കൊച്ചിയിലെ ഹജ് ക്യാംപ് ഇന്നുമുതൽ
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുള്ള ഹജ് ക്യാംപ് ഇന്നു പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 3ന് മന്ത്രി പി.രാജീവ് ക്യാംപ് ഉദ്ഘാടനം ചെയ്യും. ആദ്യ വിമാനം നാളെ രാവിലെ 11.30ന് മന്ത്രി വി.അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന 405 തീർഥാടകർ ഇന്നു രാവിലെ മുതൽ ക്യാംപിലെത്തിത്തുടങ്ങും.
21 വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ സർവീസുകൾ. 7, 9, 10, 12, 14, 21 തീയതികളിൽ ദിവസവും രാവിലെ 11.30ന് വിമാനം ജിദ്ദയിലേയ്ക്ക് പുറപ്പെടും. 405 യാത്രക്കാരാണ് ഓരോ വിമാനത്തിലും. 2244 തീർഥാടകരാണ് ഈ വർഷം കൊച്ചിയിൽ നിന്നു പുറപ്പെടുന്നത്. ഇതിൽ 1341 സ്ത്രീകളും 903 പുരുഷൻമാരുമുണ്ട്. ഇതിൽ 163 തീർഥാടകർ ലക്ഷദ്വീപിൽ നിന്നുള്ളവരാണ്.
ഹജ് ക്യാംപിലെ ഒരുക്കങ്ങൾ ഇന്നലെ കലക്ടർ എൻ.എസ്.കെ.ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഹജ് കമ്മിറ്റി അംഗം കെ.സഫർ കയാൽ, എക്സിക്യുട്ടീവ് ഓഫിസർ പി.എം.ഹമീദ്, ഹജ് സെൽ ഓഫിസർ എം.ഐ.ഷാജി, ക്യാംപ് കോഓർഡിനേറ്റർ ടി.കെ.സലിം, എയർപോർട്ട് ഡയറക്ടർ ജി.മനു തുടങ്ങിയവർ പ്രസംഗിച്ചു.
തീർഥാടകർ 24 മണിക്കൂർ മുൻപ് എത്തണം
നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കാൻ കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുന്ന തീർഥാടകരെ വരവേൽക്കാൻ നെടുമ്പാശേരിയിലെ ഹജ് ക്യാംപ് സജ്ജമായി. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപേ തീർഥാടകർ ക്യാംപിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
രാജ്യാന്തര ടെർമിനലിൽ ആണ് തീർഥാടകരുടെ റജിസ്ട്രേഷന് സൗകര്യം. അവിടെത്തന്നെ ലഗേജുകൾ ചെക്ക്–ഇൻ ചെയ്യാനായി വിമാനക്കമ്പനിക്ക് കൈമാറിയ ശേഷം തീർഥാടകരെ പ്രത്യേക ബസിൽ ക്യാംപിലെത്തിക്കും. കാത്തിരിപ്പ് പട്ടികയിലെ 1432 നമ്പർ വരെയുള്ളവർക്ക് ഇതുവരെ യാത്രയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള തീർഥാടകർക്കൊപ്പം ലക്ഷദ്വീപിൽ നിന്നുള്ള 163 പേരും തമിഴ്നാട്ടുകാരായ 52 പേരും ഹരിയാനയിൽ നിന്നുള്ള 2 പേരുമാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്. ഇവരുടെ സഹായത്തിനായി 6 വൊളന്റിയർമാരും പുറപ്പെടുന്നുണ്ട്.
നെടുമ്പാശേരിയിൽ നിന്ന് ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തുന്ന തീർഥാടകർ ഹജ് കർമത്തിന് ശേഷമാണ് മദീനയിൽ എത്തുക. മദീന വിമാനത്താവളത്തിൽ നിന്നാണ് ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര. ഇന്ന് ഹജ് ക്യാംപ് ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വിവിധ ജനപ്രതിനിധികൾ, സമുദായ നേതാക്കൾ എന്നിവർ പങ്കെടുക്കും.
സിയാൽ അക്കാദമി കെട്ടിടം സർവസജ്ജം
നെടുമ്പാശേരി ∙ വിമാനത്താവളത്തിന് സമീപം സിയാൽ അക്കാദമി കെട്ടിടത്തിലും അനുബന്ധ പന്തലിലുമാണ് ഹജ് ക്യാംപ്. ഹജ് കമ്മിറ്റി ഓഫിസ്, ഹജ് സെൽ, തീർഥാടകരുടെ താമസ സൗകര്യം, മോഡേൺ മെഡിസിൻ, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സൗകര്യങ്ങൾ എന്നിവ അക്കാദമി കെട്ടിടത്തിലാണ്.
ഇതു കൂടാതെ 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ താൽക്കാലിക പന്തലും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഒരേ സമയം 600 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം, 600 പേർക്ക് ഇരിക്കാൻ കഴിയുന്ന അസംബ്ലി ഹാൾ, ഭക്ഷണ ശാല, തീർഥാടകർക്കും വൊളന്റിയർമാർക്കുമുള്ള വിശ്രമ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. ക്യാംപിന്റെ സുഗമമായ പ്രവർത്തനത്തിന് 64 വനിതകളടക്കം 160 സന്നദ്ധ പ്രവർത്തകരെ വൊളന്റിയർമാരായി നിയമിച്ചിട്ടുണ്ട്. ഇവർ ഇന്നലെ ക്യാംപിൽ എത്തി.
ഹജ് സെൽ ഓഫിസറുടെ ചുമതലയുള്ള തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ഐ.ഷാജിയുടെ നേതൃത്വത്തിൽ 26 അംഗ ഉദ്യോഗസ്ഥ സംഘവും പ്രവർത്തന സജ്ജമായി. തീർഥാടകരുടെ യാത്ര സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ക്രമീകരിക്കുന്നത് ഹജ് സെല്ലിലാണ്.