വിപണിയുടെ മൂഡ് മാറിയത് എന്തുകൊണ്ട്? ഇനി ഏതുനിലയില്‍ സ്ഥിരീകരണം നടത്തും?

Mail This Article
ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ വൈകാരിക നില എത്രത്തോളം പ്രധാനമാണെന്ന വസ്‌തുത ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്ന നീക്കങ്ങളാണ് പോയ ദിവസങ്ങളില്‍ കണ്ടത്. പ്രതികൂലമായ വൈകാരിക നിലയിലുണ്ടായ മാറ്റം അതുവരെ വിപണിയില്‍ ലാഭം ഉണ്ടാക്കികൊണ്ടിരുന്ന, കരടികളുടെ നില തെറ്റിക്കുന്ന 'ഷോര്‍ട്ട് കവറിങ് റാലി' യ്‌ക്കാണ് കഴിഞ്ഞ വാരം വഴിയൊരുക്കിയത്.
കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് നിഫ്‌റ്റി ഏകദേശം 1000 പോയിന്റാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി അഞ്ച് ദിവസം ഓഹരി വിപണി മുന്നേറ്റം നടത്തുകയും നിഫ്‌റ്റിയ്‌ക്ക് 22,800 പോയിന്റിലുണ്ടായിരുന്ന ശക്തമായ പ്രതിരോധം മറികടക്കപ്പെടുകയും ചെയ്‌തപ്പോള്‍ നേരത്തെയുള്ള ഷോര്‍ട്ട് പൊസിഷനുകള്‍ അവസാനിപ്പിക്കാന്‍ ട്രേഡര്‍മാര്‍ നിര്‍ബന്ധിതരായി. ഈ ഷോര്‍ട്ട് കവറിങാണ് വിപണിയുടെ ശക്തമായ കരകയറ്റത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞയാഴ്‌ചത്തെ ആദ്യത്തെ നാല് ദിവസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 11,586 കോടി രൂപയുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് കരാറുകളാണ് വാങ്ങിയത്. മാര്‍ച്ച് 13ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സിലെ ലോങ്-ഷോര്‍ട്ട് റേഷ്യോ 0.23 ആയിരുന്നു. അതായത് ഓരോ ലോങ് പൊസിഷനും ഏകദേശം അഞ്ച് ഷോര്‍ട്ട് പൊസിഷനുകള്‍ എന്നതായിരുന്നു അനുപാതം. അതേ സമയം വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് ഈ അനുപാതം 0.42 ആയി ഉയര്‍ന്നു. അതായത് ഓരോ ലോങ് പൊസിഷനും രണ്ടിലേറെ ഷോര്‍ട്ട് പൊസിഷനുകള്‍ എന്നതാണ് ഇപ്പോഴത്തെ അനുപാതം. നേരത്തെ സൂചികകളില്‍ നടത്തിയ ഷോര്‍ട്ട് പൊസിഷനുകള്‍ നല്ലൊരു ശതമാനം അവസാനിപ്പിക്കാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി.
ഓഹരികളുടെ നേരിട്ടുള്ള വ്യാപാരം നടക്കുന്ന കാഷ് വിപണിയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാളകളായി മാറുന്നതാണ് പോയ വാരം കണ്ടത്. കഴിഞ്ഞ അഞ്ച് ദിവസം 6590 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
ഒരാഴ്‌ച കൊണ്ട് നിഫ്‌റ്റി ആയിരം പോയിന്റ് ഉയരുകയും അതുവരെ തുടര്‍ച്ചയായി വില്‍പ്പന നടത്തിപ്പോന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 6500 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തുകയും ചെയ്‌തത് പൊടുന്നനെ എന്തെങ്കിലും അനുകൂല സംഭവ വികാസങ്ങള്‍ ഉണ്ടായതു കൊണ്ടല്ല. അതുവരെ വിപണിയില്‍ കത്തി നിന്ന പ്രതികൂല വൈകാരിക നിലയില്‍ അല്‍പ്പം മാറ്റം ദൃശ്യമാവുക മാത്രമാണ് ചെയ്‌തത്. അതോടെ അമിത വില്‍പ്പന നേരിട്ട ഓഹരികള്‍ തിരികെ കയറി.

എല്ലാം കാലേക്കൂട്ടി 'ഡിസ്‌കൗണ്ട്' ചെയ്യുന്നതാണ് വിപണിയുടെ രീതി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പകരത്തിന് പകരം തീരുവ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്‌ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ വിപണി ഇതിനകം പ്രതിഫലിപ്പിച്ചു കഴിഞ്ഞു. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളോടുള്ള പ്രതിഫലനം എന്ന നിലയിലാണ് വിപണി ശക്തമായ ഇടിവ് തുടര്‍ച്ചയായി നേരിട്ടത്. അതുകൊണ്ടുതന്നെ വിപണി മാസങ്ങള്‍ നീണ്ട തിരുത്തലിന്റെ അടിത്തട്ട് കണ്ടെത്തിയെന്നു പറയാം. അതിനെ തുടര്‍ന്നുണ്ടായ കരകയറ്റമാണ് നാമിപ്പോള്‍ കാണുന്നത്.
ട്രംപ് പകരത്തിന് പകരം തീരുവ ഏര്‍പ്പെടുത്തുമ്പോഴും ചര്‍ച്ചയ്‌ക്കുള്ള സാധ്യതകള്‍ കൂടി തുറന്നിടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ പകരുന്നു. ട്രംപിന്റെ തീരുവ നയം ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെങ്കില്‍ വിപണി കരകയറ്റം തുടരാനാണ് സാധ്യത.
വിപണി ഏതുനിലയില്‍ ഒരു സ്ഥിരീകരണം നടത്തുമെന്നതാണ് ഇനി അറിയേണ്ടത്. ടെക്‌നിക്കല്‍ അനാലിസിന്റെ അടിസ്ഥാനത്തില്‍ 23,800 പോയിന്റിലാണ് നിഫ്‌റ്റിക്ക് അടുത്ത പ്രതിരോധമുള്ളത്.
(ലേഖകന്‍ ഹെഡ്‌ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ് )