പൊതുജന പങ്കാളിത്തത്തോടെ കർമപദ്ധതി നടപ്പാക്കുമെന്നു ജില്ലാ പൊലീസ് മേധാവി ലഹരിക്കെതിരെ ജനകീയ കർമപദ്ധതി

Mail This Article
എടത്വ ∙ നാടിനെ വരിഞ്ഞുമുറുക്കുന്ന ലഹരിവല പൊട്ടിച്ചെറിയാൻ പൊതുജന പങ്കാളിത്തത്തോടെയുള്ള കർമപദ്ധതി നടപ്പാക്കുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. വീണ്ടെടുക്കാം നല്ല കേരളം’ എന്ന ആശയവുമായി മലയാള മനോരമ സംഘടിപ്പിക്കുന്ന ജനകീയ ദൗത്യത്തിന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരിവിരുദ്ധ ബോധവൽക്കരണം, ലഹരിക്കടിപ്പെട്ടവരുടെ ചികിത്സ, പുനരധിവാസം, ലഹരിവേട്ട എന്നിവ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ലഹരിമോചന കേന്ദ്രങ്ങൾ ആരംഭിക്കും.ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. മഹാദുരന്തങ്ങളെ ഒന്നിച്ചുനിന്ന അതിജീവിച്ച കേരളത്തിന് ലഹരിവ്യാപനത്തെയും കീഴടക്കാനാകാകുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവ്യാപനം തടയാൻ മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ദൗത്യത്തിലെ ജില്ലയിലെ രണ്ടാമത്തെ പരിപാടിയായിരുന്നു ഇന്നലെ നടന്ന കൂട്ടായ്മ. എടത്വ ജോർജിയൻ പബ്ലിക് സ്കൂളിന്റെയും എടത്വ വെഎംസിഎയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സാക്കിർ ഹുസൈൻ അധ്യക്ഷത വഹിച്ചു.എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് കാരേകാട്, എടത്വ വൈഎംസിഎ പ്രസിഡന്റ് ഐസക്ക് രാജു, സെക്രട്ടറി പ്രസാദ് പി.വർഗീസ്, മലയാള മനോരമ ചീഫ് റിപ്പോർട്ടർ ജിതിൻ ജോസ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ സബ് എഡിറ്റർ കാവ്യ ഉഷ മോഡറേറ്റായിരുന്നു.ലഹരി ഉപയോഗത്തിന്റെയും വിതരണത്തിന്റെയും നിയമവശങ്ങളെക്കുറിച്ച് എക്സൈസ് അസി.കമ്മിഷണറും ജില്ലാ വിമുക്തി കേന്ദ്രം മാനേജരുമായ ഇ.പി.സിബി, കുട്ടികളിലെ ലഹരി ഉപയോഗം നേരത്തേ കണ്ടെത്തി അവരെ നേർവഴിക്ക് നയിക്കുന്നതിനെക്കുറിച്ച് കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് ഡോ.ഗംഗ കൈലാസ് എന്നിവർ ക്ലാസെടുത്തു.
ലഹരിക്കെതിരെ അഞ്ചിന കർമ പദ്ധതി
ലഹരിവ്യാപനം തടയാൻ പൊതുജന പങ്കാളിത്തതോടെയുള്ള അഞ്ചിന കർമപദ്ധതിയാണ് പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.
1. ജനകീയ ബോധവൽക്കരണം: തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, മത, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർക്കുള്ള ബോധവൽക്കരണം. ലഹരിവിരുദ്ധ ക്ലബ്ബുകളുടെ രൂപീകരണം, ലഹരിക്കെതിരെയുള്ള സാംസ്കാരിക പരിപാടികൾ.
2. സമൂഹമാധ്യമ പ്രചാരണം: ലഹരിക്കെതിരെയുള്ള റീൽസ്, ഹാഷ് ടാഗ് ക്യാംപെയ്ൻ എന്നിവ.
3. കുടുംബങ്ങളിലും ജോലി സ്ഥലങ്ങളിലും ബോധവൽക്കരണം, കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താനും അവരെ നേർവഴിക്കു നയിക്കാനും രക്ഷിതാക്കൾക്കു പരിശീലനം
4. നിയമനടപടികളും പുനരധിവാസവും: ലഹരിസംഘങ്ങളെ നിരീക്ഷിക്കാനും വിവരം നൽകാനും ജനങ്ങളുടെ സഹായം, സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ, ലഹരി മോചന, പുനരധിവാസ കേന്ദ്രങ്ങൾ
5. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ അധ്യാപകർക്കു പരിശീലനം. കലാ,കായിക ഇനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കൽ.