സിറ്റിഗ്യാസ് പദ്ധതി ആര്യാട് എണ്ണൂറോളം വീടുകളിൽ കണക്ഷനായി

Mail This Article
കലവൂർ ∙ ആര്യാട് പഞ്ചായത്തിലെ ആദ്യ ഗ്യാസ് കണക്‌ഷന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. ദേശീയപാതവികസനവും പൈപ്പിലൂടെ ഗ്യാസ് വീട്ടിലെത്തിക്കുന്നതും സർക്കാരിന്റെ സ്വപ്ന പദ്ധതികളാണ്.അതേസമയം പൈപ്പിടുന്നതിന് റോഡ് പൊളിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്വവും കരാർ കമ്പനി കാണിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ ഉടനെയൊന്നും റോഡുകൾ പുനർനിർമിക്കുവാൻ സാധിക്കില്ല. നിലവിലുള്ള ദേശീയപാത നിലവാരത്തിലുള്ള റോഡുകൾ എത്രയും വേഗം പൂർവ സ്ഥിതിയിലാക്കണമെന്നും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ജി.ബിജുമോൻ, ഷീന മോൾ, അജിത് വി.നാഗേന്ദ്രൻ, നിതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
എണ്ണൂറോളം വീടുകളിലും ഏപ്രിൽ 30നകം കണക്‌ഷൻ
കലവൂർ ∙ പൈപ്പിലൂടെ വീടുകളിൽ പാചകവാതകം എത്തിക്കുന്ന പദ്ധതിയിൽ ആര്യാട് പഞ്ചായത്തിൽ ഒന്നു മുതൽ 4 വരെയുള്ള വാർഡുകളിലാണ് ആര്യാട് പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകുന്നത്. നിലവിൽ എണ്ണൂറോളം വീടുകളിൽ കണക്‌ഷൻ നൽകിയിട്ടുണ്ട്. പൈപ്പ് ലൈൻ വലിച്ച എണ്ണൂറോളം മറ്റ് വീടുകളിലും ഏപ്രിൽ 30നകം കണക്‌ഷൻ നൽകും. ഇവരുടെ വീടുകളിൽ നിലവിലുള്ള എൽപിജി സ്റ്റൗ പ്രകൃതിവാതകത്തിലേക്ക് മാറ്റുന്ന ജോലികളും കരാർ കമ്പനി ജീവനക്കാർ തന്നെയാണ് സൗജന്യമായി ചെയ്തു നൽകുന്നത്.
ആദ്യഘട്ടത്തിൽ റജിസ്റ്റർ ചെയ്തവർക്ക് 1000 രൂപ മാത്രം അടച്ചാൽ മതി. എന്നാൽ പുതിയ അപേക്ഷകർ മൊത്തം 6750 രൂപ അടയ്ക്കണം. ഇത് ആദ്യ തവണ 1104 രൂപയും പിന്നീട് 24 മാസം 250 രൂപ വീതം ഇഎംഐ ആയുമാണ് നൽകേണ്ടത്. കരുതൽ നിക്ഷേപമായി വാങ്ങുന്ന പണം പിന്നീട് കണക്‌ഷൻ ഉപേക്ഷിച്ചാൽ മടക്കി നൽകും.ഇതിൽ അപേക്ഷ ഫീസായി വാങ്ങുന്ന 354 രൂപ തിരികെ കിട്ടില്ല. കണക്‌ഷൻ നൽകി കഴിഞ്ഞാൽ മാസന്തോറും മീറ്റർ റീഡർ എത്തി ബില്ല് നൽകും. ഒരു യൂണിറ്റിന് അൻപത് രൂപയോളമാണ് നിരക്ക്. ഒരു യൂണിറ്റ് എന്നാൽ ഒരു മീറ്റർ ക്യൂബെന്നതാണ് അളവ്. നിലവിലെ എൽപിജി ഗ്യാസിനേക്കാൾ ഗാർഹിക ഉപഭോക്താക്കൾക്ക് 20 ശതമാനവും വ്യാവസായിക ഉപഭോക്താക്കൾക്ക് 60 ശതമാനവും കുറവുണ്ടെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.