ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പോക്കറ്റടി പതിവാകുന്നു

Mail This Article
ചെങ്ങന്നൂർ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പോക്കറ്റടി പതിവാകുന്നു. സ്റ്റാൻഡിൽ രാത്രിയായാൽ ബസുകൾ പ്രവേശിക്കാത്തതിനാൽ വെളിയിലെ പെട്രോൾ പമ്പിന് മുൻപിൽ നിന്നാണ് ആളുകൾ വാഹനത്തിൽ കയറുന്നത്. ഇങ്ങനെ കയറുമ്പോൾ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് പോക്കറ്റടി പതിവാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി ഒരു മെഡിക്കൽ വിദ്യാർഥിയുടെ പോക്കറ്റടിച്ചു.
രണ്ടായിരം രൂപയും എടിഎം കാർഡും ആധാർ ഉൾപ്പെടെയുള്ള പ്രധാന രേഖകളും നഷ്ടമായി. പത്തനംതിട്ട സീയോൻ മെഡിക്കൽ കോളജിൽ പഠിക്കുന്ന ന്യൂഡൽഹി സ്വദേശിയുടെ പഴ്സാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇവിടെ പോക്കറ്റടി നടന്നതായി സമീപത്തെ പെട്രോൾ പമ്പ് ഉടമ പറഞ്ഞു. നാട്ടിൽ പോയിട്ട് മടങ്ങി കോളജിലേക്ക് എത്തുകയായിരുന്ന വിദ്യാർഥികളിൽ ഒരാളുടെ പഴ്സാണ് മോഷണം പോയത്.
ന്യൂഡൽഹിയിൽ പോക്കറ്റടി പതിവാണെങ്കിലും കേരളത്തിൽ ഇത് ആദ്യ അനുഭവമാണെന്ന് വിദ്യാർഥി പറഞ്ഞു. മേഖകളെങ്കിലും തിരികെ ലഭിച്ചാൽ മതിയെന്ന് സങ്കടത്തോടെ വിദ്യാർഥി പറയുന്നു. പോലീസിന്റെ തുണ ആപ്പിൽ പരാതി റജിസ്റ്റർ ചെയ്യാൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ അധികൃതർ വിദ്യാർഥിയോട് ആവശ്യപ്പെട്ടു.