സഞ്ചാരികളേ ഇതിലേ, ചുരം കയറി ടൊവിനോ തോമസ്, വയനാട് 'ഹരിത പറുദീസ'യെന്ന് താരം
![tovino-wayanad 900 Kandi. Image Credit: tovinothomas/instagram](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-kerala/images/2024/11/16/tovino-wayanad.jpg?w=1120&h=583)
Mail This Article
ഉരുൾപൊട്ടലിൽ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും നാമാവശേഷമായപ്പോൾ സഞ്ചാരികളും ഒന്നു മടിച്ചു. ചുരം കയറി എത്തി വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൊതിച്ചവരൊക്കെ ആ പദ്ധതി വേണ്ടെന്നു വച്ചു. വയനാടിന്റെ തണുപ്പും പച്ചപ്പും ഹരിതാഭയും അത്ര പെട്ടെന്ന് കണ്ടില്ലെന്ന് നടിക്കാൻ ആരെയും കൊണ്ടാവില്ല. പതിയ പതിയെ വയനാടിന്റെ വിനോദസഞ്ചാര മേഖല പച്ചപിടിച്ചു വരികയാണ്.
വയനാട് എന്ന പച്ചപറുദീസ ആസ്വദിക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസും എത്തി. 'വയനാട് - ഹരിത പറുദീസ' എന്ന അടിക്കുറിപ്പോടെ 900 കണ്ടിയിലെ ഗ്ലാസ് ബ്രിജിൽ നിന്നുള്ള ചിത്രമാണ് ടൊവിനോ തോമസ് പങ്കുവച്ചത്. ഗ്ലാസ് ബ്രിഡ്ജിന്റെ പശ്ചാത്തലത്തിൽ പച്ചപ്പാർന്ന മലനിരകളും കാണാം. ഒരു മലയണ്ണാൻ മരത്തിൽ കൂടി ചാടിക്കയറി പോകുന്നതിന്റെ വിഡിയോയും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
![tovino-wayanad320 900 Kandi. Image Credit: tovinothomas/instagram](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=370&h=478)
തൊള്ളായിരം കണ്ടിയിലെ പ്രധാന ആകർഷണം ഇവിടുത്തെ ഗ്ലാസ് ബ്രിജാണ്. ഗ്ലാസ് ബ്രിജിൽ കയറിയാൽ വയനാടിന്റെ പച്ചപ്പ് ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഓഫ് റോഡ് ട്രിപ്പോടെയാണ് 900 കണ്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വഴിയിൽ വെള്ളച്ചാട്ടങ്ങളും ചതുപ്പുനിലങ്ങളും ഇടതൂർന്ന വനങ്ങളും കാണാൻ കഴിയും. ഗ്ലാസ് ബ്രിജിലൂടെയുള്ള സ്കൈ വാക്കാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. കാൽനടയാത്ര നടത്തുന്നതാണ് ഈ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം.
![tovino-wayanad3202 900 Kandi. Image Credit: tovinothomas/instagram](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=370&h=478)
താമരശ്ശേരി ചുരം കയറിയെത്തിയാൽ വ്യൂപോയിന്റ് മുതൽ വയനാടിന്റെ പ്രകൃതിഭംഗി നമുക്ക് ആസ്വദിച്ച് തുടങ്ങാം. വൈത്തിരിയിൽ എൻ ഊരും പൂക്കോട് തടാകവും. പടിഞ്ഞാറത്തറ എത്തിയാൽ കർലാട് തടാകം, ബാണാസുര സാഗർ ഡാമുമുണ്ട്. മാനന്തവാടിയിൽ പഴശി കുടീരം, മുനീശ്വരൻ മല, തോൽപ്പെട്ടി വന്യജീവി സങ്കേതം, തിരുനെല്ലി ക്ഷേത്രം, കുറുവ ദ്വീപ് എന്ന് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
പുൽപ്പള്ളി മാവിലാംതോടിലുള്ള പഴശ്ശി പാർക്ക്, മുത്തങ്ങ വന്യജീവി സങ്കേതം, ബത്തേരിയിലെ ജൈന ക്ഷേത്രം, അമ്പലവയലിലെ എടക്കൽ ഗുഹ, ചീങ്ങേരി മല, കാരാപ്പുഴ ഡാം, നല്ലാറച്ചാൽ വ്യൂപോയിന്റ്, കാന്തൻപാറ വെള്ളച്ചാട്ടം, ഹൃദയതടാകമുള്ള ചെമ്പ്ര മല തുടങ്ങി നിരവധി കാഴ്ചകളാണ് സഞ്ചാരികളെ വയനാട്ടിൽ കാത്തിരിക്കുന്നത്.