ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം; തിരക്ക് മറന്നുല്ലസിക്കാന്‍ ഇന്ത്യയിലെ ഈ മനോഹരയിടങ്ങള്‍!

Mail This Article
ജീവിതം വളരെ സാവധാനത്തിലും ശാന്തമായും ഒഴുകുന്ന ഇടങ്ങളാണ് ചെറുപട്ടണങ്ങള്‍. മൃഗങ്ങളും പക്ഷികളും, പ്രകൃതിയുടെ ആത്മാവറിഞ്ഞ് ജീവിക്കുന്ന മനുഷ്യരുമെല്ലാം ഇവിടെ വളരെ ആഴത്തില്‍ പരസ്പരമിടപഴകുന്നു. അയൽക്കാർ പരസ്പരം കുടുംബം പോലെ അറിയുന്നു, ഉത്സവങ്ങൾ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. ആളുകൾ പരസ്പരം കരുതുന്നു, ആരും ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന് ഉറപ്പാക്കുന്നു. ലാളിത്യത്തിന്‍റെയും ഊഷ്മളതയുടെയും കാലാതീതമായ ആകർഷണീയത ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകളെ മാടിവിളിക്കുന്നു.
പുലര്‍കാലത്തെഴുന്നേല്‍ക്കുമ്പോള്‍ കിളികളുടെ കിന്നാരം പറച്ചില്‍ കേട്ടുണരാനും പച്ചപ്പിലേക്ക് ഊളിയിടാനും രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കാനുമെല്ലാമായി ഇന്ത്യയില്‍ മനോഹരമായ ഒട്ടേറെ ചെറുപട്ടണങ്ങളുണ്ട്. നഗരത്തിലെ ചൂടും തിരക്കും കൊണ്ട് ശ്വാസംമുട്ടുമ്പോള്‍ ഉള്ളുകുളിര്‍പ്പിക്കാന്‍ ഈയിടങ്ങളിലേക്ക് യാത്രയാകാം...
നാക്കോ, ഹിമാചല്‍പ്രദേശ്
ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നാക്കോ ഗ്രാമം, അതിന്‍റെ സൗന്ദര്യവും നിശബ്ദതയും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. ഗംഭീരമായ കൊടുമുടികളും പച്ചപ്പു നിറഞ്ഞ താഴ്വരകളും നിറഞ്ഞ ഈ ഗ്രാമം, ഇന്തോ-ടിബറ്റൻ അതിർത്തിയിൽ, ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ഹിമാലയൻ നിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 360 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ നല്ലിങ് മുള്ളയിലേക്കുള്ള വഴിയിലെ അവസാന സ്ഥലമായി നാക്കോ ഗ്രാമത്തെ കണക്കാക്കാം. അവിടേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഒരു താൽക്കാലിക വിശ്രമ കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു.
ടിബറ്റൻ അതിർത്തിയോടു വളരെ അടുത്തായതിനാൽ, ഈ ഒറ്റപ്പെട്ട ഗ്രാമത്തിന്‍റെ ഏത് ഭാഗവും സന്ദർശിക്കാനും താമസിക്കാനും സന്ദർശകർക്ക് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. ചെറിയ ഗ്രാമമായതിനാല്‍ ഇവിടം മുഴുവനും നടന്നുതന്നെ കണ്ടുതീര്‍ക്കാം. നാക്കോ തടാകവും നാക്കോ മൊണാസ്ട്രിയും നാക്കോ ഗോമ്പയുമെല്ലാം പ്രധാന ആകര്‍ഷണങ്ങളാണ്. ജനുവരി മാസത്തിൽ ആഘോഷിക്കുന്ന സാസോ, ഫെബ്രുവരിയിലെ ഫാഗുല്‍ എന്നിവയും ബൈസാഖി, ഡാർക്ക്‌റായ്, ബീഷ് മുതലായവയുമെല്ലാം കണ്ടിരിക്കേണ്ട കാഴ്ചകളാണ്.
യാന, കര്‍ണ്ണാടക
കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മലനാട് പ്രദേശത്തിന്‍റെ ഭാഗമായ കട്ഗൽ മലനിരകളിലെ വനത്തിലാണ് യാന സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഈർപ്പമുള്ള ഗ്രാമങ്ങളിൽ ഒന്നാണ് യാന. കർണാടകയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമവും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വൃത്തിയുള്ള ഗ്രാമവുമാണിത്.
ഭൈരവേശ്വര ശിഖര, മോഹിനി ശിഖര എന്നീ രണ്ട് കൂറ്റൻ പാറക്കെട്ടുകൾക്ക് പ്രശസ്തമാണ് യാന. കറുത്ത സ്ഫടികം പോലെയുള്ള കാർസ്റ്റ് ചുണ്ണാമ്പുകല്ല് നിറഞ്ഞ ഈ പാറക്കെട്ടുകള്‍ കാഴ്ചയ്ക്ക് അതിമനോഹരമാണ്. ഭൈരവേശ്വര ശിഖരത്തിന് താഴെയുള്ള ഗുഹാക്ഷേത്രം കാരണം യാന ഒരു തീർഥാടന കേന്ദ്രമായും അറിയപ്പെടുന്നു. ശിവരാത്രി സമയത്ത് ഇവിടെ ഒരു രഥോത്സവവും മറ്റ് ആഘോഷങ്ങളും നടക്കാറുണ്ട്. ഈ സ്ഥലവും ചുറ്റുമുള്ള കുന്നുകളും അവയുടെ നിത്യഹരിത വനങ്ങൾക്കും പേരുകേട്ടതാണ്. വിഭൂതി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

