‘മണ്ണ് മറിച്ചുവിറ്റ സംഭവം: ശിക്ഷാ നടപടി സ്വീകരിക്കണം’

Mail This Article
മഞ്ഞപ്ര ∙ പഞ്ചായത്തിൽ മണ്ണ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടാക്കിയവർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്തിന് നഷ്ടപ്പെട്ട തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നിയമപരമായി എതിർക്കും. സമരം സംഘടിപ്പിക്കുമെന്നും മഞ്ഞപ്ര പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സിജു ഈരാളി അറിയിച്ചു. 1, 2, 5 വാർഡുകളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി തോടിന്റെ വശങ്ങളിൽ വാരിയിട്ടിരുന്ന എക്കൽമണ്ണ് ചാറ്റുപാടത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് ടെൻഡർ വിളിച്ചിരുന്നു.
ഇതിന്റെ മറവിൽ ടെൻഡർ ലഭിച്ചയാൾ മണ്ണ് പഞ്ചായത്തിന്റെ സ്ഥലത്ത് നിക്ഷേപിക്കാതെ കടത്തിക്കൊണ്ടുപോയി സ്വകാര്യ വ്യക്തികൾക്ക് മറിച്ച് വിറ്റെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം. മണ്ണ് മറിച്ചുവിറ്റതിലൂടെ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തട്ടിപ്പിനെതിരെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാതെ ടെൻഡറെടുത്ത കരാറുകാരന് മുഴുവൻ തുകയും കൈമാറിയെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.