കെമിസ്ട്രി ഒറ്റനോട്ടത്തിൽ

Mail This Article
ഒന്നാം യൂണിറ്റിൽ
സബ്ഷെൽ ഇലക്ട്രോൺ വിന്യാസം സബ്ഷെല്ലുകളുടെ ഊർജം കൂടിവരുന്ന ക്രമത്തിലും സബ്ഷെല്ലുകൾ ഷെൽ ക്രമത്തിലെഴുതിയ രീതിയിലും പഠിച്ചുവയ്ക്കണം.
E.g: 26Fe
1s2 2s2 3s2 3p6 4s2 3d6 (ഊർജക്രമം)
1s2 2s2 3s2 3p6 3d6 4s2 (ഷെൽക്രമം)
. d4, d9 വിന്യാസങ്ങൾ d5, d10 എന്നിങ്ങനെയാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം.
രണ്ടാം യൂണിറ്റിൽ
. ചാൾസ് നിയമത്തിന്റെ പ്രസ്താവനയിലും ബന്ധപ്പെട്ട കണക്കുകളിലും താപനില കെൽവിൻ (K) സ്കെയിൽ ആണെന്ന് ഓർക്കണം.
. വാതക നിയമങ്ങളുമായി ബന്ധമുള്ള നിത്യജീവിതസന്ദർഭങ്ങൾ (ജലാശയങ്ങളിൽ വാതകകുമിളകൾ മുകളിലേക്കുയരുമ്പോൾ വലുതാവുന്നത്, വെയിലത്തുവച്ച ബലൂൺ വീർത്ത് വലുപ്പം കൂടുന്നത്,etc.), അവയുടെ വിശദീകരണങ്ങൾ എന്നിവ പ്രധാനമാണ്.
. മോൾ സങ്കൽപനവുമായി ബന്ധപ്പെട്ട്, മോൾ എണ്ണം കണക്കുകൂട്ടുമ്പോൾ മോൾ എണ്ണം (n) =
n = എണ്ണം /അവഗാഡ്രോഎണ്ണം
n=M / GAM or GMM
n = വ്യാപ്തം (STP)/ മോളാർ വ്യാപ്തം ( STP)
എന്നത് ഓർക്കണം. അതായത് എണ്ണത്തെ മറ്റൊരു എണ്ണംകൊണ്ടും മാസിനെ മറ്റൊരു മാസ് (GAM or GMM) കൊണ്ടും വ്യാപ്തത്തെ മറ്റൊരു വ്യാപ്തം (STP മോളാർ വ്യാപ്തം or 22.4L) കൊണ്ടുമാണു ഹരിക്കേണ്ടത്.
. കണക്കുകൂട്ടലുകൾ സങ്കീർണമാണെങ്കിൽ അവസാന ഉത്തരം വരെ കണ്ടെത്താൻ ശ്രമിക്കുന്നത് സമയം നഷ്ടപ്പെടുത്തും. ആദ്യഘട്ടത്തിൽ വിലകൾ നൽകിയ രീതിയിൽ ഉത്തരമെഴുതി മറ്റ് ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമെഴുതിയ ശേഷം സമയമുണ്ടെങ്കിൽ മാത്രം മുഴുവൻ ക്രിയയും ചെയ്താൽ മതി.
. മൂന്നാം യൂണിറ്റിൽ ക്രിയാശീലശ്രേണിയുമായി (Reactivity Series) ബന്ധപ്പെട്ട്, ശ്രേണി മുഴുവൻ ഓർത്തു വയ്ക്കേണ്ടതില്ലെങ്കിലും പ്രധാന ലോഹങ്ങളുടെ ക്രമം എഴുതിയിരിക്കണം. (Na > Mg > Zn > Fe > Cu > Ag – ഇവയെങ്കിലും)
. മുകളിൽ നൽകിയ ലോഹങ്ങളിൽ പലതും ഗാൽവനിക് സെൽ നിർമാണവുമായി ബന്ധപ്പെട്ട് ചോദിക്കുന്നവയാണ്.
. ഗാൽവനിക് സെല്ലിൽ ക്രിയാശീലം (Reactivity) കൂടിയ ലോഹം, ആനോഡ്,ക്രിയാശീലം കുറഞ്ഞത് കാഥോഡ് എന്ന് ഓർത്തുവയ്ക്കണം.
. ആനോഡ് – ഓക്സീകരണം (Oxidation), കാഥോഡ് – നിരോക്സീകരണം (Reduction) എന്ന രീതിയിൽ രാസപ്രവർത്തനസമവാക്യം എഴുതാൻ ശ്രദ്ധിക്കണം.
. 4–ാം യൂണിറ്റിൽ ബ്ലാസ്റ്റ് ചൂളയ്ക്കകത്തെ പ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ പ്രത്യേകം ശ്രദ്ധകൊടുത്ത് പഠിക്കണം. (ഫ്ലെക്സ് ഉണ്ടാകുന്നത്, സ്ലാഗ് ഉണ്ടാകുന്നത്, നിരോക്സീകാരി (CO)ഉണ്ടാകുന്നത്, അയിര് (Fe2O3)നിരോക്സീകരിക്കപ്പെടുന്നത് എന്നിവ.