മജുലി ദ്വീപ്, അസം
അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മജുലി, ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപാണ്. വടക്ക് സുബൻസിരി നദിയും തെക്ക് ബ്രഹ്മപുത്ര നദിയും ചേർന്നാണ് ഈ ദ്വീപ് രൂപപ്പെടുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ അസമിന്‍റെ സംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന മജുലി, ഇന്ന് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഒരിടമാണ്.
മജുലി ദ്വീപിലെ ഗ്രാമങ്ങളില്‍ വര്‍ഷം മുഴുവനും നിരവധി പരിപാടികളും ഉത്സവങ്ങളും നടക്കുന്നു. കൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഈ ദിവസം സംഘടിപ്പിക്കുന്ന നൃത്തപരിപാടിയായ രാസ് പൂർണിമ, പാല് നാം, ബഥോ പൂജ എന്നിവയാണ് മജുലിയിലെ പ്രധാന ആഘോഷങ്ങൾ.
പതിനഞ്ചാം നൂറ്റാണ്ടിൽ നിര്‍മ്മിച്ച 22 വൈഷ്ണവ സത്രങ്ങളാണ് മജുലിയിലെ മറ്റൊരു പ്രധാന കാഴ്ച. വിനോദസഞ്ചാരികള്‍ക്കായി ജലവിനോദങ്ങളും ഇവിടെ സജീവമാണ്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് മജുലി സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം.

ഖിംസർ, രാജസ്ഥാന്‍
നാഗൗർ ഉത്സവത്തിന് പേരുകേട്ട ഖിംസർ, രാജസ്ഥാനിലെ മനോഹരമായ ഒരു ഗ്രാമമാണ്. നാഗൗർ ഉത്സവകാലത്ത് വിനോദസഞ്ചാരികൾ കൂട്ടത്തോടെ ഈ പട്ടണത്തിലേക്ക് ഒഴുകിയെത്തുന്നു. ആളുകൾ വന്ന് കന്നുകാലികളെ മൊത്തമായി വിൽക്കുന്നു. വടംവലി, ഒട്ടകപ്പന്തയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. ഈ സമയത്ത് സജീവമാകുന്ന ചുവന്ന മുളക് വിപണി ഏഷ്യ മുഴുവൻ പ്രശസ്തമാണ്.
കൂടാതെ, ഖിംസർ കോട്ടയും നാഗൗർ കോട്ടയും മണൽക്കൂന ഗ്രാമവും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. രാജസ്ഥാനിലെ മറ്റു പ്രശസ്തമായ ഇടങ്ങളിലേതു പോലുള്ള തിരക്ക് ഇവിടെ അനുഭവപ്പെടാറില്ല.

ഡിസ്കിറ്റ്, ജമ്മു കശ്മീര്‍
ജമ്മു കാശ്മീരിലെ ലേ ജില്ലയിലാണ് ഡിസ്കിറ്റ് പട്ടണം സ്ഥിതി ചെയ്യുന്നത്. ശ്യോക് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡിസ്കിറ്റിലെ ഗെസ്റ്റ് ഹൗസുകളും ഹോംസ്റ്റേകളുമെല്ലാം വർഷം മുഴുവനും തുറന്നിരിക്കുന്നു. ഗ്രാമത്തിലേക്കുള്ള യാത്ര തികച്ചും സാഹസികമാണ്. 17,500 അടിയിലധികം ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടറബിൾ പാസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഖാർദുങ് ലാ പാസിലൂടെ കടന്നുപോകണം ഡിസ്കിറ്റ് ഗ്രാമത്തിലെത്താൻ.
ഡിസ്കിറ്റ് മൊണാസ്ട്രി, നുബ്ര താഴ്‌വര, ഭീമാകാരമായ മൈത്രേയ ബുദ്ധ പ്രതിമ എന്നിവ ഡിസ്കിറ്റ് ഗ്രാമത്തിലെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. ഡിസ്കിറ്റ് ഉൾപ്പെടെ നുബ്ര വാലിയ്ക്കടുത്തുള്ള സന്ദർശിക്കുന്ന എല്ലാ വിദേശ, ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പെർമിറ്റ് നിർബന്ധമാണ്.