ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയ ഷൂസ് ധരിച്ച് ഒളിംപിക്‌സ് മെഡൽ നേടിയ ജിം തോർപ്പ് !
Mail This Article
ജിമ്മിന് സ്‌കൂളിൽ പോകാൻ ഒട്ടും താൽപര്യമില്ല. കളിച്ചു നടക്കാനാണ് ഇഷ്ടം. ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ മിടുക്കനാണ്. എന്നാൽ സഹോദരൻ ചാർലി അങ്ങനെയല്ല. സ്‌കൂളിൽ പോകാനും പഠിക്കാനും ഒക്കെ വലിയ ഇഷ്ടമാണ് ചാർലിക്ക്. പഠിത്തത്തിൽ സഹായിക്കുന്നതും ചാർലി തന്നെ.
ഒരിക്കൽ ചാർലിക്ക് അസുഖം ബാധിച്ചു. ഒരു നൂറ്റാണ്ട് മുൻപുള്ള കാലമാണ്. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുമില്ല. അസുഖം കൂടി ചാർലി മരിച്ചു. പാവം ജിം ! അവൻ ഒറ്റയ്ക്കായി.
ചാർലി പോയതോടെ സ്‌കൂളിൽ പോകാൻ ജിമ്മിന് മടിയായി. പല തവണ അവൻ സ്‌കൂൾ വിട്ടോടി. അച്ഛൻ കർശനമായി തിരികെ സ്‌കൂളിലെത്തിക്കും. ഒടുവിൽ അവനെ ഒരു ബോർഡിങ് സ്‌കൂളിലാക്കി. അതിനിടെ ജിമ്മിന്റെ അമ്മയും മരിച്ചു. ജിം ആകെ സങ്കടത്തിലായി.
അതിനിടെ കായികരംഗത്തെ ജിമ്മിന്റെ മിടുക്ക് ബോർഡിങ് സ്‌കൂളിലെ ചിലർ ശ്രദ്ധിച്ചു. പോപ്പ് വാണർ എന്ന പ്രഗത്ഭനായ കോച്ചിന് കീഴിൽ ജിം ഫുട്‍ബോൾ പരിശീലനം തുടങ്ങി. അച്ഛൻ മരിച്ചതോടു കൂടി ജിം തീർത്തും അനാഥനായി.
കായിക മത്സരങ്ങളിൽ ജിം മറ്റുള്ളവരെ തോൽപിച്ച് മിന്നുന്ന വിജയം നേടിക്കൊണ്ടിരുന്നു. സ്‌കൂളുകൾ തമ്മിലും കോളേജുകൾ തമ്മിലുമുള്ള മത്സരങ്ങളിൽ ജിം താരമായി. ഓട്ടം, ചാട്ടം, ഫുട്ബോൾ തുടങ്ങിയവയായിരുന്നു ജിമ്മിന്റെ ഇഷ്ടവിനോദങ്ങൾ.
താമസിയാതെ രാജ്യത്തെ കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ ജിം തോർപ്പ് എന്ന ആ യുവാവ് വളർന്നു. ഏത് കായികതാരത്തിന്റെയും സ്വപ്‌നമായ ഒളിംപിക്‌സ് മത്സരത്തിൽ പങ്കെടുക്കുക എന്ന ആഗ്രഹം ജിമ്മിന്റെ മനസ്സിലും ഉണ്ടായിരുന്നു.
വൈകാതെ ഒളിംപിക്‌സ് പരിശീലനത്തിന് ജിം തിരഞ്ഞെടുക്കപ്പെട്ടു. കഠിനപരിശീലനത്തിന്റെ നാളുകൾ കടന്നു പോയി.
ഒടുവിൽ ഒളിംപിക്‌സ് ദിവസം എത്തി. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി.
മത്സരദിവസമായി ഷൂസ് വച്ച സ്ഥാനത്തേക്ക് നോക്കിയ ജിം ഞെട്ടി. ഷൂസ് ആരോ മോഷ്ടിച്ചിരിക്കുന്നു! അതുവരെ ഓടി പരിശീലിച്ച ഇണക്കമുള്ള ഷൂസാണ്. ഇനി പുതിയ ഷൂസ് വാങ്ങാൻ വേണ്ടത്ര സമയവും ഇല്ല!
ജിം നിരാശനായില്ല. അയാൾ ഇറങ്ങി നടന്നു. ചപ്പുചവറുകൾ വലിച്ചിടുന്ന സ്ഥലത്ത് തപ്പിയപ്പോൾ രണ്ട് ഷൂ കിട്ടി. ഒന്ന് അല്പം വലുത്, മറ്റേത് കഷ്ടിച്ച് കാലിലിടാം. വലുപ്പമേറിയ ഷൂ ധരിക്കുന്ന കാലിൽ കൂടുതൽ സോക്‌സുകളിട്ട് ഉറപ്പിച്ചു നിർത്തി.
മത്സരത്തിനെത്തിയ ജിമ്മിനെ കണ്ട് പലരും അമ്പരന്നു. ചിലർ പരിഹസിച്ച് ചിരിച്ചു. ഒരു കാലിൽ ചെറിയ ഷൂ. മറ്റേ കാലിൽ വലിയ ഷൂ!
ആ ഒളിംപിക്‌സിൽ പെന്റത്തലോൺ ഡെക്കത്തലോൺ എന്നീ വിഭാഗങ്ങളിലായി രണ്ട് സ്വർണ മെഡലുകൾ നേടിക്കൊണ്ടായിരുന്നു ജിം ഷൂസ് മോഷ്ടിച്ചയാളോട് പ്രതികാരം ചെയ്‌തത്! 20 -ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കായികപ്രതിഭയായി ജിം തോർപ്പിനെ കായികലോകം വിശേഷിപ്പിക്കുന്നു.
ജനനവും മരണവും
1888 -ൽ അമേരിക്കയിലെ ഒക്‌ലഹോമയിലാണ് ജിം തോർപ്പ് ജനിച്ചത്. യഥാർഥ പേര് : ജെയിംസ് ഫ്രാൻസിസ് തോർപ്പ്. 1953 - ൽ അദ്ദേഹം അന്തരിച്ചു.
ഡെക്കതലോണും പെന്റതലോണും
ഒളിംപിക്‌സിൽ ഒന്നിലധികം മത്സരങ്ങളുടെ ഒരു കൂട്ടത്തെ വിളിക്കുന്ന പേരാണ് ഇവ. പത്ത് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ ചേർന്നതാണ് ഡെക്കതലൺ. എല്ലാ ഇനങ്ങളിൽ ലഭിച്ച പോയിന്റുകളും വിജയിയെ തിരഞ്ഞെടുക്കാൻ പരിഗണിക്കും. അഞ്ച് മത്സരയിനങ്ങൾ ചേർന്നതാണ് പെന്റതലൺ.
English summary: The Life And Career Of Jim Thorpe