ദേശീയപാത 66 നിർമാണം: 57 ശതമാനം പൂർത്തിയായി; മണ്ണിന്റെയും കല്ലിന്റെയും ദൗർലഭ്യം തുടരുന്നു

Mail This Article
പറവൂർ ∙ ജില്ലയിൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ നടക്കുന്ന ദേശീയപാത – 66ന്റെ നിർമാണപ്രവർത്തനങ്ങൾ 57 ശതമാനം പൂർത്തിയായി. പക്ഷേ, മണ്ണിന്റെയും കല്ലിന്റെയും ദൗർലഭ്യം ഇപ്പോഴും തുടരുകയാണ്.2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം രണ്ടര വർഷം പിന്നിട്ടിട്ടും കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡിന് കല്ല് എടുക്കാൻ ക്വാറി ലഭിച്ചിട്ടില്ല. അടുത്തിടെ സർക്കാർ ചാലക്കുടിയിൽ ക്വാറി അനുവദിച്ചെങ്കിലും അവിടെ നിന്നു കല്ല് എടുക്കുന്നതിനു മുന്നോടിയായുള്ള തുടർനടപടികൾ പൂർത്തിയായിട്ടില്ല. നിർമാണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കരാർ കമ്പനി ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല.
മണ്ണെടുക്കുന്നതിനു ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നു. ഹൈവേ പോലുള്ള നിർമാണത്തിനു മണ്ണെടുക്കാൻ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന നോട്ടിഫിക്കേഷൻ ഈ മാസം 17നു മിനിസ്ട്രി ഓഫ് എൻവയൺമെന്റ്, ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്.മൂത്തകുന്നം – ഇടപ്പള്ളി റീച്ചിൽ പ്രധാനപാലങ്ങൾ, മേൽപാലങ്ങൾ തുടങ്ങിയവയുടെ ഘടന പൂർത്തിയായി. അടിപ്പാത നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഇനി പ്രധാനമായും റോഡാണ് വരേണ്ടത്. റോഡ് നിർമാണത്തിന് കല്ലും മണ്ണും ധാരാളം വേണം. മഴക്കാലമായാൽ നിർമാണം സ്തംഭിക്കും. അതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ദേശീയപാത നിർമാണം നീണ്ടുപോകും.
2025 ഏപ്രിലിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണു നിർമാണം തുടങ്ങിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വർഷം തീരാൻ സാധ്യതയില്ല. 2026 മാർച്ച് വരെയെങ്കിലും നീളുമെന്നാണു സൂചന. നിർമാണം സുഗമമാകണമെങ്കിൽ മണ്ണിന്റെയും കല്ലിന്റെയും ലഭ്യത ഉറപ്പാക്കണം. ദേശീയപാത പൂർത്തിയാകുന്നതോടെ യാത്രാസൗകര്യങ്ങൾ വർധിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കാൻ പരമാവധി 8 മണിക്കൂർ മതി. കന്യാകുമാരി മുതൽ പനവേൽ വരെ നീളുന്ന ഈ ദേശീയപാത രാജ്യത്തെ ഏറ്റവും നീളമുള്ള ദേശീയപാതയാണ്. ട്രാഫിക് സിഗ്നലുകൾ ഇല്ലെന്നത് ഇതിലൂടെയുള്ള യാത്ര സുഖപ്രദമാക്കും.