ഒന്നു കുരച്ചാൽ നിങ്ങൾ ഞെട്ടി വിറയ്ക്കും, വിലകേട്ടാലും വിറയ്ക്കും!

Mail This Article
ആലപ്പുഴ∙ കോവിഡ് നിയന്ത്രണങ്ങൾക്കിടെ വളർത്തുനായ്ക്കുട്ടികൾക്കും ഇവയ്ക്കുള്ള തീറ്റയ്ക്കും വിലയേറുന്നു. പാർക്കുകളും മറ്റും അടച്ചതോടെ കുഞ്ഞുങ്ങൾക്കു വിനോദം എന്ന നിലയിലാണു കൂടുതൽപേരും ഓമനമൃഗങ്ങളെ പരിഗണിക്കുന്നത്. ലോക്ഡൗണിനു മുൻപുള്ളതിനെക്കാൾ ഇരട്ടിയോളമാണ് ആവശ്യക്കാരെന്ന് ആലപ്പുഴ ജില്ലയിലെ ഡോഗ് ബ്രീഡർമാർ പറയുന്നു.
ജില്ലയിൽ കെന്നൽ ക്ലബ്ബുകൾ ഇല്ലാത്തതിനാൽ കോട്ടയം, കൊല്ലം ക്ലബ്ബുകളിലാണു ജില്ലയിലെ ബ്രീഡർമാർ നായ്ക്കുട്ടികളെ റജിസ്റ്റർ ചെയ്യുന്നത്. പോമറേനിയൻ, ലാബ്രഡോർ ഡാഷ്ഹണ്ട്, ജർമൻ ഷെപ്പേഡ്, പഗ് തുടങ്ങിയവയ്ക്കാണു ജില്ലയിൽ ആവശ്യക്കാരേറെ. ഇതിൽ പഗ് കുഞ്ഞുങ്ങളെ കിട്ടാനില്ലെന്നു പെറ്റ് സ്റ്റോർ ഉടമകൾ പറയുന്നു. റോട്ട്‍വീലർ, ഗോൾഡൻ റിട്രീവർ, മാൾട്ടീസ്, ബീഗിൾ തുടങ്ങിയ ഇനങ്ങൾക്കു മോഹവിലയാണെന്നും കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ വാങ്ങാൻ ആളെത്തിയില്ലെങ്കിലോ എന്നു കരുതി വളർത്തു നായ്ക്കളെ ഇണ ചേർക്കുന്നത് പലരും കുറയ്ക്കുന്നതായും ഈ മേഖലയിലുള്ളവർ പറയുന്നുണ്ട്.

നായ്ക്കുട്ടികളുടെയും മത്സ്യങ്ങളുടെയും ദൗർലഭ്യം മൂലം ഇവയുടെ മാത്രം കച്ചവടം നടത്തിയിരുന്ന ചെറുകിടക്കാർ പ്രതിസന്ധിയിലാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഇവയെ എത്തിക്കാനുള്ള സംവിധാനങ്ങളുടെ കുറവാണു കാരണം.
വാക്സിനേഷൻ നിർബന്ധം
∙ വളർത്താനുള്ള ചെലവേറിയതോടെ പെഡിഗ്രി– വാക്സീൻ സർട്ടിഫിക്കറ്റുള്ള നായ്ക്കുട്ടികൾക്കു വിലയും കൂടി. 45 ദിവസമായാൽ ആദ്യ വാക്സീൻ നൽകിയ ശേഷമാണ് സാധാരണ കുഞ്ഞുങ്ങളെ വിൽക്കുന്നത്.
∙ കുഞ്ഞുങ്ങളുടെ ജീവന് അപകടമാകുന്ന 5 രോഗങ്ങൾക്കുള്ള വാക്സീൻ, ആന്റി റാബീസ് വാക്സീൻ എന്നിവയാണ് ആദ്യ ഒരുവർഷത്തിനകം എടുക്കേണ്ടത്.
∙ അംഗീകൃത വെറ്ററിനറി ഡോക്ടറുടെ ആന്റി റാബീസ് വാക്സീൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ വീടുകളിൽ ഇവയെ വളർത്താൻ അനുമതി ലഭിക്കൂ.
തീറ്റയ്ക്കു വിലയേറി
30 ദിവസത്തോളം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് സാധാരണ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്. വീടുകളിൽ ബ്രീഡിങ് നടത്തുന്നവർ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ അമ്മയിൽ നിന്നു മാറ്റി റെഡിമെയ്ഡ് ഭക്ഷണം നൽകിത്തുടങ്ങും. നേരത്തെ കിലോയ്ക്ക് 700 രൂപയായിരുന്ന ഇത്തരം ഭക്ഷണത്തിന്റെ വില. ഇപ്പോൾ 900–1000 രൂപയാകും. കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഉടമകളും ബ്രീഡർമാരും തയാറാകില്ല. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ വില തീരെക്കുറയും എന്നതാണ് കാരണം. ഒരു വയസ്സിലേറെ പ്രായമുള്ള നായ്ക്കൾക്കു മാത്രമാണ് മറ്റു ഭക്ഷണങ്ങൾ നൽകാറുള്ളതെന്ന് റോട്ട്‌വീലർ ബ്രീഡർ ഹരിപ്പാട് സ്വദേശി ജോബിൻ ജോസ് പറയുന്നു.