സമുദ്രങ്ങൾ നിറഞ്ഞ് ഒരു ഗ്രഹം: ജീവനുണ്ടാകുമോ ഇവിടെ?

Mail This Article
ഭൂമിയിൽ നിന്ന് 100 പ്രകാശ വർഷങ്ങൾ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ടിഒഐ –1452 ബി എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിൽ കട്ടി ആവരണത്തിൽ വെള്ളമാണെന്നും ഇതു ചുറ്റുന്ന നക്ഷത്രത്തിൽ നിന്ന് ജീവൻ നിലനിർത്തുന്നതിനാവശ്യമായ സുരക്ഷിത ദൂരം പാലിച്ചാണ് ഗ്രഹം നിലനിൽക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകരാണ് ഗ്രഹം കണ്ടെത്തിയത്. സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന പുറം ഗ്രഹങ്ങളെക്കുറിച്ച് ഗഹനമായ ഗവേഷണങ്ങൾ നടത്തുന്ന ചാൾസ് കാഡിയക്സ് എന്ന പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്റെ കീഴിലായിരുന്നു ഗവേഷണം.
ഭൂമിയുമായി താരതമ്യപ്പെടുത്താവുന്ന വലുപ്പവും ഭാരവുമുള്ളതാണ് പുതിയ ഗ്രഹം. എന്നാൽ നക്ഷത്രത്തോട് ഇതു പാലിക്കുന്ന ദൂരമാണ് ഏറ്റവും ശ്രദ്ധേയം. സൂര്യനിൽ നിന്ന് സുരക്ഷിതമായ ദൂരം പാലിച്ചു ഭൂമി സ്ഥിതി ചെയ്യുന്നതുപോലെ ഈ ഗ്രഹവും അതിന്റെ നക്ഷത്രത്തിൽ നിന്നു ഗുണപരമായ അകലത്തിലാണു നിൽക്കുന്നത്. ഈ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ എന്തു തരം ജീവനും ജീവികളുമാകും അവിടെയെന്ന കാര്യത്തിൽ നിലവിൽ ഒന്നും പറയാൻ സാധിക്കില്ല.
നാസയുടെ ടെസ് സ്പേസ് ടെലിസ്കോപ് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. ഈ ടെലിസ്കോപ്പിൽ നിന്നുള്ള ദൃശ്യങ്ങളിലൊന്നിൽ വലിയ തിളക്കമുള്ള പ്രകാശം കാണാൻ സാധിച്ചു. ഇവിടെ ഒരു ഗ്രഹമുണ്ടാകാമെന്ന സൂചനയാണ് ഇതുവഴി ലഭിച്ചത്. ഇതെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടിഒഐ 1452 ബി എന്ന അപൂർവ ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയിൽ നിന്നു 100 പ്രകാശവർഷം എന്നത് അത്ര അധികമായ ദൂരമല്ല. ഡ്രാക്കോ എന്ന താരസമൂഹത്തിന്റെ ഭാഗമായുള്ള ഇരട്ട നക്ഷത്ര സംവിധാനത്തെ ചുറ്റിപ്പറ്റിയാണ് ടിഒഐ 1452 ബി നിൽക്കുന്നത്.
ഭാവിയിൽ മനുഷ്യർ ഭൂമിവിട്ട് അന്യഗ്രഹങ്ങളിൽ താമസിക്കാനുള്ള സാധ്യതകൾ തേടുമെന്ന് അഭ്യൂഹമുണ്ട്. ഇങ്ങനെ തേടാൻ തുടങ്ങുന്ന കാലത്ത് തീർച്ചയായും അവർ പരിഗണിക്കാനുന്ന ഗ്രഹം കൂടിയാണ് ടിഒഐ 1452 ബി. ഭൂമിയെപ്പോലെ തന്നെ മലനിരകളും കുന്നുകളുമൊക്കെയുള്ള പ്രതലമാണ് അകലത്തിലെ ഈ ഗ്രഹത്തിനെന്നും ശാസ്ത്രജ്ഞർ പറയുന്നു.
English Summary : TOI-1452 b, an 'Ocean World Discovered by Scientists