വെള്ളക്കെട്ട് മേഖലകളിൽ കലക്ടറുടെ സന്ദർശനം

Mail This Article
കൊച്ചി ∙ ഇന്നലെ മഴ മാറി നിന്നതിനാൽ നഗരത്തിലെ ജനങ്ങളെ വെള്ളക്കെട്ട് കാര്യമായി ബാധിച്ചില്ല. വൈകിട്ടാണ് മഴ അൽപം കനത്തത്. മരങ്ങൾ വീണതുമായി ബന്ധപ്പെട്ട് അഗ്നിശമന സേനയ്ക്കു ലഭിച്ചത് 6 ഫോൺ വിളികളാണ്. പാലച്ചുവട്, പടമുകൾ ഭാഗത്തെ ഇന്ദിര ജംക്‌ഷനിൽ രാവിലെ ഒൻപതരയോടെ മരം കടപുഴകി. തൃക്കാക്കരയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണു മാറ്റിയത്.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് എത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സമീപത്തെ പെട്ടിയും പറയും, വിവേകാനന്ദ തോട്, എംജി റോഡിൽ പത്മയ്ക്കു സമീപം കാന വൃത്തിയാക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണു കലക്ടർ സന്ദർശനം നടത്തി വിലയിരുത്തിയത്. നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന ജോലി മുടങ്ങാതെ തുടരാൻ കോർപറേഷൻ അധികൃതർക്കു കലക്ടർ നിർദേശം നൽകി.
ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാരായ ഗോവിന്ദ് പത്മനാഭൻ, എ.ജി. സുനിൽകുമാർ, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ. ബിജോയ്, അസി. എക്സി. എൻജിനീയർ കെ.ജി. സുരേഷ്, മൈനർ ഇറിഗേഷൻ അസി. എക്സി. എൻജിനീയർ ആർ.രമ്യ, പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സി. എൻജിനീയർ സി.എം.സ്വപ്ന, അസി. എൻജിനീയർ സി.ടി. ശ്രീദേവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജില്ലയിൽ നിലവിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലായി രണ്ടു ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ഇവിടെയാകെ 31 പേരുണ്ട്. കൊച്ചി താലൂക്കിൽ കണ്ണമാലി സെന്റ് ആന്റണീസ് എൽപി സ്കൂൾ, കണയന്നൂർ താലൂക്കിൽ കാക്കനാട് സെന്റ് മേരീസ് മലങ്കര ചർച്ച് ഹാൾ എന്നിവിടങ്ങളിലാണു ക്യാംപുകൾ.