രണ്ടു വയസ്സ് വരെ കുട്ടികൾക്ക് ഒരു സ്ക്രീനും വേണ്ട!

Mail This Article
കുഞ്ഞ് ആദ്യത്തെ വാക്ക് ഉച്ചരിച്ച നിമിഷം ഓർമയുണ്ടോ ? മൂളലും കരച്ചിലും വിടർന്ന കണ്ണുമൊക്കെയാകും അതുവരെയുള്ള കുഞ്ഞിന്റെ ഭാഷ. അങ്ങനെ കാത്ത് കാത്തിരുന്നൊരു ദിവസം അമ്മ എന്നോ അബ്ബ എന്നോ ഒരു വാക്ക് പൂപോലെ പൊട്ടി വിടരും. എന്തൊരാനന്ദമാണ് ആ നിമിഷം. ഭാഷയിലേക്കുള്ള വാക്കിന്റെ ആദ്യ തിരി തെളിഞ്ഞു. ഒരു ചെരാതിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ ഒരായിരം വാക്കുകളിലൂടെയുള്ള ജീവിതയാത്രയുടെ തുടക്കം.കുറച്ച് നാൾ കഴിയുമ്പോൾ പല ഒറ്റവാക്കുകൾ കുഞ്ഞിച്ചുണ്ടിൽ വിരിയും. കാക്ക, പൂവ്, അപ്പ, അച്ച അങ്ങനെ നീളും ആ നിര. പിന്നെ, അമ്മേ, പാപ്പം എന്നിങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് പറയാൻ പഠിക്കും. ശരിയായ ഭാഷാപഠനം ആരംഭിക്കുന്നത് അഞ്ചു വയസ്സിനുള്ളിലാണ്. പറയുന്നത് മനസ്സിലാക്കാൻ കഴിയുക. അതിന് മറുപടി പറയാൻ കഴിയുക. എഴുതാനും വായിക്കാനും അറിയുക, വായിച്ച് മനസ്സിലാക്കാൻ കഴിയുക. ഇത്രയും കഴിവുകൾ ചേരുന്നതാണ് അടിസ്ഥാന ഭാഷാ പരിജ്ഞാനം. ഭാഷ വളരുമ്പോൾ സംസാരിക്കാനുള്ള ആത്മവിശ്വാസം കൂടും. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനം സംഭാഷണമാണ്. ഗുസ്തി പഠിപ്പിക്കുന്നതു പോലെ ആയാസമുള്ള കാര്യമാണ് കുട്ടികളെ ഭാഷ പഠിപ്പിക്കുന്നത് എന്ന് കരുതല്ലേ. പഠിപ്പിക്കുകയാണെന്ന് നമുക്കും തോന്നരുത്. പഠിക്കുകയാണെന്ന് കുട്ടിയും അറിയരുത്. കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ, നടക്കുമോ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. അതിനുള്ള വഴികളാണ് ഇനി പറയുന്നത്.
രണ്ടു വയസ്സ് വരെ കുട്ടികൾക്ക് ഒരു സ്ക്രീനും വേണ്ട
∙രണ്ടു വയസ്സ് വരെ കുട്ടികൾക്ക് ഒരു സ്ക്രീനും വേണ്ട. ടിവി, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെയൊന്നും. രണ്ടു വയസ്സുവരെ നേരിട്ടുള്ള സംഭാഷണങ്ങളിലൂടെ കുട്ടിയെ പഠിപ്പിക്കാം. അതു കഴിഞ്ഞ് ഒരു മണിക്കൂറിൽ താഴെ സ്ക്രീൻ ടൈം നൽകാം. മൂന്നു വയസ്സിനു ശേഷം ദിവസം പരമാവധി ഒന്നര മണിക്കൂർ.
∙ മീഡിയേറ്റഡ് സ്ക്രീൻ ടൈം നൽകാം. മാതാപിതാക്കൾ ഒപ്പമിരുന്ന് കാണുന്ന രീതി. വിഡിയോയിലെ കാഴ്ചകൾ ചർച്ച ചെയ്ത്, അതിലൂടെ കുട്ടികളെ ശ്രദ്ധ, ഭാഷ എന്നിവ പഠിപ്പിക്കാം. അതൊരു പഠന പ്രവർത്തനമാണെന്ന് രണ്ടു കൂട്ടർക്കും തോന്നുകയുമില്ല. കാർട്ടൂണിലെ കഥാപാത്രം വീഴുമ്പോൾ, അവൻ വീണല്ലേ, അവനു സങ്കടമായിക്കാണുമല്ലേ എന്നു പറയാം. വൈകാരികമായ മനസ്സിലാക്കൽ (Emotional learning) കൂടിയാണത്.
