പൂത്തോട്ട തോട്ടിലെ മാലിന്യം നീക്കിത്തുടങ്ങി

Mail This Article
ചേർത്തല ∙ പൂത്തോട്ട തോടിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി. നഗരത്തിലെ 4, 11 വാർഡുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പൂത്തോട്ട തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നതോടെ പ്രദേശത്ത് ദുർഗന്ധം വ്യാപിച്ചിരുന്നു. വേനലാകുന്നതോടെ ജലനിരപ്പ് താഴുമെന്നതിനാൽ അടിഞ്ഞുകൂടിയ ചെളിയുടെയും മാലിന്യത്തിന്റെയും ദുർഗന്ധം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കുമെന്നും നഗരസഭയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
ചേർത്തല ടിബി കനാലിൽ നിന്ന് വാരനാട് ഭാഗത്ത് വേമ്പനാട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് തോട്. പൂത്തോട്ട പാലത്തിനു പടിഞ്ഞാറു ഭാഗത്ത് ഒരു കിലോമീറ്ററോളം ഭാഗത്താണ് മാലിന്യം നിറഞ്ഞു കിടന്നിരുന്നത്. നഗരപരിധി മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ചേലൊത്ത ചേർത്തല’ പദ്ധതിക്ക് തോട്ടിലെ മാലിന്യം തിരിച്ചടിയായിരുന്നു. രാത്രി സമയങ്ങളിൽ അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കുകളിലായി കൊണ്ടുവന്നു തോട്ടിൽ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.