‘ഫാമിലി ടൈം’ യാത്രാ ചിത്രങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമ

Mail This Article
ചാമ്പ്യൻസ് ട്രോഫിയും കളിക്കളത്തിലെ തിരക്കുകളും അവസാനിച്ചു. ഇനി ഐ പി എല്ലിന്റെ മേളമാണ്. അതിനിടയിൽ ഒരു ചെറിയ അവധിക്കാലം...അത് ആഘോഷമാക്കണ്ടേ? ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമയും കുടുബത്തിനൊപ്പം അവധി നാളുകളിലാണ്. സെലിബ്രിറ്റികളുടെ ഇഷ്ടയിടമായ മാലദ്വീപിലേക്കു തന്നെയാണ് റിതികയ്ക്കും മക്കൾക്കുമൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ യാത്ര. ഡോക്ടർ പറഞ്ഞതു പോലെ...സൂര്യൻ, കടൽ, മണൽ...എന്നെഴുതി കണ്ണിറുക്കി ചിരിക്കുന്ന ഇമോജിയും ചേർത്താണ് സമൂഹ മാധ്യമങ്ങളിൽ രോഹിത് ശർമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മകൾക്കൊപ്പം കളിച്ചും ഭാര്യയെ ചേർത്തുപിടിച്ചും മാലദ്വീപിന്റെ രുചികൾ ആസ്വദിച്ചുമൊക്കെയാണ് താരം തന്റെ അവധിക്കാലം ചെലവിടുന്നത്. ഫാമിലി ടൈം എന്നാണ് ചിത്രങ്ങൾക്ക് മുംബൈ ഇന്ത്യൻസിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ നിന്നും തങ്ങളുടെ മുൻ ക്യാപ്റ്റനുള്ള കമന്റ്.
വാൽഡോർഫ് അസ്റ്റോറിയ മാൽഡീവ്സ് ഇതാഫുഷി എന്ന ആഡംബര റിസോർട്ടാണ് രോഹിത്തും കുടുംബവും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വേലെന രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 45 മിനിറ്റ് കടൽ മാർഗം സഞ്ചരിച്ചാൽ ഈ സ്വർഗ തുല്യമായ ഭൂമിയിലേക്കെത്താം. ഇതാഫുഷി എന്ന സ്വകാര്യ ദ്വീപിലാണ് റിസോർട് സ്ഥിതി ചെയ്യുന്നത്. സൗത്ത് മാലെ അറ്റോളിലാണിത്. ദ്വീപുകളിൽ സാധാരണയായി കണ്ടു വരുന്ന വാട്ടർ വില്ലകളിലും കടൽത്തീരത്തോടു ചേർന്നുള്ള വില്ലകളിലുമായാണ് ഇവിടെ അതിഥികൾക്ക് താമസമൊരുക്കിയിരിക്കുന്നത്. ദ്വീപിന്റെ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന തരത്തിലും ലോകനിലവാരത്തിലുള്ള സൗകര്യങ്ങളുമെല്ലാം ഒരുമിച്ചു ചേർത്തിട്ടുള്ളതുമാണ് വില്ലകൾ. വിനോദങ്ങൾക്കായി അതിഥികൾക്ക് വേറെ എവിടെയും പോകേണ്ടതില്ല. സൈക്കിളിൽ ദ്വീപിലെ കാഴ്ചകൾ കാണാം കൂടാതെ ജല വിനോദങ്ങളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന പതിനൊന്ന് റസ്റ്ററന്റുകളും ബാറുകളും ഈ ആഡംബര റിസോർട്ടിലുണ്ട്. ജാപ്പനീസ് രുചികൾ വിളമ്പുന്ന സുമ മാൽഡീവ്സ്, 7 കോഴ്സ് മെനുവുള്ള ടെറ, ചൈനീസ് രുചികളുമായി ലി ലോങ്ങ്, മെഡിറ്ററേനിയൻ രുചികൾ വിളമ്പുന്ന ഗ്ലോ, യാസ്മീൻ എന്ന അറേബ്യൻ രുചി മേളം തുടങ്ങി പല കാഴ്ചകളിൽ ഒരുക്കിയിട്ടുള്ളതാണ് ഇവിടുത്തെ ഓരോ റസ്റ്ററന്റും. സ്പാ, യോഗ, ഫിറ്റ്നസ് ക്ലാസുകൾ എന്നിവയും അതിഥികൾക്കായുണ്ട്.
