ADVERTISEMENT

പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ സംവിധാനങ്ങളിലൊന്നാണ് ബ്ലാക്ക്ഹോ‍ൾ അഥവാ തമോഗർത്തം. എന്നാൽ നമ്മുടെ പ്രപഞ്ചം തന്നെ ഒരു ഭീമൻ തമോഗർത്തത്തിലാണോ? ജയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെയൊരു സാധ്യത മുന്നോട്ടുവച്ചിരിക്കുകയാണ് ഗവേഷകർ. പ്രപഞ്ചത്തിലെ നക്ഷത്രസമൂഹങ്ങളിൽ മൂന്നിൽരണ്ട് എണ്ണം ഒരേദിശയിലും ബാക്കി എതിർദിശയിലുമാണ് തിരിയുന്നതെന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതെന്തു കൊണ്ടാണെന്നുള്ളതിന്റെ സാധ്യതകളിലൊന്നായാണ് ഒരു വലിയ തമോഗർത്തത്തിനുള്ളിലാകാം പ്രപഞ്ചമെന്ന സാധ്യത. നേരത്തെ തന്നെ തമോഗർത്തത്തിനുള്ളിലെ പ്രപഞ്ചം എന്ന ആശയം ചില ശാസ്ത്രജ്ഞർ പുലർത്തിയിരുന്നു. തമോഗർത്തങ്ങൾ പ്രപഞ്ചങ്ങളെ സൃഷ്ടിക്കുമെന്നും വാദമുയർത്തുന്നവർ ഉണ്ട്. ഏതായാലും സാധ്യത എന്നതിനപ്പുറം സ്ഥിരീകകരണം ഒന്നുമുണ്ടായിട്ടില്ല.

LISTEN ON

∙തമോഗർത്തങ്ങൾ
തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകുമെന്നറിയാമല്ലോ. ഒടുക്കം സൂപ്പർനോവ വിസ്‌ഫോടനം എന്ന ഭീകര സ്‌ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്‌ഹോളായിമാറുകയും ചെയ്യും.ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.

ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തമോഗർത്തം ഗയ്യ ബിഎച്ച്1 ആണ്. ഭൂമിയിൽ നിന്ന് 1560 പ്രകാശവർഷമകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു നക്ഷത്രവുമായി പങ്കാളിത്തം പുലർത്തിയാണ് ഈ തമോഗർത്തം നിലനിൽക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിനു സമാനമാണ് ഈ നക്ഷത്രവും തമോഗർത്തവും തമ്മിലുള്ള ദൂരം.

സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ചിത്രമെടുക്കാൻ ഗവേഷകർക്കു സാധിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലുള്ള കൊച്ചുകല്ലിന്റെ ചിത്രം ഭൂമിയിൽ നിന്നെടുക്കുന്നത്ര ദുഷ്‌കരമായ പ്രവൃത്തിയാണിതെന്ന് അന്ന് ശാസ്ത്രജ്ഞർ  ഉപമിച്ചിരുന്നു. 10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്‌പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്‌നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

നക്ഷത്രങ്ങളുടെ പരിണാമദശയ്‌ക്കൊടുവിലെ സൂപ്പർനോവ വിസ്‌ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്. എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്. അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്‌ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.

English Summary:

Is our universe inside a giant black hole? New James Webb Telescope data sparks debate among scientists. Explore the surprising clues and the mind-bending theory

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com