. അലുമിനിയം നിർമാണത്തിലെ ബോക്സൈറ്റിന്റെ ശുദ്ധീകരണ ഘട്ടങ്ങളും അലുമിനയുടെ വൈദ്യുത വിശ്ലേഷണവും പ്രധാനപ്പെട്ടതാണ്.
. 5–ാം യൂണിറ്റിൽ അമോണിയയുടെ സവിശേഷതകൾ, നിർമാണ രീതി, പ്രവർത്തന സമവാക്യം എന്നിവ പഠിച്ചുവയ്ക്കണം.
. സമ്പർക്കപ്രക്രിയ (H2SO4 നിർമാണം)യുടെ ഓരോ ഘട്ടത്തിന്റെയും സമവാക്യം ഓർക്കണം. ഉഭയദിശാ പ്രവർത്തന ഘട്ടത്തിന്റെ (2SO2+O2=2SO3) സമവാക്യവും ഇതിലെ ലേ ഷാറ്റ്ലിയർ തത്വത്തിന്റെ പ്രയോഗവും ചോദ്യസാധ്യതകളാണ്.
. H2SO4 ന്റെ ശോഷകാര സ്വഭാവം, നിർജലീകരണ ഗുണം, ഓക്സീകരണം എന്നിവയൊക്കെ പ്രധാനം തന്നെ.
. തുടർന്നുവരുന്ന ഓർഗാനിക് കെമിസ്ട്രിയുടെ 2 യൂണിറ്റുകൾ (6,7) ശ്രദ്ധയോടെ പഠിക്കണം. 10 സ്കോറിന്
മുകളിൽ ചോദ്യങ്ങൾ ഉറപ്പിക്കാം. IUPAC നാമകരണത്തിൽ ശാഖകൾക്ക് കുറഞ്ഞ സംഖ്യ ലഭിക്കുംവിധം മെയിൻചെയിനിലെ കാർബണിന് നമ്പറിടുന്നതും ഒന്നിലധികം ഒരേ ശാഖകൾ വന്നാൽ അവയുടെ എണ്ണം ഡൈ, ട്രൈ, ടെട്രാ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുന്നത് പരിശീലിക്കണം.
. ഐസോമെറിസത്തിൽ ചെയിൻ ഐസോമെറുകളിൽ ഫങ്ഷനൽ ഗ്രൂപ്പില്ലാത്ത ഹെഡ്രോ കാർബണുകൾക്ക് മാത്രമാണ് ചോദ്യസാധ്യത.
– ഫങ്ഷനൽ ഐസോമെറിസത്തിൽ – OH ആൽക്കോക്സി (-OR) ഗ്രൂപ്പുകൾ ആണ് സാധ്യതയുള്ളൂ.
– പൊസിഷൻ ഐസോമെറിസം ചോദിക്കുകയാണെങ്കിൽ – – OH ഗ്രൂപ്പിന്റെയോ, ഹാലോ ഗ്രൂപ്പിന്റെയോ സ്ഥാനമാറ്റങ്ങൾ വെച്ചുള്ള ചോദ്യങ്ങളാണ് സാധാരണയുണ്ടാവുക. (ഈ മൂന്ന് സാധ്യതകളിലും കാർബൺ എണ്ണം മാത്രം നോക്കി അത് തുല്യമാണെങ്കിൽ ഐസോമെർ ആണെന്ന് ഉറപ്പിക്കാനാവും – 10–ാം ക്ലാസിന്റെ നിലവിലെ സിലബസിൽ)
. ഫങ്ഷനൽ ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്തങ്ങളുടെ നാമകരണത്തിൽ ആൽക്കഹോൾ കാർബോക്സിലിക് ആസിഡ് എന്നിവയിൽ പേരിന്റെ അവസാനഭാഗത്താണ് മാറ്റമുണ്ടാവുക എന്നതും ഹാലോ, ആൽകോക്സി സംയുക്തങ്ങളിൽ ആദ്യഭാഗത്താണ് മാറ്റം വരിക എന്നതും ഓർത്തുവെക്കാം.
. 7–ാം യൂണിറ്റിൽ ആദേശം (Substitution), അഡീഷൻ (Addition), പോളിമറൈസേഷൻ (Polymerisation), താപീയവിഘടനം (Thermal Cracking), ജ്വലനം (combustion) എന്നീ പ്രവർത്തനങ്ങളും എസ്റ്റർ രൂപീകരണവും (Esterification) രാസസമവാക്യം ഉൾപ്പെടെ പഠിക്കണം.
. ജ്വലനവും താപിയ വിഘടനവും രാസസമവാക്യം നൽകി ചോദിക്കുകയാണെങ്കിൽ ജ്വലനം (+O2), താപീയ വിഘടനം (+ താപം) എന്നിവ മാറിപ്പോകരുത്.