ആകാശത്ത് പരസ്പരം ചുംബിക്കുന്ന പ്രണയികളുടെ കൈകളിലുള്ള റൈഡില്‍ കറങ്ങാം!

Mail This Article
അല്‍പ്പം സാഹസികതയൊക്കെയുള്ള റൈഡുകള്‍ പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടമുള്ള ഒരാളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗിലുള്ള 'ഫ്ലൈയിംഗ് കിസ്' എന്ന് പേരുള്ള പുതിയ റൈഡ്. മനോഹരമായ ഒരു മലഞ്ചെരിവില്‍ പരസ്പരം ചുംബനങ്ങളെറിയുന്ന ഒരു പുരുഷന്‍റെയും സ്ത്രീയുടെയും ഭീമന്‍ പ്രതിമകളില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ഭീമന്‍ റൈഡിന് 914 മീറ്റർ ആണ് ഉയരം.
ഈ രണ്ടു പ്രതിമകളുടെയും ഓരോ കൈകളിലാണ് കറങ്ങിക്കൊണ്ടിരിക്കുന്ന റൈഡുകള്‍ ഉള്ളത്. ചുറ്റുമുള്ള പർവതങ്ങളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ആകാശത്ത് സമയം ചെലവഴിക്കാം. സീറ്റുകളോ സീറ്റ് ബെല്‍ട്ടുകളോ സുരക്ഷാക്രമീകരണങ്ങളോ ഒന്നും ഇതിനുള്ളിലില്ല. അരക്കൊപ്പമെത്തുന്ന കമ്പിവേലി മാത്രമാണ് വൃത്താകൃതിയിലുള്ള മേല്‍ക്കൂരയോടുകൂടിയ റൈഡില്‍ നിന്ന് പുറത്തേക്ക് തെറിച്ചുപോവുന്നതില്‍ നിന്നും ആളുകളെ തടയുന്ന ഒരേയൊരു ഘടകം.
ചൈനീസ് പുരാണത്തിലുള്ള ഒരു പ്രണയകഥയിലെ കാമുകീകാമുകന്മാരെയാണ് ഈ പ്രതിമകള്‍ പ്രതിനിധീകരിക്കുന്നത്. കറങ്ങിക്കറങ്ങി ഏറ്റവും ഉയരത്തിലെത്തുമ്പോള്‍ ഈ രണ്ടു പ്രതിമകളും പരസ്പരം ചുംബിക്കുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരിക്കുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും മുകളില്‍ എങ്ങനെയെത്തുമെന്ന് പലര്‍ക്കും സ്വാഭാവികമായ സംശയം തോന്നാം. പ്രതിമകള്‍ നിലത്തു കുനിഞ്ഞ് ആളുകളെ എടുത്ത് മുകളിലുള്ള റൈഡില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. തിരിച്ച് നിലത്തെത്തിക്കുന്നതും ഇവ തന്നെയാണ്.
നിര്‍മാണമികവിനുള്ള പ്രശംസകള്‍ക്കൊപ്പം തന്നെ നിരവധി വിമര്‍ശനങ്ങളും ഈ റൈഡ് ഏറ്റു വാങ്ങുന്നുണ്ട്. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയുള്ള ഇത്തരം സാഹസങ്ങള്‍ അപകടം വിളിച്ചുവരുത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
English Summary: Flying Kiss Ride In China