തിരുവൈരൂർ മഹാദേവർ ക്ഷേത്രം: നിർവൃതിയേകി ചുനക്കര ആറാട്ട്

Mail This Article
ചാരുംമൂട്∙ കലയും ഭക്തിയും സമന്വയിപ്പിക്കുന്ന കെട്ടുകാഴ്ചകളുടെ വർണപ്പൊലിമയിൽ ചുനക്കര ആറാട്ട് ഭക്തസഹസ്രങ്ങൾക്ക് നിർവൃതിയേകി. ഓണാട്ടുകരയുടെ ദൃശ്യഭംഗി നിറയുന്ന കെട്ടുത്സവങ്ങൾക്ക് തുടക്കം കുറിച്ച് ഇന്നലെ ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ചകളുടെ ദർശനപുണ്യം തേടി പുലർച്ചെ മുതൽ തന്നെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളെത്തി.
ഉച്ചയ്ക്ക് രണ്ടോടെ ചുനക്കര തെക്ക്, കരിമുളയ്ക്കൽ, കോമല്ലൂർ, ചുനക്കര നടുവിൽ, ചുനക്കര വടക്ക്, ചുനക്കര കിഴക്ക് കരകളിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള കെട്ടുകാഴ്ചകളുടെ വരവ് തുടങ്ങി. ഓരോ കരയിൽ നിന്നും ഒന്നിൽ കൂടുതൽ ജോഡി കാളകൾ താളമേളങ്ങൾ, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ, ഗജവീരന്മാർ, ചെണ്ടമേളം, പമ്പമേളം, അമ്മൻകുടം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിന് സമീപമുള്ള കളിക്കണ്ടത്തിലെത്തി ആറ് മണിയോടെ നിരന്നു.
തുടർന്നു തിരുവൈരൂർ മഹാദേവൻ ജീവതയിൽ കളിക്കണ്ടത്തിലെത്തി ജോഡി കാളകളെ അനുഗ്രഹിച്ചു. കരകളുടെ ക്രമത്തിൽ കെട്ടുകാഴ്ചകൾ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി തിരുവൈരൂർ സന്നിധിയിലേക്ക് നീങ്ങി. ക്ഷേത്രത്തിലെത്തിയ കെട്ടുകാഴ്ചകൾ കരകളുടെ മുറപ്രകാരം ക്ഷേത്രത്തിന് മൂന്ന് വലംവച്ച ശേഷം മഹാദേവരുടെ അനുഗ്രഹം വാങ്ങി ക്ഷേത്രത്തിൽ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. തുടർന്നു കൊടിയിറക്കി.