രാമചന്ദ്രൻ കൈമളിന്റെ ചായപ്പീടികയിൽ ‘പരീക്കുട്ടിയും കറുത്തമ്മയും’ വന്നു; പനിക്കെതിരായ പോരാട്ടത്തിന്
Mail This Article
തകഴി ∙ രാമചന്ദ്രൻ കൈമളിന്റെ ചായ പീടികയിൽ ഇന്നലെ പരീക്കുട്ടിയും കറുത്തമ്മയും വന്നു. തകഴി ശിവവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ കഥാപാത്രങ്ങൾ കഥാകാരന്റെ സ്വന്തം നാട്ടിലെ ചായക്കടയിലെത്തിയത് വ്യത്യസ്തമായൊരു ആരോഗ്യ ബോധവൽക്കരണത്തിനാണ്.ആരോഗ്യവകുപ്പിന്റെ,‘പീടികത്തിണ്ണയിൽ കുശലം പറയാം കുറച്ച് കാര്യവും’ എന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയാണ് കിഴക്കേ കരുമാടിയിൽ രാമചന്ദ്രൻ കൈമളിന്റെ ചായ പീടികയിൽ നടന്നത്.
പതിവ് ബോധവൽക്കരണ പോസ്റ്ററുകളിൽ നിന്നും നിന്നും വ്യത്യസ്തമായി ചെമ്മീനിലെ കറുത്തമ്മയും ഭാർഗവി നിലയത്തിലെ കഥാപാത്രങ്ങളും നർമരസം നിറഞ്ഞ സംഭാഷണങ്ങളിലൂടെ ആരോഗ്യ സന്ദേശം പങ്കിട്ടു. കറുത്തമ്മയും പരീക്കുട്ടിയും എലിപ്പനി ബോധവൽക്കരണ സന്ദേശങ്ങളാണ് അവതരിപ്പിച്ചത്. പനിക്ക് ചൂട് കട്ടൻ ചായ ചോദിക്കുന്ന പരീക്കുട്ടിയോട് എന്റെ കൊച്ചുമുതലാളീ - എന്തൊക്കെ പനികളാ, എലിപ്പനി ഡെങ്കിപ്പനി, വൈറൽപനി. പനി വെറുതേ വഷളാക്കണ്ട ഇന്ന് തന്നെ ഡോക്ടറെ കാണണം എന്നു പറയുന്ന കറുത്തമ്മ സ്വയം ചികിത്സ പാടില്ല എന്ന ആരോഗ്യ സന്ദേശവും നൽകി.
പാടശേഖരങ്ങളും കൃഷി സ്ഥലങ്ങളും കൂടുതലുള്ള സ്ഥലമായതിനാൽ എലിപ്പനിയായിരുന്നു പ്രധാന ചർച്ച വിഷയം. പുരുഷൻമാരാണ് പീടിക തിണ്ണയിൽ കൂടുതലും ഒത്തുചേർന്നത്. ബോധവൽക്കരണ ക്ലാസുകളിൽ പുരുഷ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിലെ ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ വിങ് തയാറാക്കിയതാണ് പരിപാടി. പ്രധാന ആരോഗ്യ വിഷയങ്ങൾ ചർച്ചയാകുകയും പ്രതിരോധ ശീലങ്ങൾ വളർത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
തകഴി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.ടി. പ്രീതി, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫിസർ ഇൻ ചാർജ് ജി. രജനി, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു വിജയകുമാർ, ജയചന്ദ്രൻ, എജ്യുക്കേഷൻ മീഡിയ ഡപ്യൂട്ടി ഓഫിസർ ഐ. ചിത്ര, ഹെൽത്ത് ഇൻസ്പെക്ടർ ജെ. ഷിജി മോൻ, മഞ്ജു, ജയശ്രീ, സുഷമ കൃഷ്ണ എന്നിവർ പങ്കെടുത്തു.