഇവ ചിന്നക്കനാൽ ടൗണിനു തൊട്ടടുത്ത പുൽമേടുകളിൽവരെ മേയാനെത്തും.

കേരളത്തില്‍ നിന്നുള്ളവര്‍ക്കു കൊളുക്കുമലയിലേക്ക് പോകാന്‍ നമ്മുടെ സ്വന്തം കെഎസ്ആർടിസിയുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുമാണ് ബസ് ആരംഭിക്കുന്നത്. പെരുമ്പാവൂർ-കോതമംഗലം-കല്ലാർ-മൂന്നാർ-ദേവികുളം വഴി സൂര്യനെല്ലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണിത്. എറണാകുളത്തു നിന്നും സൂര്യനെല്ലിക്ക് ഒരാൾക്ക് വെറും 195 രൂപയാണ് ടിക്കറ്റ് നിരക്ക്. വെകുന്നേരം ഏഴുമണിയോടെ ബസ് സൂര്യനെല്ലിയിലെത്തും.

സൂര്യനെല്ലിയില്‍ എത്തിയാല്‍ രാത്രി ഇവിടെ ചെലവഴിക്കാം. സഞ്ചാരികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അടുത്തുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയും ഭക്ഷണവും മറ്റും ഉള്‍പ്പെടെയുള്ള പാക്കേജുകളും കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും. പിറ്റേ ദിവസം രാവിലെ സൂര്യനെല്ലിയിൽ നിന്നും ജീപ്പില്‍ കൊളുക്കുമലയിലേക്ക് യാത്ര ചെയ്യാം.

കൊളുക്കുമലയിലെ സൂര്യോദയം കാണാന്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിനു സഞ്ചാരികളാണ് എത്തുന്നത്. സൂര്യോദയം ആദ്യം തന്നെ കാണാന്‍ മലമുകളില്‍ ടെന്‍റ് കെട്ടി താമസിക്കാനാവും. താമസക്കാര്‍ക്കായി ക്യാംപ് ഫയർ, ലൈവ് മ്യൂസിക്, സിപ് ലൈൻ, ബാർബിക്യു തുടങ്ങിയവയും ഇവിടെ ഉണ്ടാകാറുണ്ട്. പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽ നിന്നു വെട്ടം വരുന്ന മനോഹരകാഴ്ച കാണാം.

75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്ടറിയാണ് കൊളുക്കുമലയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. ലോകത്തിലെതന്നെ ഏറ്റവും നല്ല ചായപ്പൊടികളിൽ ഒന്നാണ് കൊളുക്കുമലയില്‍ കിട്ടുന്നത്.

മീശപ്പുലിമല, തിപ്പാടമല, തേനി, കമ്പം തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ് സ്ഥിതിചെയ്യുന്നത്. കൂടാതെ, ദേവികുളം, ചിന്നാർ വന്യജീവി സങ്കേതം, മൂന്നാർ, തേക്കടി, മുതലായവയും അധികം ദൂരെയല്ല.

English Summary:

Dinesh Prabhakar's Mesmerizing Ascent of Singhapara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com