അപ്പർകുട്ടനാട്ടിൽ സ്വർണശോഭ: കൊയ്ത്തിനൊരുങ്ങി പാടശേഖരങ്ങൾ

Mail This Article
മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങൾ കൊയ്ത്തിനു സജ്ജമായി. 31ന് കൊയ്ത്തു തുടങ്ങുമെന്ന് പാടശേഖര സമിതികൾ അറിയിച്ചു. അപ്പർകുട്ടനാട്, ഓണാട്ടുകര മേഖലകളിൽ ഉൾപ്പെട്ട ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ കർഷകർ നാലര മാസം മുൻപ് കൃഷിയിറക്കിയ പാടങ്ങളാണ് കൊയ്ത്തിനു ഒരുങ്ങിയത്.വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് കർഷകരും പാടശേഖര സമിതികളും. കുറഞ്ഞ ചെലവിൽ കൊയ്ത്ത് യന്ത്രം ലഭിക്കുന്നതിനായി പാടശേഖര സമിതികൾ കൃഷി ഭവനെയും പാഡി മാർക്കറ്റിങ് വിഭാഗത്തിനെയും സമീപിച്ചു. കഴിഞ്ഞ വർഷം കൊയ്ത്ത് യന്ത്രത്തിനു മണിക്കൂറിനു 1900 രൂപയായിരുന്നു കൂലി. ഈ വർഷം 2100 രൂപ ആയിരിക്കുമെന്ന് കൊയ്ത്ത് യന്ത്രം എത്തിക്കുന്ന ഏജൻസികൾ മുൻകൂട്ടി അറിയിച്ചു. മുൻകാലങ്ങളിൽ ഒന്നര മണിക്കൂറു കൊണ്ട് ഒരേക്കർ കൊയ്യുന്ന സ്ഥാനത്ത് ഇന്ന് മൂന്നു മണിക്കൂറു കൊണ്ടു പോലും കൊയ്തു തീരില്ല എന്നതാണ് അപ്പർകുട്ടനാടൻ പാടശേഖരങ്ങളും കർഷകരും നേരിടുന്ന വെല്ലുവിളി.കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച കൃഷിക്ക് സർക്കാരിൽ നിന്ന് ലഭിച്ച വിത്ത് കിളിർക്കാതെ വന്നതോടെ ഒന്നര മാസത്തോളം താമസിച്ചാണ് അടുത്ത വിത്ത് ലഭിച്ചത്.
വീണ്ടും നിലമൊരുക്കി നവംബർ 20ന് ശേഷം വിതയ്ക്കുകയും നടുകയും ചെയ്തെങ്കിലും ഡിസംബറിൽ പെട്ടെന്നുണ്ടായ പേമാരിയും വെള്ളപ്പൊക്കത്തിലും 2 തവണ മടവീഴ്ച ഉണ്ടായി. പാടശേഖരത്തിലെ പാക്കു തറകൾ വരെ പേമാരിയിൽ മുങ്ങി. കൂടാതെ ഡിസംബറിൽ ഉണ്ടായ 2 വെള്ളപ്പൊക്കത്തിലും നെൽച്ചെടിയെ സംരക്ഷിച്ചു നിർത്തുന്നതിൽ പാടശേഖര സമിതികൾക്ക് ഭാരിച്ച സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് കൃഷി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ കൂടിയ യോഗത്തിൽ പാടശേഖരസമിതിയുടെ പ്രതിനിധി അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു സഹായവും പാടശേഖരസമിതിക്കോ കർഷകർക്കോ ലഭിച്ചിട്ടില്ലെന്ന് 9 ാം ബ്ലോക്ക് പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ, സെക്രട്ടറി സന്തോഷും പറഞ്ഞു.നെല്ലു കൊണ്ടു പോയി മാസങ്ങൾ കഴിഞ്ഞാണ് കർഷകർക്കു പണം ലഭിച്ചതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ നൂറുമേനി വിളവാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും പ്രതീക്ഷിക്കുന്നത്. ഇത്തവണയെങ്കിലും കർഷകർക്ക് സന്തോഷിക്കാൻ വകയുണ്ടാകുമെന്നാണ് പ്രതീക്ഷ.