മാലദ്വീപിലെത്തിയാൽ സന്ദർശിക്കേണ്ട ആദ്യയിടങ്ങളിലൊന്ന് തലസ്ഥാനമായ മാലെയാണ്. മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. നൈറ്റ് ലൈഫും തിരക്കേറിയ പ്രാദേശിക വിപണികളുമെല്ലാം നിറഞ്ഞ മാലെ, രാജകുടുംബത്തിന്റെ നഗരമായതിനാൽ 'മഹൽ' എന്നറിയപ്പെട്ടിരുന്നു. ഇപ്പോൾ 'കിങ്സ് ഐലൻഡ്' എന്നാണ് പേര്. മാലെ ഫിഷ് മാർക്കറ്റ്, നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക് എന്നിവയാണ് നഗരത്തിലെ പ്രധാന കാഴ്ചകൾ.
നോർത്ത് മാലെ അറ്റോളിലെ കൃത്രിമബീച്ചായ 'കാർണിവൽ ബീച്ച്' ധാരാളം സഞ്ചാരികളെത്തുന്ന ഒരിടമാണ്. ഇവിടെ മാന്താ പോയിന്റ്, ഷാർക്ക് പോയിന്റ്, കനി കോർണർ, നാസിമോ തില തുടങ്ങിയ കാഴ്ചകളുണ്ട്. പതിവായി കാർണിവലുകൾ, ഉത്സവങ്ങൾ, ഇവന്റുകൾ എന്നിവ ഇവിടെ നടക്കാറുണ്ട്. സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ്, സർഫിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.
വടക്കൻ മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്, കടലിനടിയിലെ വിനോദങ്ങള്‍ക്കു പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് ബനാന റീഫ്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടവും ഇതുതന്നെയാണ്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളാണ് ഇവിടുത്തെ പ്രധാനാകർഷണം. വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്.
ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂയിസിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം. മാലെ ദ്വീപ്, മാഫുഷി ദ്വീപ്, വെലസ്സരു ദ്വീപ്, ബന്ദോസ് ദ്വീപ്, കുരാമത്തി ദ്വീപ്, കൊമണ്ഡൂ ദ്വീപ്, എല്ലൈധൂ ദ്വീപ്, വില്ലിങ്കിലി ദ്വീപ് എന്നിവയും ഹണിമൂണ്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
പച്ച നിറമുള്ള ജെല്ലിഫിഷിന്‍റെ ആകൃതിയോട് സാമ്യമുള്ള ഉതീമു ഗണ്ടുവരു എന്ന ദ്വീപ് മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉള്ളത്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണിത്. തടികൊണ്ടു നിർമിച്ച രാജകൊട്ടാരവും പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം ഇവിടെ കാണാം.
കടലിന്റെ വശ്യതയാർന്ന കാഴ്ചകളും സുഖകരമായ കാലാവസ്ഥയും സമ്മാനിക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവുമുചിതം. ശാന്തമായ കടലിന്റെ സൗന്ദര്യവും ആസ്വദിച്ച്, കാറ്റുമേറ്റ് സമയം ചെലവഴിക്കാനും പല തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാനും അനുയോജ്യമായ സമയമാണ് ജനുവരി-ഫെബ്രുവരി മാസങ്ങൾ. അന്നേരങ്ങളിലാണ് ഇവിടെ കൂടുതൽ സന്ദർശകരെത്തുന്നത്.