∙പല ഭാഷകളിലുള്ള വിഡിയോ കാണാം. മലയാളത്തിൽ ഉള്ളതാണെങ്കിൽ ചില വാക്കുകളുടെ ഇംഗ്ലിഷ് പറയാം. അതേ പോലെ തിരിച്ചും. എണ്ണം പഠിപ്പിക്കാനും സ്ക്രീൻ ടൈം ഉപകാരപ്പെടുത്താം. എത്ര കാർ പോയി ? എത്ര കുരങ്ങൻ ഉണ്ട് ? എന്നിങ്ങനെ വിഡിയോ കാഴ്ചകൾ കണക്കു പഠിക്കാൻ ഉപയോഗപ്രദമാക്കാം.
∙കുട്ടിക്കൊപ്പമിരുന്നു വിഡിയോ കാണുമ്പോൾ ചാടി ചാടി പല വിഡിയോസ് കാണാൻ അനുവദിക്കരുത്. ഈ കഥ കണ്ടിട്ട് ബാക്കി എന്നു പറയാം. ഒരുകാര്യം ആരംഭിച്ച് അതുപൂർത്തിയാക്കണമെന്ന കംപ്ലീഷൻ പാഠം പഠിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ ക്ലാസ് വർക് എഴുതുമ്പോഴും ഇതു സഹായിക്കും.
കഥയിലെ ചോദ്യങ്ങൾ
∙രണ്ടു വയസ്സു മുതൽ കുട്ടികൾക്ക് കഥ വായിച്ചുകൊടുക്കണം. കുട്ടികളുടെ ശ്രദ്ധ കൂട്ടാനുള്ള ഏറ്റവും നല്ല വഴിയാണ് കഥ പറഞ്ഞു കൊടുക്കുന്നത്. കഥയ്ക്കിടെ ചോദ്യങ്ങളും വേണം. പ്രായത്തിനനുസരിച്ചു വേണം ചോദ്യങ്ങൾ.
മൂന്നു വയസ്സുകാരനോട് ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ചോദ്യം മതി. ആമയും മുയലും ഓട്ടപ്പന്തയം നടത്തിയ കഥയാണെങ്കിൽ, ഓട്ടമത്സരത്തിൽ ജയിച്ചത് ആര് ? മത്സരത്തിനിടയിൽ ആരാണ് ഉറങ്ങിയത് എന്നു ചോദിക്കാം.
നാല് – അഞ്ചു വയസ്സുള്ള കുട്ടികളോട് ഇടയ്ക്ക് ചോദ്യം ചോദിക്കുന്നതിനൊപ്പം കഥയിൽ നിന്ന് എന്താണ് മനസ്സിലായത് എന്നു ചോദിക്കാം. ആറ് – ഏഴ് വയസ്സുള്ള മക്കളോട് കഥ അവസാനിച്ചശേഷം ഇനിയെന്ത് ഉണ്ടാകാം എന്നു ചോദിക്കാം. കുട്ടികളുടെ സങ്കൽപലോകം വളരട്ടെ.
∙കഥ പറയാൻ രസകരമായ വഴികൾ സ്വീകരിക്കാം. ബാലരമയോ കളിക്കുടുക്കയോ പോലുള്ള കുട്ടികളുടെ മാസികകളിൽ നിന്നു പടങ്ങൾ വെട്ടിയെടുക്കാം. ഇവ നിരത്തി വച്ച്, കുട്ടികളോട് കഥ ഉണ്ടാക്കാൻ പറയാം.
∙ സ്കൂളിൽ പോകാതെ ഓൺലൈനിൽ പ്രൈമറി ക്ലാസ് ചെലവഴിച്ച കുട്ടികൾക്ക് കേൾവിയിലൂടെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് (ഓഡിറ്ററി അറ്റൻഷൻ) കുറവാകാം. അധ്യാപകരുടെ മേൽനോട്ടം ഇല്ലാതിരുന്നതിനാൽ ക്ലാസ്സിനിടയിൽ കുട്ടികളുടെ ശ്രദ്ധ പതറിയിട്ടുണ്ടാകാം. ടീച്ചർ പറഞ്ഞതൊന്നും കേട്ടു മനസ്സിലാക്കിയിട്ടുമുണ്ടാകില്ല. കുട്ടികൾ മിടുക്കരാണ്, ബുദ്ധിയുള്ളവരുമാണ്. പക്ഷേ, ശ്രദ്ധയില്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടു പോകാം. ഇത്തരക്കാർക്കു പ്രത്യേക കരുതൽ നൽകണം.