കളിമൺ ഫലകത്തിലെഴുതിയ ദുരൂഹലിപി; കണ്ടെത്തി 3000 വർഷം പഴക്കമുള്ള ഭാഷ
Mail This Article
തുർക്കിയിൽ നിന്ന് പ്രാചീനകാലത്ത് നിന്നുള്ള ഒരു ഭാഷയുടെ ലിപികളെഴുതിയ കളിമൺ ഫലകങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ പ്രബലകേന്ദ്രമായിരുന്ന അനറ്റോളിയ മേഖലയിൽ നിന്നാണ് ഈ കളിമൺഫലകം കണ്ടെത്തിയത്. ഇന്ന് മധ്യപൗരസ്ത്യദേശ മേഖലയിൽ ഉപയോഗത്തിലുള്ള ഭാഷകളുമായി ഇതിനു ബന്ധമില്ല. അനറ്റോളിയയിൽ നിലനിന്നിരുന്ന കലസ്മ എന്ന അധികമൊന്നും പഠനവിധേയമായിട്ടില്ലാത്ത രാജ്യത്തിൽ നിന്നാണ് ഈ ഭാഷയുടെ ഉദ്ഭവമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നശിച്ചുപോയ ഒരു സംസ്‌കാരത്തിന്റെ കഥകളാണ് ഈ ഫലകങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നതെന്നു കരുതപ്പെടുന്നു.
ആൻേരഡ ഷാക്‌നർ എന്ന പുരാവസ്തുഗവേഷകനും സംഘവുമാണ് ഈ ഫലകങ്ങൾ കുഴിച്ചെടുത്തത്. ഈ ഫലകത്തിൽ നിന്നുള്ള രഹസ്യങ്ങൾ വിസ്മൃതിയാണ്ടുപോയ ഒരു യുഗത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നവയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹിറ്റൈറ്റുകളുടെ പ്രധാനനഗരമായ ഹട്ടൂസയുടെ കരാറുകളും, എഴുത്തുകളും നിയമലേഖനങ്ങളുമൊക്കെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഹിറ്റൈറ്റുകളുടെ ക്യൂനിഫോം ലിപികളിലായിരുന്നു അടയാളപ്പെടുത്തിയിരുന്നത്.
എന്നാൽ ഹിറ്റൈറ്റുകളുടെ ശേഖരത്തിൽ നിന്നു മറ്റുഭാഷകളും കണ്ടെത്തിയിരുന്നു.ഇവയെല്ലാം ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ നിഴലിൽ ജീവിച്ചിരുന്ന പ്രാദേശിക സമൂഹങ്ങളുടെ ഭാഷകളായിരുന്നു. 1650 മുതൽ 1200 വരെയുള്ള ബിസി കാലയളവിലാണ് ഹിറ്റൈറ്റുകൾ അനറ്റോളിയ ഭരിച്ചത്. സുപ്പിലുലിയുമാസ് ഒന്നാമനായിരുന്നു ഹിറ്റൈറ്റുകളിലെ ഏറ്റവും പ്രശസ്തനായ രാജാവ്. ഹിറ്റൈറ്റുകളുടെ രാജ്യത്തെ ഒരു പ്രബലമായ സാമ്രാജ്യമായി വളർത്തിയെടുത്തത് അദ്ദേഹമാണ്.
മറ്റുള്ള ഭാഷകളിലും വിവരങ്ങൾ രേഖപ്പെടുത്താൻ ഹിറ്റൈറ്റുകൾക്ക് താൽപര്യമായിരുന്നെന്ന് ആൻേ്രഡ ഷാക്‌നർ പറയുന്നു. ഹിറ്റൈറ്റ് രാജവംശത്തിനു കീഴിൽ ജോലിയെടുത്ത ഉദ്യോഗസ്ഥരായിരുന്നു ഇത് രേഖപ്പെടുത്തിയിരുന്നത്.