നായ്ക്കുട്ടിയെ രക്ഷിക്കാൻ കാർഡ് ശേഖരം വിറ്റു: അപൂർവ കാർഡുകൾ സമ്മാനിച്ച് പോക്കിമോൻ കമ്പനി

Mail This Article
യുഎസിലെ വിർജീനിയയിലുള്ള ബ്രൈസൺ ക്ലിമാൻ എന്നു പേരുള്ള എട്ടുവയസ്സുകാരനു പോക്കിമോനെന്നാൽ ജീവനാണ്. പല പോക്കിമോൻ ആരാധകരെയും പോലെ പോക്കിമോൻ കാർഡുകൾ അവനും ശേഖരിച്ചിരുന്നു. എട്ടുവയസ്സേയുള്ളെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു കലക്‌ഷൻ ബ്രൈസൺ ഇതിനിടയിൽ വളർത്തിയെടുത്തു. ബ്രൈസണ് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് ബ്രൂസ്. ആളൊരു നായക്കുട്ടിയാണ്, ബ്രൈസണെന്നു പറഞ്ഞാൽ ബ്രൂസിനു ജീവനാണ്.കളിക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ച്. ഇരുവരും സന്തോഷമായി കഴിഞ്ഞു പോകുന്നതിനിടെയാണു ബ്രൈസൺ ഒരു കാര്യം ശ്രദ്ധിച്ചത്.
ബ്രൂസിനു പഴയപോലെ ഒരു ഉത്സാഹമൊന്നുമില്ല, എല്ലാത്തിനുമൊരു മടിയും അലസതയും. ബ്രൈസൺ കാര്യങ്ങൾ പറഞ്ഞതനുസരിച്ച് അവന്റെ രക്ഷിതാക്കൾ ബ്രൂസിനെ ഒരു മൃഗഡോക്ടറുടെ അടുക്കലെത്തിച്ചു. പാർവോ എന്ന വൈറസ് ബാധിച്ചിരിക്കുകയാണ് ബ്രൂസിനെയെന്നും അവന്റെ ആരോഗ്യസ്ഥിതി തീർത്തും അപകടത്തിലാണെന്നും ഡോക്ടർ അറിയിച്ചു.
ചികിൽസയ്ക്ക് 700 ഡോളർ ചെലവു വരും. എന്നാൽ സാധാരണക്കാരായ അവന്റെ മാതാപിതാക്കൾക്ക് ഈ തുക കണ്ടെത്താൻ ഇപ്പോൾ നിർവാഹമില്ല. ഇനിയെന്ത് വഴി? പ്രിയചങ്ങാതിക്കു വേണ്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട പോക്കിമോൻ കാർഡ് ശേഖരം വിൽക്കാൻ ഒടുവിൽ ബ്രൈസൺ തീരുമാനിച്ചു. 1996ൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പോക്കിമോൻ കാർഡുകൾക്ക് എന്നും നല്ല സ്വീകാര്യതയാണ്. കോവിഡ് കാലം തുടങ്ങിയതോടെ ഇതിന്റെ വില വലിയ രീതിയിൽ വർധിക്കാനും തുടങ്ങി.
വീടിനു സമീപമുള്ള റോഡരികിൽ ബ്രൈസൺ ചെറിയൊരു വിൽപന സ്റ്റാൻഡൊരുക്കി. അതിൽ കാർഡുകൾ അടുക്കിവച്ച ശേഷം ‘പോക്കിമോൻ ഫോർ സെയിൽ’ എന്നു ബോർഡും വച്ചു. ബ്രൈസണിന്റെ കാർഡുകൾ വിറ്റഴിഞ്ഞു പോയിത്തുടങ്ങി. ഇക്കാര്യങ്ങൾ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ വിവരങ്ങൾ അന്വേഷിച്ചു. ബ്രൂസിന്റെ കാര്യം അവരൊക്കെ അറിഞ്ഞു. സമൂഹമാധ്യമങ്ങളിലും ചില ന്യൂസ് സൈറ്റുകളിലുമൊക്കെ എട്ടുവയസ്സുകാരനായ പോക്കിമോൻ കച്ചവടക്കാരനക്കുറിച്ചുള്ള കഥകൾ വന്നു തുടങ്ങി. ആളുകൾ അവനായി ഒരു ക്രൗഡ്ഫണ്ടിങ് അക്കൗണ്ട് തുടങ്ങി.
അതിലേക്കു സംഭാവനകൾ വന്നു. അയ്യായിരം ഡോളറിലധികം. ബ്രൂസിനെ ചികിൽസിക്കാനും അവനെ ഭേദപ്പെടുത്താനും ഈ തുക മതിയായിരുന്നു. ബാക്കി വന്ന തുക, പ്രദേശത്തെ മറ്റുള്ള നായകളുടെ ആരോഗ്യകാര്യങ്ങൾക്കായി ഉപയോഗിക്കാനും ബ്രൈസണും കുടുംബവും തീരുമാനിച്ചു. എന്നാൽ ബ്രൈസണിന്റെ കാർഡുകൾ ഇതിനിടയിൽ പൂർണമായി വിറ്റുപോയിരുന്നു.
ഒരു ദിവസം കൊറിയർ വഴി അവനൊരു പാക്കേജ് കിട്ടി. ആകാംക്ഷയോടെ അവനത് തുറന്നു നോക്കി. അതിനുള്ളിൽ അടുക്കിവച്ചിരിക്കുന്നു അപൂർവ പോക്കിമോൻ കാർഡുകൾ. സാക്ഷാൽ പോക്കിമോൻ കമ്പനി നേരിട്ടയച്ചതായിരുന്നു ആ പാക്കേജ്. ഒപ്പമൊരു എഴുത്തും. ‘പ്രിയ ബ്രൈസൺ, നിന്റെ കഥയും പ്രിയപ്പെട്ട നായക്കുട്ടിക്കായി നീ കാർഡുകൾ വിറ്റ വിവരവും അറിഞ്ഞ് ഞങ്ങൾ ആശ്ചര്യപ്പെട്ടുപോയി. ഇതാ, പോയതിനു പകരം കുറച്ചു കാർഡുകൾ’.
English summary: Little boy who sold his pokemon cards to save his dog - Viral